പരിശോധനയിൽ പുഴയിൽ നിന്നും ഒരു ഫോൺ കണ്ടെടുക്കാൻ സാധിച്ചെങ്കിലും റിദാന്റെ കൈയ്യിലുണ്ടായിരുന്ന ഫോണല്ല ലഭിച്ചതെന്ന് തെളിഞ്ഞു. 

മലപ്പുറം : എടവണ്ണയിൽ വെടിയേറ്റ് കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ ഫോൺ കണ്ടെത്താൻ ചാലിയാർ പുഴയിൽ തെരച്ചിൽ. മുഖ്യപ്രതി കൊലപാതകത്തിന് ശേഷം റിദാന്റെ കൈയിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും പുഴയിലേക്ക് എറിഞ്ഞുവെന്നാണ് മുഖ്യപ്രതി മുഹമ്മദ് ഷാൻ പൊലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാലിയാർ പുഴയിൽ ഇന്ന് തിരച്ചിൽ ആരംഭിച്ചത്. പരിശോധനയിൽ പുഴയിൽ നിന്നും ഒരു ഫോൺ കണ്ടെടുക്കാൻ സാധിച്ചെങ്കിലും റിദാന്റെ കൈയ്യിലുണ്ടായിരുന്ന ഫോണല്ല ലഭിച്ചതെന്ന് തെളിഞ്ഞു. 

മുഖ്യപ്രതി മുഹമ്മദ് ഷാനെ കസ്റ്റഡിയിൽ വാങ്ങിയാണ് ഇന്നും തെളിവെടുപ്പ് നടത്തിയത്. ഫോണിന് വേണ്ടിയുള്ള തെരച്ചിൽ നാളെയും തുടരും. കഴിഞ്ഞ ശനിയാഴ്ചയാണ് എടവണ്ണ സ്വദേശി റിദാൻ ബാസിലിനെ എടവണ്ണ ചെമ്പക്കുത്ത് പുലിക്കുന്ന് മലയിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റിദാനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് മുഹമ്മദ് ഷാന്റെ വീട്ടിൽ നിന്നും പൊലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. കൃത്യം നടന്ന ശേഷമാണ് മുഹമ്മദ്‌ ഷാൻ റിദാന്റെ ഫോണുകൾ പുഴയിൽ എറിഞ്ഞത്. മുഖ്യപ്രതിയെ സഹായിച്ച മൂന്ന് പേർ ഉൾപ്പെടെ നാലുപേരെയാണ് ഇതു വരെ അറസ്റ്റ് ചെയ്തത്.