ഉക്കിനടുക്ക മെഡിക്കൽ കോളേജ് നാല് ദിവസം കൊണ്ട് കൊവിഡ് ആശുപത്രിയാക്കിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ 2013 ൽ പ്രഖ്യാപിക്കപ്പെട്ട മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയായെങ്കിലും തുറക്കാൻ ഏഴ് വർഷമെടുത്തുവെന്നതാണ് യാഥാർത്ഥ്യം

ഏറ്റവുമൊടുവിൽ കടമ്പാർ സ്വദേശി കമല കൂടി മരിച്ചിരിക്കുന്നു. നമ്പർ വൺ കേരളത്തിൽ തക്ക സമയത്ത് ചികിത്സ കിട്ടാതെ ദിവസങ്ങൾക്കുള്ളിൽ നടന്ന പത്താമത്തെ മരണം. ഇത് ആരുടെ കുറ്റമാണ്? അതിർത്തി അടച്ച കർണാടകത്തിന്റെയോ അല്ല, കാസർകോടിനെ ഈ ദുരവസ്ഥയിലേക്ക് തള്ളിവിട്ട കേരളത്തിന്റെയോ?

ജനറൽ ആശുപത്രിയും ജില്ലാ ആശുപത്രിയും താലൂക്ക് ആശുപത്രികളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും കൂട്ടിയാൽ കിടത്തിച്ചികിത്സയ്ക്ക് സൗകര്യമുള്ള എട്ട് ആശുപത്രികളാണ് ജില്ലയിലുള്ളത്. എന്നാൽ അത്യാസന്ന നിലയിലായ ഒരു രോഗിയെ രക്ഷിക്കാനുള്ള സൗകര്യം ഇവിടെയൊന്നും ഇല്ല എന്നോ, ഇവിടേക്ക് എളുപ്പം എത്തിച്ചേരാവുന്ന ദൂരത്തിലുള്ളവരല്ല മരിച്ചതെന്നോ ആണ് ഈ കണക്ക് സാക്ഷ്യപ്പെടുത്തുന്നത്.

Read more at: കൊവിഡ് ബാധിച്ച ഏരിയാൽ സ്വദേശിയുടെ മകൻ ക്വാറന്‍റൈൻ ലംഘിച്ചതിന് അറസ്റ്റിൽ ...

കൊറോണ വൈറസ് ബാധയെ കേരളം നേരിടുന്ന രീതിയെ രാജ്യമൊട്ടാകെ അഭിനന്ദിക്കുമ്പോഴാണ് ഈ വടക്കേ അതിർത്തി ജില്ലയിലെ പത്ത് ജീവനുകൾ നഷ്ടപ്പെട്ടത്. മറ്റ് 13 ജില്ലകളിലും ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒന്ന്. കർണ്ണാടകത്തിന്റെ നിസഹകരണത്തിന്റെ ഫലമെന്ന് ഇതിനെ കുറ്റപ്പെടുത്താനാവുമോ, അങ്ങിനെയെങ്കിൽ കാസർകോട് ജില്ലയിൽ മികച്ച ആശുപത്രികളില്ലാതെ പോയത് ആരുടെ കുറ്റം കൊണ്ടാണ്? കൊവിഡ് ആശുപത്രിയായി പ്രവർത്തനം ആരംഭിച്ച ഉക്കിനടുക്കയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിന് ഇപ്പോഴത്തെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ സാധിക്കുമോ?

ലോകാരോഗ്യ സംഘടനയുടെ ശരാശരി ആയിരം പേർക്ക് ഒരു ഡോക്ടർ വേണ്ടതുണ്ട്. കേരളത്തിൽ 600 പേർക്ക് ഒരു ഡോക്ടറുണ്ട്. കാസർകോട് ജില്ലയിൽ സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലുമായി ആകെയുള്ളത് 400 ഡോക്ടർമാരാണ്. അങ്ങിനെ വരുമ്പോൾ ജില്ലയിലുള്ള 3714 പേർക്ക് ഒരു ഡോക്ടർ എന്നാണ് കണക്ക്. കാസർകോട് ജനറൽ ആശുപത്രിയും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയുമാണ് ഇവിടെയുള്ള വലിയ ആശുപത്രികൾ. സ്വകാര്യ ആശുപത്രികളൊന്നും സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങളുള്ളതല്ല.

