എഴുത്തുകാരി കെ ആർ മീര മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കുകയും അദ്ദേഹത്തിനെതിരായ സോഷ്യൽ മീഡിയ വിമർശനങ്ങളെ തള്ളിക്കളയുകയും ചെയ്തു. അതേസമയം, തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം, ഫലം സമഗ്രമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് പിണറായി വിജയൻ പ്രതികരിച്ചു.
തിരുവനന്തപുരം: പിണറായി വിജയനോളം കാര്യപ്രാപ്തിയും ചുമതലാബോധവും പ്രകടിപ്പിച്ച മറ്റൊരു മുഖ്യമന്ത്രിയുമില്ലെന്ന് എഴുത്തുകാരി കെ ആർ മീര. പിണറായി വിജയനെ ഏറ്റവും ശക്തമായും ഹീനമായും അവഹേളിക്കുന്നവരിൽ പലരുടെയും സത്യസന്ധതയില്ലായ്മയും ആർജവമില്ലായ്മയും നേരിട്ടറിയുന്നതുകൊണ്ട് അദ്ദേഹത്തിന് എതിരെയുള്ള സോഷ്യൽ മീഡിയ കലാപങ്ങൾ പ്രധാനപ്പെട്ട മറ്റേതോ പ്രശ്നങ്ങളിൽനിന്നുള്ള ശ്രദ്ധ തിരിക്കലാണെന്നു വിശ്വസിക്കുന്നു. സുഹൃത്തായ പ്രീതയോടൊപ്പം ഓട്ടിസ്റ്റിക് കുഞ്ഞുങ്ങളുടെ പുനരധിവാസം സംബന്ധിച്ച് ഒരു അഭ്യർത്ഥനയുമാണ് ആദ്യമായും അവസാനമായും മുഖ്യമന്ത്രിയുടെ ഓഫിസിൽ ചെന്നത്. ഞങ്ങൾക്ക് അനുവദിച്ച പത്തു മിനിറ്റിൽ ആ വിഷയത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള ധാരണ അത്ഭുതപ്പെടുത്തിയെന്നും കെ ആർ മീര ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കാനും എല്ലാ സഖാക്കളുടെയും അഭിപ്രായങ്ങൾ കേൾക്കാനും എൽഡിഎഫ് തീരുമാനിച്ചതായി പിണറായി വിജയൻ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള നീണ്ട മൗനത്തിന് ശേഷം പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലാണ് പിണറായിയുടെ പ്രതികരണം. ജനാധിപത്യപരമായ തുറന്ന പരിശോധന ആണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പൊതുസമൂഹത്തിൽ നിന്നും സഖാക്കളിൽ നിന്നും ഉയരുന്ന ആശങ്കകളും അഭിപ്രായങ്ങളും വിമർശനങ്ങളും ഗൗരവബുദ്ധ്യാ പരിശോധിക്കും. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട് തീരുമാനങ്ങൾ എടുക്കുമെന്നും പിണറായി വജിയൻ ഫേസ്ബുക്കിലും കുറിച്ചു.
എൽഡിഎഫിനുവേണ്ടി പതിനായിരക്കണക്കിന് പ്രവർത്തകരാണ് ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അഹോരാത്രം ഏറ്റെടുത്തത്. അവരെ ആകെ അഭിവാദ്യം ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പിനിടയിൽ വ്യാപകമായ വ്യാജപ്രചാരണങ്ങൾ നടന്നുവെന്നത് മുമ്പും പറഞ്ഞതാണ്. അതിൽ ചില മാധ്യമങ്ങൾ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. അർദ്ധസത്യങ്ങളെയും അതിശയോക്തികളെയും വസ്തുതാവിരുദ്ധ പ്രചാരണങ്ങളെയും ആശ്രയിച്ച അവതരണങ്ങൾ ജനാധിപത്യത്തിന് ഗുണകരമല്ല. എങ്കിലും, ഈ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുകയാണ് പ്രധാനമെന്ന് എൽഡിഎഫ് വിശ്വസിക്കുന്നു.
ഞങ്ങളെ എതിർത്ത ശക്തികൾ യുഡിഎഫ്, ബിജെപി, ചില മാധ്യമങ്ങളുടെ നിലപാട് - ഇവയെല്ലാം ചേർന്നുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ഫലം ഉണ്ടായത്. അരാജക - അരാഷ്ട്രീയ സ്വഭാവം ഉള്ള ചില കേന്ദ്രങ്ങളുടെ തെറ്റായ പ്രചരണത്തിലും ചിലരെങ്കിലും കുടുങ്ങി പോയിട്ടുണ്ട്. അവരെയൊക്കെ വസ്തുതകൾ ബോധ്യപ്പെടുത്താൻ ഗൗരവമായ ശ്രമം ഉണ്ടാകും.
ജനങ്ങൾ നൽകിയ വിധിയെ മാനിച്ച് കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. നുണക്കഥകളും കോർപ്പറേറ്റ്-പി ആർ ബുദ്ധിശാലകളിൽ ഉരുത്തിരിഞ്ഞ വ്യാജപ്രചാരണങ്ങളും ഞങ്ങളെ പിന്നോട്ടടിപ്പിക്കില്ല. എൽഡിഎഫിന്റെ നിലപാടുകളിലും ഇടപെടലുകളിലും വന്ന വീഴ്ചകൾ ജനാധിപത്യപരമായി തന്നെ പരിശോധിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തും. ജനങ്ങളോടുള്ള ബന്ധം കൂടുതൽ ശക്തമാക്കി, കൂടുതൽ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും എൽഡിഎഫ് മുന്നോട്ട് പോകും. കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും. എൽഡിഎഫിനൊപ്പം നിന്ന എല്ലാവർക്കും വീണ്ടും നന്ദി അറിയിക്കുന്നു. കേരള ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ കൂടുതൽ ശക്തമായി തിരിച്ചുവരും എന്ന് ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം കുറിച്ചു.


