സണ്ണി ജോസഫ് മന്ത്രിയാകുന്നതോടെ കെപിസിസി അധ്യക്ഷൻ ആരാകുമെന്നാണ് ചർച്ച. ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയവർ പരിഗണനയിലുണ്ട്. ആന്‍റോ ആന്‍റണിയുടെ പേരും ഉയർന്നേക്കും.

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചക്കിടെ അടുത്ത കെപിസിസി പ്രസിഡന്‍റ് ആരെന്ന ചർച്ചയും കോണ്‍ഗ്രസിൽ സജീവം. സണ്ണി ജോസഫ് മന്ത്രിയാകുന്നതോടെ കെപിസിസി അധ്യക്ഷൻ ആരാകുമെന്നാണ് ചർച്ച. ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയവർ പരിഗണനയിലുണ്ട്. ആന്‍റോ ആന്‍റണിയുടെ പേരും ഉയർന്നേക്കും. മുഖ്യമന്ത്രി ആരെന്നത് അടുത്ത കെപിസിസി അധ്യക്ഷൻ ആരാകുമെന്ന കാര്യത്തിലും നിർണായകമാകും.

Add Asianetnews as a Preferred SourcegooglePreferred

കെ സുധാകരൻ ഒഴിയുന്ന സമയത്ത് പലരും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ഒരാൾ വരട്ടെ എന്ന നിലയിലാണ് സണ്ണി ജോസഫിനെ ആ സ്ഥാനത്ത് നിയോഗിച്ചത്. എന്നാൽ പുതിയ നിയമസഭയിൽ സണ്ണി ജോസഫ് മന്ത്രിയാകുമെന്ന് ഉറപ്പാണ്. എ ഗ്രൂപ്പിലെ പ്രധാന നേതാക്കളുടെ പിന്തുണ കെ സി വേണുഗോപാലിന് ആയതിനാൽ ബെന്നി ബെഹ്നാൻ പരിഗണനയിലുണ്ട്. ഷാഫി പറമ്പിലും കെസിക്കായി സജീവമായുണ്ട്. കൊടിക്കുന്നിലാകട്ടെ മുൻ വർഷങ്ങളിൽ തഴയപ്പെട്ട കാര്യം ഓർമിപ്പിച്ച് അധ്യക്ഷ സ്ഥാനത്തിനായി മുന്നിലുണ്ട്. ആന്‍റോ ആന്‍റണിയാകട്ടെ കഴിഞ്ഞ തവണ അവസാന നിമിഷം തഴയപ്പെട്ടതാണ്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ആളായിരിക്കും കെപിസിസി അധ്യക്ഷനെന്ന് ഏതാണ്ട് ഉറപ്പാണ്.

മുഖ്യമന്ത്രി ആര്? അതീവ സങ്കീർണ്ണമെന്ന് ഹൈക്കമാൻഡ് നിരീക്ഷകർ

അതിനിടെ കേരളത്തിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിർദേശമില്ല. എന്നാൽ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊതുവികാരം പ്രതിപക്ഷ നേതാവായി നയിച്ച വി ഡി സതീശന് അനുകൂലമാണ്. എന്നാൽ എംഎൽമാരിലും പാർട്ടിയിലും സതീശന് പിന്തുണ കുറവാണ്. അതേസമയം, ഘടക കക്ഷികൾ സതീശനൊപ്പമുണ്ടെന്നത് ശ്രദ്ധയേമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 63 എംഎൽഎമാരിൽ 47 പേർ കെസിക്ക് ഒപ്പം ഉറച്ചു നിന്നപ്പോൾ ഹൈക്കമാൻഡിൻറെ തീരുമാനത്തിനൊപ്പമെന്ന് 10 എംഎൽഎമാർ പറഞ്ഞു. വി ഡി സതീശൻ ഏതറ്റം വരെ പോകും എന്നറിയാനാകും ഇന്ന് ഹൈക്കമാൻഡ് ശ്രമിക്കുക. താൻ സ്വമേധയാ പിന്മാറില്ലെന്ന് കെ സി വേണുഗോപാൽ നേതൃത്വത്തെ അറിയിച്ചു. പ്രതിഷേധമെന്ന പേരിൽ കേരളത്തിൽ നടക്കുന്നത് ആസൂത്രിത നീക്കമെന്ന് അദ്ദേഹം ഉന്നത നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എതിർചേരികൾ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും കെസിക്ക് പരാതിയുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിര്‍ണായക ദിനമാണ്. ദില്ലിയിലെത്തിയ കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. തര്‍ക്കം കൂടാതെ പ്രശ്നം പരിഹരിച്ചാല്‍ വൈകുന്നേരത്തോടെ പ്രഖ്യാപനം വന്നേക്കാം.

YouTube video player