മംഗലാപുരത്തെ ആശ്രയിക്കേണ്ടി വരുന്നത് എന്തുകൊണ്ട്?

കാസർകോടും മംഗലാപുരവും തമ്മിൽ ചിരപുരാതന കാലം മുതലുള്ള ബന്ധമെന്ന് പറയുന്നത് കാസർകോട് എംഎൽഎയായ എൻഎ നെല്ലിക്കുന്നാണ്. "ഒരു പനി വന്നാൽ കാസർകോടുകാർ മംഗലാപുരത്തേക്ക് ഓടും. ഇവിടെയുള്ള ഓരോ കുടുംബത്തിനും മംഗലാപുരത്ത് ഒരു ഫാമിലി ഡോക്ടർ ഉണ്ട്. വീടിനടുത്ത് നല്ല ഡോക്ടറുണ്ടെങ്കിലും മംഗലാപുരത്തെ ഡോക്ടറെ കണ്ടാൽ മാത്രമേ അവർക്ക് ആശ്വാസമാകൂ," എന്നാണ് എംഎൽഎയുടെ അഭിപ്രായം.

Read more at: അതിർത്തി തുറക്കുന്നത് മരണം ചോദിച്ചുവാങ്ങുന്നതിന് തുല്യമെന്ന് യെദിയൂരപ്പ...

എന്നാൽ യഥാർത്ഥ കാരണം സാംസ്കാരികമായതോ, പരമ്പരാഗതമായോ ഉള്ള ഈ ബന്ധമാണെന്ന് പൂർണ്ണമായും വിശ്വസിക്കാൻ സാധിക്കില്ല. കാസർകോട് നിന്ന് വെറും ഒരു മണിക്കൂറിന്റെ ദൂരമേ മംഗലാപുരത്തേക്കുള്ളൂ. അതിർത്തി പ്രദേശമായ മഞ്ചേശ്വരത്ത് നിന്നാണെങ്കിൽ സമയം ഇതിലും എത്രയോ കുറവ്. കാസർകോട്, കണ്ണൂർ ജില്ലകളുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ ഏഴ് മെഡിക്കൽ കോളേജുകളാണ് ഈ നഗരത്തിലുള്ളത്. കണ്ണൂരിൽ നിന്നുള്ള രോഗികൾ പോലും കോഴിക്കോടിനെ ആശ്രയിക്കാതെ മംഗലാപുരത്തെ ആശ്രയിക്കുന്നത് ട്രെയിൻ വഴി വേഗത്തിലെത്താൻ കഴിയുന്നത് കൊണ്ട് കൂടിയാണ്. കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ ചിലവ് കുറവാണെന്നതും ഒരു പ്രധാന കാരണമാണ്.

(ചിത്രം: തലപ്പാടി അതിർത്തി)

എന്നാൽ കർണ്ണാടകം കരുതുന്നത് പോലെ അതിർത്തി അടച്ചാൽ മംഗലാപുരത്തിന് നിലനിൽക്കാനാവുമോ? ഇല്ല എന്നാണ് ഉത്തരം. മംഗലാപുരത്തെ ഏഴ് മെഡിക്കൽ കോളേജുകളിൽ യെനപ്പോയ, ഇന്ത്യാന മെഡിക്കൽ കോളേജുകളുടെ ഉടമകളിൽ അധികവും കാസർകോട്ടുകാരായ ഡോക്ടർമാരാണ്. എന്തിനധികം സ്കൂളുകളിലും കോളേജുകളിലും വരെ കേരളീയരാണ് കൂടുതൽ. കാസർകോട്ടെ പ്രവാസികളുടെ നിക്ഷേപം കുറച്ചാൽ മംഗലാപുരം ഇന്നത്തെ നിലയിലേക്ക് വളരുമായിരുന്നില്ല.

മികച്ച ആശുപത്രികൾ കാസർകോട് ഉണ്ടായിരുന്നെങ്കിൽ മംഗലാപുരത്തിനെ ഇത്രയേറെ ആശ്രയിക്കേണ്ടി വരില്ലെന്നാണ് കാസർകോടുകാരനായ ഡോ ഷമീം മുഹമ്മദ് പറയുന്നത്. "തിരുവനന്തപുരത്തോ, കോഴിക്കോടോ ഒരാൾക്ക് നെഞ്ചുവേദന വന്നാൽ മെഡിക്കൽ കോളേജിനെ ആശ്രയിക്കും. ബിപിഎൽ വിഭാഗത്തിൽ പെടുന്നവർക്ക് പണച്ചിലവില്ലാതെ ശസ്ത്രക്രിയ നടക്കും. കാസർകോടുകാർക്ക് മംഗലാപുരത്തേക്ക് പോകാൻ നിർബന്ധിതരാവുകയാണ്. അവിടെ ലക്ഷങ്ങൾ മുടക്കിയാണ് ചികിത്സ നടത്തുന്നത്," ഡോക്ടർ പറഞ്ഞു.

കാസർകോട് ജനറൽ ആശുപത്രിയുടെ ദുരവസ്ഥ

കഴിഞ്ഞ വർഷം ഏറ്റവുമധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളിലൊന്നാണ് ഇത്. എന്നാൽ ജനറൽ ആശുപത്രിയിലെത്തിയ നിരവധി രോഗികളെ മംഗലാപുരത്തേക്ക് റഫർ ചെയ്തുവിട്ടുവെന്ന് ഡോ ഷമീം പറഞ്ഞു. "അന്ന് ഞങ്ങളിതിന്റെ കാരണം ചോദിച്ചു. ബ്ലഡ് സെപറേഷൻ യൂണിറ്റില്ലെന്നായിരുന്നു മറുപടി. ഒന്നര കോടി രൂപയുടെ ബ്ലഡ് സെപറേഷൻ യൂണിറ്റ് ജനറൽ ആശുപത്രിക്ക് 2017 ൽ ലഭിച്ചതാണ്. അത് പ്രവർത്തിപ്പിക്കാൻ പ്രത്യേകം ജനറേറ്റർ ഇല്ലെന്നും, യൂണിറ്റ് സ്ഥാപിക്കാൻ പ്രത്യേക മുറിക്ക് സർക്കാർ പണം അനുവദിച്ചില്ലെന്നും കാരണം പറഞ്ഞ് ഉപയോഗിച്ചില്ല. വാറണ്ടി കാലം കഴിഞ്ഞിട്ട് പോലും ആ മെഷീൻ തൊട്ടുപോലും നോക്കിയിട്ടില്ല." തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് വന്ന പത്തംഗ മെഡിക്കൽ സംഘത്തിൽ ഡോ ഷമീമുണ്ട്.

"കാസർകോട് താലൂക്ക് ആശുപത്രിയെ 2007 ലാണ് ജനറൽ ആശുപത്രിയാക്കിയത്. അന്നുള്ള 212 കിടക്കകൾ മാത്രമാണ് ഇവിടെ ഇന്നുമുള്ളത്. ഫാർമസിയെ രണ്ടാക്കി തിരിച്ചാണ് അത്യാഹിത വിഭാഗം ഉണ്ടാക്കിയിരിക്കുന്നത്. ട്രോമ കെയർ സെന്റർ വേണ്ടിടത്താണിത്. ജനറൽ ആശുപത്രിയിൽ സിടി സ്കാൻ ഉണ്ട്. അഞ്ച് മണി കഴിഞ്ഞാൽ ഈ സൗകര്യം ലഭിക്കില്ല. ഓപ്പറേറ്റ് ചെയ്യാൻ ആളില്ലെന്നാണ് വിശദീകരണം. 20 ലക്ഷം രൂപ മുടക്കി ഒരു സോണോഗ്രാഫിക് മെഷീൻ വാങ്ങി. അതിനും ഓപ്പറേറ്ററെ കിട്ടിയില്ല. ഈ ടെസ്റ്റ് രോഗികൾ പുറത്ത് ചെയ്യേണ്ട സ്ഥിതിയാണ്," കാസർകോടിനൊരിടം എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ പ്രധാനിയുമായ ഡോക്ടർ ഷമീം പറഞ്ഞു. ഓരോ തവണ കാരണം ചോദിച്ച് ചെന്നപ്പോഴും ഫണ്ടില്ലെന്ന മറുപടിയാണ് കാസർകോട് മുനിസിപ്പാലിറ്റി അധികൃതരുടെ ഭാഗത്ത് നിന്ന് പോലും ഇവർക്ക് ലഭിച്ചത്.

Read more at: കാസർകോട്ടേക്ക് വിദഗ്ധ സംഘവുമായി പുറപ്പെട്ട ബസ് തകരാറിലായി; കുടുങ്ങിയത് ഒരു മണിക്കൂര്‍ ...

