Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് വാക്‌സിന്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന ആരോ​ഗ്യ മന്ത്രി

സംസ്ഥാനത്ത് നാലര ലക്ഷം വാക്‌സിനാണ് നിലവില്‍ ബാക്കിയുള്ളത്.ഈ നാലര ലക്ഷം ഡോസ് വാക്‌സിന്‍ ഇന്നും നാളെയും കൊണ്ട് തീരുമെന്നും മന്ത്രി വ്യക്തമാക്കി

what the central governmnt saying is baseless,there is shortage of vaccines in kerala
Author
Thiruvananthapuram, First Published Jul 23, 2021, 3:19 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്. സംസ്ഥാനത്ത് നാലര ലക്ഷം വാക്‌സിനാണ് നിലവില്‍ ബാക്കിയുള്ളത്. ശരാശരി രണ്ട് മുതല്‍ രണ്ടര ലക്ഷം ഡോസ് വാക്‌സിന്‍ വരെ ദിവസവും എടുക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ നാലര ലക്ഷം ഡോസ് വാക്‌സിന്‍ ഇന്നും നാളെയും കൊണ്ട് തീരുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്തകാലത്തായി കൂടുതല്‍ വാക്‌സിന്‍ വന്നത് ഈ മാസം 15, 16, 17 തീയതികളിലാണ്. ഈ മൂന്ന് ദിവസങ്ങളിലായി 3,14,640, 3,30,500, 5,54,390 എന്നിങ്ങനെ ആകെ 11,99,530 ഡോസ് വാക്‌സിനുകളാണ് എത്തിയത്. എന്നാല്‍ 16-ാം തീയതി മുതല്‍ 22-ാം തീയതി വരെ ഒരാഴ്ച ആകെ 13,47,811 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഈ ആഴ്ചയിലാണ് ഏറ്റവും അധികം ആള്‍ക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച 3.55 ലക്ഷം പേര്‍ക്കും ചൊവ്വാഴ്ച 2.7 ലക്ഷം പേര്‍ക്കും വ്യാഴാഴ്ച 2.8 ലക്ഷം പേര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. നിലവിലുള്ള സ്റ്റോക്ക് മാറ്റി നിര്‍ത്തിയാല്‍ പോലും ആര്‍ക്കും മനസിലാക്കാനാകും കേരളം എത്ര കാര്യക്ഷമമായാണ് വാക്‌സിന്‍ നല്‍കുന്നതെന്ന്. ആ നിലയ്ക്ക് പത്ത് ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നത് യാഥാര്‍ത്ഥ്യത്തിന് ഒട്ടും നിരക്കുന്നതല്ല.

തുള്ളി പോലും പാഴാക്കാതെ കിട്ടിയ ഡോസിനെക്കാളും അധികം ഡോസ് വാക്‌സിനെടുക്കുന്ന സംസ്ഥാനമാണ് കേരളം. വാക്‌സിന്‍ സംസ്ഥാനത്തെത്തിയാല്‍ അതെത്രയും വേഗം താഴെത്തട്ടിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ വിപുലമായ സംവിധാനമാണൊരുക്കിയിട്ടുള്ളത്. കുറഞ്ഞ അളവില്‍ വാക്‌സിന്‍ എത്തുന്നതിനാല്‍ വേണ്ടത്ര സ്ലോട്ടുകളും നല്‍കാന്‍ കഴിയുന്നില്ല. കിട്ടുന്ന വാക്‌സിനാകട്ടെ പരമാവധി രണ്ട് ദിവസത്തിനകം തീരുന്നതാണ്. അതിനാലാണ് സംസ്ഥാനം കൂടുതല്‍ വാക്‌സിന്‍ ഒരുമിച്ച് ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്.

ഏറ്റവും മികച്ച രീതിയില്‍ കോവിഡ് പ്രതിരോധം നടത്തുന്ന സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തിയാല്‍ ഇത് ബോധ്യമാകുന്നതേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.കേരളത്തിന് കൂടുതൽ വാക്സീൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എം പിമാരായ ഹൈബി ഈഡൻ, ടി എൻ പ്രതാപൻ എന്നിവർ കേന്ദ്രത്തെ സമീപിച്ചപ്പോഴാണ് കേരളത്തിൽ പത്ത് ലക്ഷം ഡോസ് വാക്സീൻ കെട്ടിക്കിടക്കുകയാമെന്നും അത് വിനിയോ​ഗിച്ചശേഷം കൂടുതൽ വാക്സീൻ അനുവദിക്കാമെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചത്.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios