തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുത്തത് പോലെ ചില നിയമസഭ സീറ്റുകളിലും ധാരണയ്ക്ക് നീക്കമെന്ന് മുരളീധരൻ ആരോപിച്ചു. താൻ മത്സരിക്കണോ അതോ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകണോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും മുരളീധരൻ.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎം - ബിജെപി അന്തർധാര മണക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. നേമത്ത് നിന്നുള്ള ശിവൻകുട്ടിയുടെയും വട്ടിയൂർക്കാവിൽ നിന്നും ശ്രീലേഖയുടെയും പിന്മാറ്റം ഇതിന് തെളിവാണെന്ന് മുരളീധരൻ ആരോപിച്ചു. തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുത്തത് പോലെ ചില നിയമസഭ സീറ്റുകളിലും ധാരണയ്ക്ക് നീക്കമെന്ന് മുരളീധരൻ ആരോപിച്ചു. താൻ മത്സരിക്കണോ അതോ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകണോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും മികച്ച സ്ഥാനാർഥികളെ കോണ്‍ഗ്രസ് അവതരിപ്പിക്കും. യുവാക്കളും വനിതകളും അനുഭവ സമ്പന്നരും പട്ടികയിൽ ഉണ്ടാകും. ഇത്തവണ തെരഞ്ഞെടുപ്പിന് മുൻപും ശേഷവും പാർട്ടിയിൽ തർക്കം ഉണ്ടാകില്ല. സ്ഥാനാർഥി നിർണയം തർക്കം ഇല്ലാതെ പൂർത്തീകരിക്കും. കോൺഗ്രസ്‌ ബൂത്ത്‌ കമ്മിറ്റികൾ പുനർ സംഘടിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു.

ബിജെപിയിൽ ഇപ്പോൾ തന്നെ അടി തുടങ്ങി. അതാണ് തിരുവനന്തപുരത്ത് കാണുന്നത്. ബിജെപിയിലെ തർക്കം മൂർച്ഛിക്കും.നഗരസഭ ഭരണം കോണ്‍ഗ്രസ് അട്ടിമറിക്കില്ലെന്നും അവർ സ്വയം തന്നെ തകർത്താൽ തങ്ങൾ ഉത്തരവാദികളല്ലെന്നും മുരളീധരൻ പ്രതികരിച്ചു.

സീറ്റുകൾ വെച്ചുമാറുന്നത് അതാത് പാർട്ടിയുടെ താല്പര്യം അനുസരിച്ചാണ്. ആരുടെ സീറ്റും കോൺഗ്രസ്‌ പിടിച്ചു വാങ്ങില്ല. ലീഗിന് കൂടുതൽ സീറ്റിന് യോഗ്യത ഉണ്ട്. സീറ്റ് കാര്യങ്ങൾ മുന്നണി ചർച്ച ചെയ്യും. ലീഗും കോൺഗ്രസും വിട്ടുവീഴ്ച ചെയ്യുമെന്നും മുരളീധരൻ വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാൻ യോഗ്യനെന്നും കെ മുരളീധരൻ പറഞ്ഞു. സിപിഎമ്മിൽ നിന്നും സീറ്റുകൾ പിടിച്ചെടുത്ത ചരിത്രമുള്ള നേതാവാണ് മുല്ലപ്പള്ളി. ഇതുവരെ അദ്ദേഹം മത്സരിച്ചു വിജയിച്ചത് സിപിഎം കേന്ദ്രങ്ങളിലാണ്. മുല്ലപ്പള്ളി കോൺഗ്രസ്സിന്റെ മുതൽക്കൂട്ടാണ്. സീറ്റ് നൽകേണ്ടത് പാർട്ടി തീരുമാനിക്കും എന്നും മുരളീധരൻ പറഞ്ഞു.

YouTube video player