കൊവിഡ് രോഗം വൻതോതിൽ ഉയർന്ന സമയത്താണ് ഈ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും ഇല്ലെന്ന് പുറംലോകമറിഞ്ഞത്. ഇവിടെ ഒരു വെന്റിലേറ്റർ പോലുമില്ലെന്നും ഐസിയുവിൽ മോണിറ്റർ പോലുമില്ലെന്ന് ആരോഗ്യവകുപ്പ് മനസിലാക്കിയത്.

ഒരു മെഡിക്കൽ കോളേജ് ആരംഭിച്ചാൽ പ്രശ്നങ്ങൾ തീരുമോ?

നമ്മുടെ നാട്ടിൽ തന്നെ നല്ല ആശുപത്രി സൗകര്യങ്ങൾ വേണമെന്ന ചിന്ത കാസർകോടുകാർക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് കാസർകോട് ഗവൺമെന്റ് കോളേജ് കന്നഡ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകനുമായ ഡോ രാധാകൃഷ്ണൻ എൻ ബെള്ളൂറിന്റെ അഭിപ്രായം. മംഗലാപുരത്ത് എല്ലാ സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങളും ലഭ്യമാണ്. അതുകൊണ്ട് തന്നെ ഇവിടെ ആശുപത്രി വേണമെന്ന ചിന്തയേ ഇതുവരെ ഉണ്ടായിട്ടില്ല. ഉക്കിനടുക്കയിൽ മെഡിക്കൽ കോളേജ് ആരംഭിക്കും എന്ന് പറഞ്ഞപ്പോഴാണ് ജനങ്ങളിൽ കുറച്ചെങ്കിലും അതേക്കുറിച്ച് ഒരു ചിന്ത ഉണ്ടായതെന്നും ഈ അദ്ധ്യാപകൻ പറയുന്നു.

കാസർകോട് നിരവധി സ്വകാര്യ ആശുപത്രികളുണ്ട്. മംഗലാപുരത്തെ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ആഴ്ചയിൽ രണ്ടും മൂന്നും ദിവസം ഇവിടങ്ങളിൽ ലഭ്യമാണ്. മംഗലാപുരത്തെ മെഡിക്കൽ കോളേജുകളിലേക്ക് കാസർകോട് നിന്നുള്ള രോഗികൾ എത്തിച്ചേരാനുള്ള പ്രധാന കാരണവും ഇതാണ്.

Read more at: ബിജെപിക്കാർക്ക് മനുഷ്യത്വമുണ്ടോ? കർണാടകയ്ക്ക് എതിരെ മിണ്ടുമോ? കടകംപള്ളി ...

കാസർകോട് നിന്ന് ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജിലേക്ക് എത്താൻ 45 മിനിറ്റിലേറെ സമയമെടുക്കും. ഈ സമയം കൊണ്ട് മംഗലാപുരത്തേക്ക് എത്താനാവും. കുമ്പളയിൽ നിന്നും മഞ്ചേശ്വരത്ത് നിന്നും ഉക്കിനടുക്കയിലേക്ക് പിന്നെയും ദൂരം കൂടും. ഇവിടെ നിന്നുള്ള രോഗികൾ ഉക്കിനടുക്കയിൽ മെഡിക്കൽ കോളേജ് തുറന്നാലുടൻ മംഗലാപുരത്തേക്കുള്ള യാത്ര അവസാനിപ്പിക്കുമെന്ന് കരുതാനാവില്ല.

കാസർകോടിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഭാവിയിൽ മംഗലാപുരത്തെ ആശ്രയിക്കാതെ നിൽക്കുക പ്രധാനമാണ്. അതിന് ജനകീയമായുള്ള പ്രവർത്തനം ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് കാഴ്ചവയ്ക്കണം. മെഡിക്കൽ കൗൺസിൽ നിർദ്ദേശിക്കുന്ന സ്റ്റാഫ് പാറ്റേണടക്കമുള്ള കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്.

