ദീപ ദാസ് മുൻഷിക്കൊപ്പമുള്ള വിഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ ശരീര ഭാഷ വിലയിരുത്തിയാണ് മുഖ്യമന്ത്രി പദത്തിലേക്കെത്താൻ കൂടുതൽ സാധ്യതയുള്ള നേതാവ് ആരാണെന്ന് യാസർ അറഫാത്ത് വിശദമാക്കുന്നത്
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ തീരുമാനം നീളുന്നതിനിടെ ചർച്ചകൾക്കിടയിലെ ചിത്രങ്ങളിലെ നേതാക്കന്മാരുടെ ശരീര ഭാഷയുടെ വിശകലനവുമായി അധ്യാപകനും ഗവേഷകനും ചരിത്രകാരനുമായ പി കെ യാസർ അറഫാത്ത്. ദീപ ദാസ് മുൻഷിക്കൊപ്പമുള്ള വിഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ ശരീര ഭാഷ വിലയിരുത്തിയാണ് മുഖ്യമന്ത്രി പദത്തിലേക്കെത്താൻ കൂടുതൽ സാധ്യതയുള്ള നേതാവ് ആരാണെന്ന് യാസർ അറഫാത്ത് വിശദമാക്കുന്നത്. ശരീര ഭാഷ , മുഖഭാവങ്ങൾ, ബോഡി പൊസിഷനിംഗ്, മീഡിയ-മോമെന്റ് മാനേജ്മെന്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ഹൈക്കമാന്റുമായുളള ചർച്ചകൾക്ക് ശേഷം ഏറ്റവും ആത്മവിശ്വാസം കാണിക്കുന്നത് വി ഡി സതീശനാണ് എന്നാണ് പി കെ യാസർ അറഫാത്ത് നിരീക്ഷിക്കുന്നത്. കേരളത്തിൽ നടക്കുന്ന പ്രകടനങ്ങളും പ്രതിഷേധങ്ങളെയും കുറിച്ച് ഹൈക്കമാന്റിന് കൃത്യമായ ധാരണ കിട്ടിയിട്ടുണ്ട് എന്നും മനസിലാക്കാൻ സാധിക്കും. ചുരുക്കത്തിൽ ഇന്നലെ വൈകുന്നേരത്തെ മീഡിയ ബ്രീഫിംഗിലെയും തുടർന് സതീശൻ നടത്തിയ ചെറിയ സംഭാഷണങ്ങളിലെയും ഫ്രെയിമുകൾ എല്ലാം ഒന്നിച്ചുവെച്ചാൽ മനസ്സിലാവുന്ന ഒരു കാര്യം അവർ സതീശനെ പൂർണ്ണമായും കേട്ടിട്ടുണ്ട് അല്ലെങ്കിൽ ഏറ്റവും കേട്ടത് സതീശനെയാണ് എന്നുള്ളതാണ്.

പി കെ യാസർ അറഫാത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സതീശന്റെയും വേണുഗോപാലിന്റെയും ശരീര ഭാഷ പറയുന്നതെന്ത്!
