എൻഎസ്എസ് പരിപാടിയിൽ വെച്ച് രമേശ് ചെന്നിത്തല അവഗണിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഇന്നലെ സംസാരിച്ചുവെന്ന് സ്ഥാപിക്കേണ്ട കാര്യമില്ലെന്നും എത്രയോ കാലത്തെ ബന്ധവും പരിചയവുമുളളവരാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ

കോട്ടയം: എൻഎസ്എസ് പരിപാടിയിൽ കണ്ടുമുട്ടിയപ്പോൾ രമേശ് ചെന്നിത്തല അവഗണിച്ചോ എന്ന ചോദ്യത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. താനും രമേശ് ചെന്നിത്തലയും തമ്മില്‍ സംസാരിക്കുന്നതോ സംസാരിക്കാത്തതോ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വാര്‍ത്തയായോ വിഷയമായോ തോന്നുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ജനങ്ങളുടെ മുൻപിൽ എന്ത് എത്തിക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങൾ മാധ്യമങ്ങളാണെന്നും അതിലൊന്നും താൻ കൈകടത്തിയിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

"രമേശ് ചെന്നിത്തലയുമായി ഞാന്‍ സംസാരിക്കുന്നതോ സംസാരിക്കാത്തതോ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വാര്‍ത്തയായോ വിഷയമായോ തോന്നുന്നില്ല. മന്നം ജയന്തിയുമായി ബന്ധപ്പെട്ട് ഇന്നലെ രമേശ് ചെന്നിത്തല അടക്കമുളള നേതാക്കളുമായി പെരുന്നയില്‍ വെച്ച് പലകുറി സംസാരിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട ആളുകളുമായും സംസാരിച്ചിരുന്നു. അതൊന്നും കൗതുക വാര്‍ത്തയായി തോന്നുന്നില്ല. അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് നിങ്ങൾ അന്വേഷിച്ചാൽ മതി. എല്ലാ പൊതുപ്രവർത്തകരും പരസ്പരം കാണുമ്പോൾ സംസാരിക്കുകയും കുശലം പറയുകയും രാഷ്ട്രീയം പറയുകയുമൊക്കെ ചെയ്യും. ഇതിന്‍റെ പേരിൽ ശ്രീ രമേശ് ചെന്നിത്തലയ്‌ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാകേണ്ട കാര്യമില്ല. ഞങ്ങള്‍ ഇന്നലെ സംസാരിച്ചുവെന്ന് സ്ഥാപിക്കേണ്ട കാര്യം എനിക്കില്ല. എത്രയോ കാലത്തെ ബന്ധവും പരിചയവുമുളളവരാണ്. ഞാന്‍ ഇന്നലെ അവിടെയെത്തിപ്പോള്‍ ആദ്യം സംസാരിച്ചത് അദ്ദേഹമാണ്"- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പി ജെ കുര്യനോട് സംസാരിച്ചത് ആരോഗ്യകാര്യങ്ങളെന്ന് രാഹുൽ

കഴിഞ്ഞ ദിവസം പി ജെ കുര്യനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും സൗഹാര്‍ദപരമായ സംഭാഷണമാണ് ഉണ്ടായതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. 'ഓരോ വ്യക്തികള്‍ക്കും അഭിപ്രായം പറയാനുളള സ്വാതന്ത്ര്യമുണ്ട്. ജനങ്ങള്‍ക്ക് അവരുടേതായ അഭിപ്രായമുണ്ട്. അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചതിന്റെ ഡബ്ബിങ് പലതും ഞാന്‍ കേട്ടു. അതിന്റെ ലിപ്പ് മൂവ്‌മെന്റ് സിങ്കാവുന്നുണ്ടെന്ന് തോന്നിയില്ല. അദ്ദേഹത്തിന്റെ ആരോഗ്യപ്രയാസങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. സൗഹാര്‍ദപരമായ സംഭാഷണമാണ് ഉണ്ടായത്'- രാഹുല്‍ പറഞ്ഞു.

പാലക്കാട് ആരായിരിക്കും സ്ഥാനാർത്ഥി എന്ന ചോദ്യത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര് എന്നത് സംബന്ധിച്ച് പറയാനുളള അധികാരമുളള ആളല്ല താനെന്നും ഇപ്പോള്‍ അതിന് തീരെ അധികാരമില്ലെന്നും രാഹുല്‍ പറഞ്ഞു. നിലവില്‍ താൻ എംഎല്‍എയാണ്. തെരഞ്ഞെടുപ്പിന്‍റ നോട്ടിഫിക്കേഷന്‍ പോലും വന്നിട്ടില്ല. മത്സരിക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. ലൈംഗിക പീഡന കേസ് സംബന്ധിച്ച ചോദ്യത്തിന് സത്യം ജയിക്കും എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മറുപടി.

YouTube video player