ഫണ്ട് കൃത്യമായി ലഭിക്കുകയാണെങ്കിൽ ആറ് മാസം കൊണ്ട് മെഡിക്കൽ കോളേജ് പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്നാണ് ഡോ ജുനൈദ് റഹ്മാൻ അഭിപ്രായപ്പെടുന്നത്. "രോഗികൾ ധാരാളമായി വരണം. എല്ലാ സ്പെഷാലിറ്റി സൗകര്യങ്ങളും സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങളും ഉണ്ടാകണം. അങ്ങിനെ വന്നാൽ മാത്രമേ ഭാവിയിൽ പിജി കോഴ്സുകൾക്ക് അനുമതി ലഭിക്കൂ. ഇതിനൊക്കെ കുറഞ്ഞത് പത്ത് വർഷമെങ്കിലും സമയമെടുക്കും. പക്ഷെ പ്രധാന വെല്ലുവിളി ഡോക്ടർമാർ അവിടെ ജോലി ചെയ്യാൻ തയ്യാറാകുന്നതിലാണ്. ഇടുക്കിയിലൊക്കെ സംഭവിച്ചിരിക്കുന്നത് അതാണ്. ഡോക്ടർമാർ ജോലി ചെയ്യാൻ തയ്യാറാകുന്നില്ല," ജുനൈദ് റഹ്മാൻ പറഞ്ഞു.

"

"പ്രളയ കാലത്ത് എറണാകുളത്തെ ഒരു ഡോക്ടർ ഒപിയിൽ രോഗികളെ ചികിത്സിക്കാൻ തയ്യാറായില്ല. അദ്ദേഹത്തിനെ ആരോഗ്യ വകുപ്പ് സ്ഥലം മാറ്റിയത് കാസർകോടേക്ക്. അത്തരത്തിലുള്ള ആളുകൾ ഇവിടെ എത്രത്തോളം ആത്മാർത്ഥമായാണ് ജോലി ചെയ്യുക?" എന്നാണ് ഡോ ഷമീം മുഹമ്മദിന്റെ ചോദ്യം. വിദ്യാർത്ഥികൾ മെഡിക്കൽ വിദ്യഭ്യാസ രംഗത്തേക്ക് പോവുന്നത് കുറവാണെന്നും, അവർക്ക് വേണ്ടുന്ന മാർഗനിർദ്ദേശങ്ങളോ, പഠന സൗകര്യങ്ങളോ കാസർകോടില്ലെന്നും ഡോക്ടർക്ക് പരാതിയുണ്ട്. വിരലിലെണ്ണാവുന്ന സ്കൂളുകളിൽ നിന്നാണ് ജില്ലയിൽ ഡോക്ടർമാരുണ്ടാവുന്നതെന്നും ഡോക്ടർ പറഞ്ഞു.

മഞ്ചേശ്വരത്ത് ഒന്ന് മംഗലാപുരത്ത് 40

ഗോവിന്ദ പൈ മെമ്മോറിയൽ ഗവൺമെന്റ് കോളേജാണ് മഞ്ചേശ്വരം മണ്ഡലത്തിലെ ഏക ഗവൺമെന്റ് കോളേജ്. മണ്ഡലത്തിൽ എയ്ഡഡ് കോളേജുകളില്ല. സെൽഫ് ഫിനാൻസിങ് കോളേജുകളുടെ നിലവാരം പാരലൽ കോളേജുകൾക്ക് സമാനമാണ്. അതേസമയം മംഗലാപുരം നഗരത്തിൽ മാത്രം 40 സർക്കാർ കോളേജുകളുണ്ട്. സ്വകാര്യ മേഖലയിലെ കോളേജുകൾ വേറെയും.

Read more at: അതിർത്തി അടച്ച സംഭവം: രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളെ രണ്ടായി കാണില്ലെന്ന് കോടതി...

"അവിടെ ബെർമട്ട ഗവൺമെന്റ് കോളേജുണ്ട്. അതിന്റെ അരകിലോമീറ്റർ ചുറ്റളവിൽ രണ്ട് സ്വകാര്യ കോളേജുകളും മറ്റൊരു ഗവൺമെന്റ് കോളേജുമുണ്ട്," ഡോ രാധാകൃഷ്ണൻ കാസർകോട്ടെയും മംഗലാപുരത്തെയും വിദ്യാഭ്യാസ സൗകര്യങ്ങളെ താരതമ്യം ചെയ്തുകൊണ്ട് പറഞ്ഞു. "പുത്തൂർ ജില്ലാ ആസ്ഥാനം കാസർകോട് അതിർത്തിയോട് ചേർന്നാണ്. കാസർകോടിനേക്കാൾ ചെറിയ നഗരമാണ് അത്. ഇവിടെയും രണ്ട് ഗവൺമെന്റ് കോളേജുകളുണ്ട്. ബിബിഎ, ബിസിഎ, ബികോം, ബിഎസ്‌സി, എംബിഎ, എംസിഎ, നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്സുകൾ, എഞ്ചിനീയറിങ് എന്ന് തുടങ്ങി ഇപ്പോൾ കുട്ടികൾ തിരഞ്ഞെടുക്കുന്ന പ്രധാന കോഴ്സുകളെല്ലാം അവിടെ പഠിക്കാനാവും," എന്നാണ് ഡോ രാധാകൃഷ്ണന്റെ അഭിപ്രായം. 

