കൊല്ലം: ''അന്ന് എല്ലാവരും പറഞ്ഞു, ഇനിയൊരു ഗൗരി നേഹ ഉണ്ടാവരുതെന്ന്. ഇന്ന് എല്ലാവരും പറയുന്നു, ഇനിയൊരു ഫാത്തിമ ഉണ്ടാവരുതെന്ന്, ഇതൊരു തുടർക്കഥയല്ലേ?'', പ്രസന്നകുമാർ ചോദിക്കുന്നു. പ്രസന്നകുമാർ എന്ന പേര് എല്ലാവർക്കും പരിചിതമാകണമെന്നില്ല. പക്ഷേ, ഗൗരി നേഹയുടെ അച്ഛൻ എന്ന് പറഞ്ഞാൽ പലരും ഓർക്കും. അതെ, നിറ്റി ലൈസിയം സ്‌കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥിയായിരിക്കെ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച കുട്ടി.

മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഫാത്തിമ ലത്തീഫിന്‍റെ വീട്ടിലെത്തിയതായിരുന്നു പ്രസന്നകുമാർ. ഫാത്തിമയുടെ അച്ഛനെ കാണാൻ. ഒരേ വഴിയിൽ രണ്ട് വർഷം മുമ്പ് താൻ താണ്ടിയ വേദന പറയാൻ.

വിദ്യാലയങ്ങളിൽ ജീവനൊടുക്കിയ ആ രണ്ട് പെൺകുട്ടികൾക്കായി, നീതിക്ക് വേണ്ടി പോരാട്ടം തുടരുന്ന കുടുംബങ്ങൾ നേരിൽ കണ്ടപ്പോൾ അവരുടെ വാക്കുകൾക്ക് ഒരേ സ്വരമായിരുന്നു. 

ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്ന ഗൗരി നേഹ രണ്ട് വർഷം മുൻപാണ് സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിമരിച്ചത്. കേസിൽ അധ്യാപകർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരുന്നു. എന്നാൽ പിന്നീട് നടപടികൾ ഇഴഞ്ഞുനീങ്ങി.

ഫാത്തിമയുടെ മരണവാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞതു മുതൽ ആ കുടുംബത്തെ കാണണമെന്ന ആഗ്രഹത്തിലായിരുന്നു ഗൗരിയുടെ അച്ഛൻ. 

''എല്ലാ അധ്യാപകരെയും ഞാൻ അടച്ചു കുറ്റം പറയില്ല, പക്ഷേ അധ്യാപകർക്കിടയിലും സാത്താന്‍റെ മനസ്സുള്ളവരുണ്ട്'', പ്രസന്നകുമാർ പറയുന്നു.

''എന്‍റെ മകൾ ബ്രില്യന്‍റായിരുന്നു. ആ കുഞ്ഞ് പെട്ടെന്നൊരു ദിവസം പോയത് ഞങ്ങളുടെ കുടുംബത്തിൽ സൃഷ്ടിച്ചത് വല്ലാത്തൊരവസ്ഥയാണ്. ഇനിയെത്ര കാലം ഞങ്ങൾ ജീവിക്കുമെന്ന് പോലുമറിയില്ല. ഓരോ ദിവസം കൂടുംതോറും ആ സ്ഥിതി സങ്കീർണമാവുകയാണ്'', എന്ന് ഫാത്തിമയുടെ അച്ഛൻ ലത്തീഫ്.

മക്കളെ വിശ്വസിച്ച് അയക്കുന്ന കോളേജും സ്കൂളും - അത് അവരുടെ ജീവനെടുക്കുന്ന ഇടമാകരുതെന്ന് പ്രാർത്ഥിച്ച് നീതിക്ക് വേണ്ടി പോരാട്ടം തുടരുകയാണിവർ. രണ്ടച്ഛൻമാർ.