പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുല്യപ്രാധാന്യം നൽകി സംസ്ഥാന സർക്കാരിന്റെ പരസ്യം ആണ് ഒന്ന്. നരേന്ദ്ര മോദിക്ക് അഭിവാദ്യവുമായി ബിജെപിയുടെ പരസ്യവും പത്രങ്ങളിൽ ഉണ്ട്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള വഴിയിൽ ഉമ്മൻചാണ്ടിക്ക് നന്ദി അറിയിച്ച് പോസ്റ്ററുകൾ കാണാം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ആരുടെ നേട്ടമാണ് എന്നതിനെ ചൊല്ലി പൊരിഞ്ഞ പോസ്റ്റർ യുദ്ധം. ഇന്നത്തെ പത്രങ്ങളിൽ രണ്ട് വിഴിഞ്ഞം പരസ്യങ്ങൾ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും തുല്യപ്രാധാന്യം നൽകി സംസ്ഥാന സർക്കാരിന്റെ പരസ്യം ആണ് ഒന്ന്. നരേന്ദ്ര മോദിക്ക് അഭിവാദ്യവുമായി ബിജെപിയുടെ പരസ്യവും ഇന്ന് പത്രങ്ങളിൽ ഉണ്ട്. പ്രധാനമന്ത്രിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെയും ചിത്രങ്ങൾ ആണ് ബിജെപി പരസ്യത്തിലുള്ളത്. എന്നാൽ ഇന്നലെ കേന്ദ്ര സർക്കാർ നൽകിയ പരസ്യത്തിൽ മുഖ്യമന്ത്രിയുടെ പേരു പോലും ഉണ്ടായിരുന്നില്ല.
വിഴിഞ്ഞം തുറമുഖത്തേക്കുള്ള വഴിയിൽ ഉമ്മൻചാണ്ടിക്ക് നന്ദി അറിയിച്ച് പോസ്റ്ററുകൾ കാണാം. 'കേരളം മറക്കില്ല ഒരിക്കലും' എന്നാണ് പോസ്റ്ററുകളിലുള്ളത്. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ. പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെയും ഫ്ലക്സുകൾ വഴിനീളെയുണ്ട്.
കമ്മീഷനിംഗ് നാളെ
മെയ് രണ്ടിന് രാവിലെ 11 മണിക്കാണ് കമ്മീഷനിംഗ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. തുറമുഖ കവാടത്തിൽ തയ്യാറാക്കിയ പ്രത്യേക വേദിയിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കും. ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 10,000 പേർ ചടങ്ങ് കാണാനെത്തുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകും. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുക്ക് കനത്ത സുരക്ഷാ വലയത്തിലാണ് വിഴിഞ്ഞം. കരയിലും കടലിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങളുടെ ട്രയൽ റൺ ഇന്നലെ പൂർത്തിയാക്കിയിരുന്നു.
ആഗോള സമുദ്ര വാണിജ്യ ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയാണ് നാളെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്യുന്നത്. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക സമ്പദ് വ്യവസ്ഥയിലെ ഉജ്വലമായ പുതിയ നാൾവഴികളിലേക്കുള്ള സുപ്രധാന തുടക്കമായിരിക്കും ഇത്. 2015-ലാണ് കേരള സർക്കാർ അദാനി ഗ്രൂപ്പുമായി പൊതുമേഖല-സ്വകാര്യ പങ്കാളിത്ത മോഡലിൽ വിഴിഞ്ഞം തുറമുഖം വികസിപ്പിക്കാൻ കരാർ ഒപ്പുവച്ചത്. 2023 ഒക്ടോബറിൽ ചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി 'ഷെൻ ഹുവ 15 എ' ചരക്കു കപ്പൽ തീരത്ത് നങ്കൂരമിട്ടതോടെ വിഴിഞ്ഞം തുറമുഖ പദ്ധതി കൂടി യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയായിരുന്നു.
' IN TRV 01' എന്ന അന്താരാഷ്ട്ര ലൊക്കേഷൻ കോഡ് ലഭിച്ച വിഴിഞ്ഞം, ലോകത്തിലെ പ്രധാന കപ്പൽവഴികളിലേക്ക് നേരിട്ട് കയറിയെത്തുന്ന ഇന്ത്യയുടെ സവിശേഷമായ തുറമുഖം, ആഗോള ലോജിസ്റ്റിക് നേട്ടങ്ങളുടെ പുതിയ വാതിലുകൾ കേരളത്തിന് തുറന്നുകൊടുത്തു. 2024 ജൂലൈ 13-ന് ട്രയൽ റൺ ആരംഭിച്ച വിഴിഞ്ഞം തുറമുഖം, 2024 ഡിസംബർ മൂന്നിനാണ് വാണിജ്യാടിസ്ഥാനത്തിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം 246-ലധികം കണ്ടെയിനർ കപ്പലുകൾ തുറമുഖം കൈകാര്യം ചെയ്തു. ആകെ വരുമാനമായി 243 കോടി രൂപയാണ് ലഭിച്ചത്.