 (ചിത്രം: ഗോവിന്ദ പൈ മെമോറിയൽ ഗവൺമെന്റ് കോളേജ്, മഞ്ചേശ്വരം)

കണ്ണൂർ സർവകലാശാലയുമായി താരതമ്യം ചെയ്യുമ്പോൾ മംഗലാപുരം സർവകലാശാല നിലവാരത്തിൽ മുന്നിലാണ്. ടൈംടേബിൾ പ്രകാരം ക്ലാസുകൾ നടത്തുന്നതിലും, പരീക്ഷകൾ നടത്തുന്നതിനും സെമസ്റ്റർ വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിലും മംഗലാപുരത്തെ സർവകലാശാല ബഹുദൂരം മുന്നിലാണ്. എന്തിന് കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ഒരാൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കാനുണ്ടാകുന്ന കാലതാമസം മംഗലാപുരത്ത് ഉണ്ടാകില്ല.

"കാസർകോട് മേഖലയിലെ 70 ശതമാനത്തോളം കുട്ടികളും സ്കൂൾ വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്. വടക്കോട്ട് പോകും തോറും അതിന്റെ എണ്ണം കൂടും. കാസർകോട്ടെ കന്നഡ മീഡിയം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് നൽകുന്ന അദ്ധ്യാപകർ മംഗലാപുരമാണ് ഏറ്റവും നല്ലതെന്ന് അഭിപ്രായപ്പെടുന്നതാണ്. മികച്ച കരിയറിനും നല്ല കോഴ്സുകൾ പഠിക്കാനും മംഗലാപുരത്തെ തന്നെ ആശ്രയിക്കണമെന്നാണ് അദ്ധ്യാപകർ പറഞ്ഞുകൊടുക്കുന്നത്. അത് നമ്മുടെ നാട്ടിൽ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്നിട്ടാണ്," എന്നും ഡോ രാധാകൃഷ്ണൻ പറഞ്ഞു.

Read more at: രോഗികൾക്ക് വേണ്ട സൗകര്യം പിണറായി കാസർകോട് തന്നെ ഒരുക്കണം; അതിർത്തി തുറക്കില്ലെന്ന് എംപി...

ഉക്കിനടുക്ക മെഡിക്കൽ കോളേജ് നാല് ദിവസം കൊണ്ട് കൊവിഡ് ആശുപത്രിയാക്കിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടത്. എന്നാൽ ഒന്ന് ഓർമ്മിപ്പിക്കട്ടെ, ഈ പദ്ധതി പ്രഖ്യാപിച്ചത് 2013 ലാണ്. ഒരു മെഡിക്കൽ കോളേജ് തുറന്ന് പ്രവർത്തിക്കാൻ ഏഴ് വർഷം ഒരു നീണ്ട കാലയളവാണെന്ന് കരുതാതെ വയ്യ. സംസ്ഥാനത്ത് വളരെ പിന്നാക്കം നിൽക്കുന്ന ഈ ജില്ലയ്ക്ക് ആശ്രയിക്കാൻ മംഗലാപുരം ഉണ്ടല്ലോ എന്ന് നമ്പർ വൺ കേരളം കൂടി ചിന്തിച്ചതിന്റെ വിലയാണ് നമുക്ക് നഷ്ടപ്പെട്ട പത്ത് ജീവനുകൾ. നാം ഇന്ത്യാക്കാർ, സഹോദരി സഹോദരങ്ങൾ എന്ന പ്രതിജ്ഞ കർണാടകം ഭരിക്കുന്നവർക്ക് ചൊല്ലിപ്പഠിപ്പിക്കേണ്ട കാലം കൂടിയായി ഇത് മാറുന്നു എന്നതാണ് ദു:ഖസത്യം.