ഇവിടെ കാണുന്ന ചിത്രങ്ങളെ അടിസ്ഥാനമാക്കി കൃത്യമായ ഒരു “നിശ്ചിത രാഷ്ട്രീയ നിഗമനം” നടത്താൻ പറ്റില്ലെങ്കിലും , ശരീര ഭാഷ , മുഖഭാവങ്ങൾ, ബോഡി പൊസിഷനിംഗ്, മീഡിയ-മോമെന്റ് മാനേജ്മെന്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ഹൈക്കമാന്റുമായുളള ചർച്ചകൾക്ക് ശേഷം ആരാണ് ഏറ്റവും ആത്മവിശ്വാസത്തിൽ നിൽക്കുന്നത് എന്നുള്ളത് ഒന്ന് വായിക്കാൻ ശ്രമിക്കുന്നു. ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത് ഇവിടെയുള്ള നാലുപേരുടെയും അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു പ്രോക്സിമിറ്റിയാണ്. ദീപാ ദാസ് മുന്ഷിയുടെ ഏറ്റവും സമീപത്തായാണ് വി.ഡി. സതീശൻ നിൽക്കുന്നത്. കേരളത്തിന്റെ നിരീക്ഷക ആയതുകൊണ്ടും ആ മീഡിയ ബ്രീഫിങ് തീരുന്നതുവരെ വളരെ കംഫർട്ടബിള് ആയി സതീശൻ അവരുടെ അടുത്തുതന്നെ തുടരുന്നതും ശ്രദ്ധിക്കാതിരിക്കാൻ പറ്റില്ല. മീഡിയയോട് സംസാരിക്കുന്ന സമയത്തും മുൻഷിയുടെ കൂടെത്തന്നെ സതീശനും കൂടി repeatedly centre-stage കൈവരിക്കുന്നതും symbolic legitimacy-യുടെ ഒരു സൂചനയായി വായിക്കാൻ ആഗ്രഹിക്കുന്നു കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ഈ സ്റ്റേജിങ് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
അതിനൊരു കൃത്യമായ പാറ്റേൺ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് ശ്രീമതി സോണിയ ഗാന്ധി പ്രസിഡണ്ടായി വന്നപ്പോഴാണ്. ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, രാജശേഖര റെഡ്‌ഡി, ആന്റണി എന്നിവരുടെ പ്രോക്സിമിറ്റി ഫ്രെയിംകൾ ശ്രദ്ധിക്കുമായിരുന്നു. വലതുഭാഗത്തുനിന്നും ഇടതുഭാഗത്തേക്കും പിന്നെ പിറകിലേക്കും, തുടർന്ന് കോര്ണറുകളിലേക്കും , പിന്നെ ഫ്രെയിമിന്റെ പുറത്തേക്കും അവർ മാറുന്ന കാഴ്ച , അവരുടെ കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ പ്രാധാന്യത്തിന്റെ തോതിനനുസരിച്ചു മാറുന്നത് നല്ല രസമുള്ള കാഴ്ചയാണ്. ഒരു ചരിത്രകാരനെന്ന നിലയിൽ, ഈ കാര്യങ്ങൾ കൃത്യമായി പാലിക്കപ്പെട്ട ഒരു ഭൂതത്തെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയിൽ, അക്ബർ ചക്രവർത്തി മുതൽ കോഴിക്കോട്ടെ സാമൂതിരിവരെ കൊട്ടാരത്തിലെ പ്രോക്സിമിറ്റിയെ ശ്രേണീകൃതമായി സ്റ്റേജിങ് ചെയ്യുന്നത് കാണാം. രാജാവിനോട് ഒരാൾ എടുക്കുന്നതും അകലുന്നതും ഇടയുന്നതും പലപ്പോഴും മനസ്സിലാകുന്നതുതന്നെ ഈ പ്രോക്സിമിറ്റി ഫ്രെയിമിൽ വരുന്ന മാറ്റത്തിൽനിന്നാണെന്ന് പറയാൻ പറ്റും. പുതിയ ഗവേഷണങ്ങളും ഇതിലേക്ക് വഴിതെളിയിക്കുന്നു.
അതേപോലെതന്നെ കോൺഗ്രസ്സ് രാഷ്ട്രീയത്തിലും ഒരു ടെൻസ്ഡ് സമയത്തിന് ശേഷം “ആരാണ് സംസാരിക്കുന്നത്”, “ കേന്ദ്രഫ്രെയിമിൽ ആരാണ്”, “ആരാണ് first-response body” എന്നൊക്കെ വളരെ പ്രധാനമാണ്. പ്രത്യേകിച്ചു, വലിയ ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് മുമ്പ്, അതിനു മുമ്പുനടക്കുന്ന പവർ ഒപ്റ്റിക്സിന്റെ ഒരു പ്രതിഫലനം അതുമായി ബന്ധപ്പെട്ടു നിൽക്കുന്നവരുടെ ശരീരത്തിൽ കാണാൻ പറ്റും. സതീശന്റെ ബോഡി ലാംഗ്വേജ് നോക്കുക. അത് നിയന്ത്രിതവും അവകാശ സ്ഥാപനപരവുമാണ്. തോളുകൾ നോക്കുക, മറ്റുള്ളവരെ അപേക്ഷിച്ചു വികസിച്ചും, നേരെയും, ഉയർന്നുമാണ് നിൽക്കുന്നത്. സംസാരിക്കുമ്പോൾ മൈക്കിനോട് വളരെ അടുത്തുനിന്നു, എൻഗേജിങ് ആയാണ് അദ്ദേഹം സംസാരിക്കുന്നതു. അത് ഒരു ഡിഫെൻസിവ് പോസ്റ്ററിങ് അല്ല. മറിച്ചു ആത്മ വിശ്വാസത്തിന്റെ ഒരു പ്രദർശനമായി കരുതാം. മൂന്നാമത്തെ ചിത്രത്തിൽ അദ്ദേഹം കുറച്ചു മുന്നോട്ടു ചാഞ്ഞായാണ് സംസാരിക്കുന്നത്. രാഷ്ട്രീയ മനഃശാസ്ത്രത്തിൽ അതിനെ 'സംഭാഷണത്തിനെ പുൽകൽ' അല്ലെങ്കിൽ സന്ദര്ഭ നിയന്ത്രണം എന്നൊക്കെയുള്ള രീതിയിൽ വായിക്കാം.
