ദില്ലി: കോൺഗ്രസ് അധ്യക്ഷനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി എകെ ആന്‍റണി. കോൺഗ്രസ് അധ്യക്ഷ പദവിയിൽ തീരുമാനം ആയില്ലല്ലോ എന്ന് ചോദിച്ചപ്പോൾ കേരളത്തിൽ തന്നെ ധാരാളം വിഷയങ്ങൾ പ്രതികരിക്കാൻ ഉള്ളപ്പോൾ മറ്റ് കാര്യങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു എകെ ആന്‍റണിയുടെ മറുപടി. 

തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞതോടെ പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ഇടക്ക് കര്‍ണാടക ഭരണം കൂടി പ്രതിസന്ധിയിലായപ്പോൾ നേതാക്കളുടെ ശ്രദ്ധമുഴുവൻ അവിടേക്കുമാണ്. പ്രവര്‍ത്തക സമിതിയുടെ തീയതി തീരുമാനിക്കാനോ അധ്യക്ഷസ്ഥാനത്തേക്ക് പകരം ആരുവരുമെന്ന ചര്‍ച്ച തുടങ്ങിവക്കാൻ പോലുമോ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം ഇപ്പോഴുള്ളത്. 

ദില്ലിയിൽ മാധ്യമപ്രവര്‍ത്തകരെ കണ്ട എകെ ആന്‍റണി യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിന്‍റെയും പരീക്ഷാ ക്രമക്കേട് ആരോപണത്തിന്‍റെയും പശ്ചാത്തലത്തിൽ എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് എകെ ആന്‍റണിയുടെ ആവശ്യം.