കൊച്ചി: സുപ്രീം കോടതി ഉത്തരവിലൂടെ മരട് മിഷൻ സർക്കാർ വിജയകരമായി നടപ്പാക്കിയെങ്കിലും തുടർ നടപടികൾ ഇനിയും ഏറെയുണ്ട്. എഴുപതിനായിരം ടൺ കോൺക്രീറ്റ് മാലിന്യമാണ് 70 ദിവസങ്ങൾക്കുളളിൽ നീക്കം ചെയ്യേണ്ടത്. ഫ്ളാറ്റുകളിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി സുപ്രീം കോടതി നിർദേശിച്ച നടപടികളും ഉടൻ സർക്കാരിന് പൂർത്തിയാക്കേണ്ടി വരും. ഇത് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിക്കുന്ന സ്ഥിതിക്ക് പ്രത്യേകിച്ച്.

സുപ്രീം കോടതി കണ്ണുരുട്ടിയതോടെ മരടിലെ ഫ്ലാറ്റുകൾ സർക്കാർ പൊളിച്ചുനീക്കിയെങ്കിലും മിഷൻ മരട് അവസാനിക്കുന്നില്ല. നാലു ഫ്ളാറ്റുകളിലേയും കോൺ ക്രീറ്റ് അവശിഷ്ടങ്ങൾ ഉടൻ നീക്കിത്തുടങ്ങണം. എങ്കിലേ, ഫ്ളാറ്റുകൾക്ക് തൊട്ടടുത്തുള്ളവർക്ക് അവരവരുടെ വീടുകളിലേക്ക് മടങ്ങാനാകൂ. നിലവിൽ മാറിത്താമസിക്കാൻ മൂന്നു മാസത്തെ വാടകയാണ് ഇവർക്ക് അനുവദിച്ചിരിക്കുന്നത്. മരടിൽ നിന്ന് നീക്കം ചെയ്യുന്ന മാലിന്യങ്ങൾ ഇനി എന്തു ചെയ്യുന്നു എന്നു കൂടിയാണ് അറിയേണ്ടത്.

മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങളും നിലം പരിശായതോടെ ഫ്ലാറ്റുടമകൾക്കാണ് വീട് നഷ്ടമായത്. ഇവർക്കുള്ള നഷ്ടപരിഹാരം കെട്ടിട നിർമാതാക്കളിൽ നിന്ന് പിടിച്ചെടുത്ത് നൽകണമെന്നായിരുന്നു സുപ്രീം കോടതി ആദ്യം പറഞ്ഞിരുന്നത്. 

ആദ്യ ഗഡുവായി സുപ്രീം കോടതി നിശ്ചയിച്ച 25 ലക്ഷം രൂപ പോലും എല്ലാ ഫ്ളാറ്റ് ഉടമകൾക്കും കൊടുക്കാൻ പോലും സർക്കാരിന് കഴിഞ്ഞില്ല. ശേഷിക്കുന്ന തുക കൂടി കെട്ടിട നിർമാതാക്കളിൽ ഉടനടി ഈടാക്കി ഫ്ളാറ്റുടമകൾക്ക് നൽകാനുള്ള നടപടി സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഒപ്പം ചട്ടലംഘനം നടത്തി നിരവധി പേരെ പെരുവഴിയിലാക്കിയ കെട്ടിട നിർമാതാക്കൾക്ക് ശിക്ഷ ഉറപ്പാക്കാനും ഭരണകൂടത്തിനാകണം.

മരട് മിഷൻ സത്യത്തിൽ ഭാവിയിൽ സർക്കാരിന് വെല്ലുവിളിയാണ്. നാശനഷ്ടമുണ്ടാകാതെ അനധിക്യത കെട്ടിടങ്ങൾ പൊളിച്ച് നീക്കാമെന്ന് മരട് കാണിച്ചു തന്ന സ്ഥിതിക്ക് കയ്യേറ്റങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ സർക്കാരിന് ഇനി ചങ്കൂറ്റമുണ്ടോയെന്ന ചോദ്യമാണ് ഉയരുന്നത്.