അതേസമയം വേണുഗോപാലിന്റെ ശരീരഭാഷ, തിരിച്ചറിയുന്ന രീതിയിൽ തന്നെ സ്വയം വിലക്കേർപ്പെടുത്തിയതായി കാണാം. മസിലുകൾ മുറുക്കിയുള്ള മുഖവും കണ്ണിൽ നോക്കാതെ ആകാശത്തേക്ക് മുഖമുയർത്തുന്നതും ഒക്കെ, ആ സംഭാഷണത്തിൽ അദ്ദേഹം സ്വയം ഭാഗമാവുന്നില്ല എന്ന് വിശകലനം ചെയ്യാൻ പറ്റും. അത് ചെയ്യാൻ നിര്ബന്ധിക്കപ്പെട്ടു എന്നുള്ള ഒരു ബോഡി പോസ്ചർ അവിടെ കാണാം. പക്ഷെ അവ 'കാലിബറേറ്റഡ് അംബിഗിറ്റി' എന്നുള്ള പോസ്ച്ചറാവാനും, അല്ലെങ്കിൽ പരിസരത്തെ അളക്കുന്ന പോസ്ച്ചറാവാനും വഴിയുണ്ട്. പക്ഷെ 'സംഭാഷണത്തിന്റെ സ്വയം ഭാഗമാവുന്നില്ല' എന്നുള്ളതാണ് ഡോമിനന്റ് എന്നാണ് എന്റെ വായന.കാരണം ആ മീഡിയ ബ്രീഫിങ് ന് ശേഷം വേണുഗോപാൽ സംസാരിക്കുന്നേയില്ല. സതീശൻ മൂന്നു പ്രാവശ്യം സംസാരിച്ചു കഴിഞ്ഞു. അതെ സമയം ചെന്നിത്തല പ്രകടമായിത്തന്നെ ക്ഷീണമുള്ളതായും വൈകാരികമായി ഞെരുങ്ങിയതുമായി കാണുന്നു.ചിരിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും വരുന്നത്, അദ്ദേഹത്തിന്റെ സ്വാഭാവികമായ, മനോഹരമായ ചിരി വരുന്നേയില്ല. കേരള രാഷ്ട്രീയത്തിൽ ഏറ്റവും മനോഹരമായ് ചിരിക്കുന്ന ഒരാളായാണ് ചെന്നിത്തലയെ എനിക്ക് അനുഭവപ്പെടാറുള്ളത്.
