വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്, കറുത്ത ഷൂസ് എന്നിവ ധരിച്ച പ്രതികൾ ഒരേ ശൈലിയിലാണ് മുടി വെട്ടിയിരുന്നത്.

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ ആരംഭിച്ചു. കേസിലെ സാക്ഷി വിസ്താരമാണ് നിലവിൽ നടക്കുന്നത്. വിചാരണയുടെ ആദ്യദിനങ്ങളിൽ കേസിലെ 16 പ്രതികളും പൂർണമായും ഒരേപോലെയുള്ള വസ്ത്രധാരണത്തിലും അപ്പിയറൻസിലുമാണ് കോടതിയിലെത്തിയത്. വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്, കറുത്ത ഷൂസ് എന്നിവ ധരിച്ച പ്രതികൾ ഒരേ ശൈലിയിലാണ് മുടി വെട്ടിയിരുന്നത്.

അതോടൊപ്പം എല്ലാവരും മാസ്ക് ധരിച്ചാണ് കോടതിമുറിയിൽ എത്തിയത്. എന്നാൽ വിചാരണ നടപടികളുടെ ഭാഗമായി പ്രതികളെ തിരിച്ചറിയുന്നതിനായി മാസ്ക് അഴിച്ചുമാറ്റാൻ ജഡ്ജി ഉത്തരവിട്ടു. പ്രതികളുടെ ഒരേപോലെയുള്ള വസ്ത്രധാരണവും ശൈലിയും സാക്ഷികൾക്ക് പ്രതികളെ തിരിച്ചറിയുന്നതിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണോ എന്നും സംശയിക്കപ്പെടുന്നു.