പ്രകാശിന് പരസ്ത്രീ ബന്ധം ആരോപിച്ച കേസ് അട്ടിമറിക്കാനാണ് അന്ന് ചിലർ ശ്രമിച്ചതെന്ന് പ്രശാന്ത് ആരോപിക്കുന്നു.

തിരുവനന്തപുരം : സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ കൂടുതൽ പേരെ ക്രൈം ബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും. പ്രതിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ പ്രകാശിന്റെ സഹോദരൻ പ്രശാന്തിന്റെ മൊഴി അനുസരിച്ചാണ് തുടരന്വേഷണം. പ്രകാശിന്റെ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലവും നിർണായകമാകും. 

അതേ സമയം പ്രകാശിന്റെ ആത്മഹത്യ കേസിന്റെ അന്വേഷണത്തില്‍ വിളപ്പിൽശാല പൊലീസ് ഗുരുതരമായി വീഴ്ചവരുത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കഴിഞ്ഞ ജനുവരി മൂന്നിനാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതിയെന്ന സംശയിക്കുന്ന പ്രകാശ് വീട്ടിനുള്ളിൽ തൂങ്ങിമരിക്കുന്നത്. ആർഎസ്എസ് പ്രവർത്തകരായ സുഹൃത്തുക്കള്‍ മ‍ർദ്ദിച്ചതിനെ തുടർന്നാണ് സഹോദരൻ ജീവനൊടുക്കിയതെന്നായിരുന്നു സഹോദരൻ പ്രശാന്ത് വിളപ്പിൽശാല പൊലീസിൽ നൽകിയ പരാതി. പ്രകാശിൻെറ ഫോണ്‍ മൃതദേഹത്തിൽ നിന്നും കിട്ടിയിരുന്നില്ല. പ്രകാശിൻെറ മറ്റൊരു സുഹൃത്തിൽ നിന്നും ഫോണ്‍ വിളപ്പിൽശാല പൊലീസ് കണ്ടെത്തിയെങ്കിലും ഇത് ശാസ്ത്രീയ പരിശോധനക്ക് അന്ന് അയച്ചില്ല. പ്രകാശിനെ മർദ്ദിച്ചുവെന്ന പരാതിയിൽ സമഗ്രമായ അന്വേഷണം നടന്നില്ലെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. പ്രകാശിന് പരസ്ത്രീ ബന്ധം ആരോപിച്ച കേസ് അട്ടിമറിക്കാനാണ് അന്ന് ചിലർ ശ്രമിച്ചതെന്ന് പ്രശാന്ത് ആരോപിക്കുന്നു.

കാട്ടക്കട കോടതിയിൽ നൽകിയിരുന്ന പ്രകാശിന്റെ ഫോണ്‍ തിരുവനന്തപുരം സിജെഎം കോടതി വഴിയാണ് ക്രൈം ബ്രാഞ്ച് ഫൊറൻസിക് ലാബിലേക്ക് അയച്ചത്. കേസന്വേഷണത്തിൽ നിർണായകമായേക്കാവുന്ന തെളിവുകള്‍ പ്രകാശിന്റെ ഫോണിൽ നിന്നും ലഭിക്കുമെന്ന വിശ്വാസം ക്രൈം ബ്രാ‍ഞ്ചിനുണ്ട്. പ്രശാന്തിൻെറ മൊഴികളിൽ പറഞ്ഞിട്ടുള്ളകൂടുതൽ പേരെ ഇനി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. പ്രകാശ് മറ്റ് ചിലർക്കൊപ്പമാണ് തീയിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. കൂട്ടു പ്രതികളാരൊക്കെ? പ്രകാശിന്റെ മരണത്തിന് പിന്നിലെന്താണ് ? ഈ രണ്ടുകാര്യങ്ങളിൽ ഇനിയും വ്യക്തതവരേണ്ടതുണ്ട്.

സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആർഎസ്എസ് പ്രവർത്തകന്റെ മരണത്തിലും ദുരൂഹത

YouTube video player