അനിശ്ചിതത്വം തുടരുന്നുണ്ട് എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ മുഖഭാവം. മൊത്തം ഫ്രെയ്മിൽത്തന്നെ അദ്ദേഹം നിൽക്കുന്നത് കുറച്ചു പിൻവാങ്ങിയാണ്. സംഭാഷണം അവസാനിപ്പിക്കാൻ താങ്ക്യൂ ആദ്യം പറഞ്ഞു തിരിഞ്ഞു നടക്കാൻ നോക്കുന്നതും അദ്ദേഹം തന്നെയാണ് എന്നുള്ളത് ആ വീഡിയോയിൽ വ്യക്തമാണ്. ദീപാ ദാസ് മുന്ഷി പ്രകടമായിത്തന്നെ റീലാക്സ് ആയിട്ടാണ് കാണുന്നത്.മാത്രമല്ല അവരുടെ സതീശനോടുള്ള പൊളിറ്റിക്കൽ പ്രോക്സിമിറ്റിയും അടുപ്പവും ഫ്രെയിമിൽ കാണാം. അതിൽ ഏറ്റവും ചുരുങ്ങിയ സമയം വരുന്നത് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസെഫാണ്. ഉയർന്ന ആകുലത അദ്ദേഹത്തിന്റെ മുഖത്തു കാണാം. വേണുഗോപാലിന്റെ കൂടെത്തന്നെ നിൽക്കുകയാണെങ്കിലും അവർ പരസ്പരം നോക്കുന്നതായി കാണുന്നില്ല. അതേസമയം സതീശൻ സംസാരിക്കുമ്പോൾ അദ്ദേഹം സസൂക്ഷമായി അത് ശ്രദ്ധിക്കുന്നുമുണ്ട്. വേണുഗോപാലിന്റെ ടെൻഷൻ സണ്ണി ജോസെഫിലേക്കു വ്യാപിച്ചതായിട്ടാണ് തോന്നുന്നത്.
ആദ്യത്തെ ഫ്രെയിമിൽ, തുടർന് നടന്ന സതീശന്റെ സംസാരങ്ങളിൽ നിന്നൊക്കെ മനസ്സിലാകുന്നത്, ഡൽഹിയിൽ നിന്ന് ഏറ്റവും ആത്മവിശ്വാസത്തോടെ കേരളത്തിലേക്ക് തിരിച്ചു പോയത് സതീശനാണെന്നാണ്. ദീപാ ദാസ് മുൻഷിയുടെ ഭാവങ്ങൾ കാണുമ്പോൾ ഏറ്റവും ചർച്ചയായത് കേരളത്തിൽ ഇന്ന് സതീശന് ഉള്ള വലിയ പിന്തുണതന്നെയാണ് എന്നുവ്യക്തമാണ്. പിന്നെ മീഡിയാ ബ്രീഫിംഗിൽ ഒറ്റകാര്യമാണ് പറഞ്ഞത്, അതായത് നിരത്തുകളിലെ പ്രതിഷേധവും ഫ്ളക്സ്യുദ്ധവും ഒഴിവാക്കണം.
അതായത്, കേരളത്തിൽ നടക്കുന്ന പ്രകടനങ്ങളും പ്രതിഷേധങ്ങളെയും കുറിച്ച് ഹൈക്കമാന്റിന് കൃത്യമായ ധാരണ കിട്ടിയിട്ടുണ്ട് എന്ന വായന സാധ്യമാണ്. ചുരുക്കത്തിൽ, ഇന്നലെ വൈകുന്നേരത്തെ മീഡിയ ബ്രീഫിംഗിലെയും, തുടർന് സതീശൻ നടത്തിയ ചെറിയ സംഭാഷണങ്ങളിലെയും ഫ്രെയിമുകൾ എല്ലാം ഒന്നിച്ചുവെച്ചാൽ മനസ്സിലാവുന്ന ഒരു കാര്യം, അവർ സതീശനെ പൂർണ്ണമായും കേട്ടിട്ടുണ്ട് , അല്ലെങ്കിൽ ഏറ്റവും കേട്ടത് സതീശനെയാണ് എന്നുള്ളതാണ്. കേരളത്തിലെ ഭൂരിപക്ഷം വോട്ടര്മാരുടെയും വികാരങ്ങളെ ഉൾക്കൊള്ളാതെ ഒരു തീരുമാനവും ഹൈക്കമാന്റ് എടുക്കാൻ സാധ്യതയില്ല എന്നതാണ് ഈ ചിത്രങ്ങൾ കാണിക്കുന്നത്. ചരിത്രം മറിച്ചാണ് കാണിക്കുന്നതെങ്കിലും. ഇതൊരു ശ്രമമാണ്. ചിലപ്പോൾ തെറ്റാം,. തെറ്റാകാൻ 20 ശതമാനം സാധ്യതയുണ്ട്. മനുഷ്യ മനസ്സാണെല്ലോ. ശരിയാകാനാണു കൂടുതൽ സാധ്യത.


