ഓഫീസ് വിവാദം പിആർ ഏജൻസികളുടെ ഇലക്ഷൻ സ്റ്റണ്ടാണെന്ന് കെ മുരളീധരൻ. അനധികൃതമായി കൈവശം വച്ച ഓഫീസ് പ്രശാന്ത് എംഎൽഎ ഒഴിഞ്ഞത് നന്നായെന്നും വട്ടിയൂർകാവിലെ വികസനമാണ് വോട്ടർമാർ വിലയിരുത്തുകയെന്നും മുരളീധരൻ

തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎയും ബിജെപി കൗൺസിലർ ആർ ശ്രീലേഖയും തമ്മിലുള്ള ഓഫീസ് വിവാദത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ഓഫീസ് വിവാദം പിആർ ഏജൻസികളുടെ ഇലക്ഷൻ സ്റ്റണ്ടാണെന്ന് കെ മുരളീധരൻ പ്രതികരിച്ചു. അനധികൃതമായി കൈവശം വച്ച ഓഫീസ് ഒഴിഞ്ഞത് നന്നായി. വട്ടിയൂർകാവിലെ വികസനമാണ് വോട്ടർമാർ വിലയിരുത്തുക. ഓഫീസ് മാറ്റം അല്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഒരു ഘട്ടത്തിലും കോർപ്പറേഷൻ ഭരണം അട്ടിമറിക്കാനില്ലെന്ന കോൺഗ്രസ് നിലപാട് ശരിയാണെന്നും അവർ പരസ്പരം തല്ലിത്തീർത്തോളുമെന്നും ശ്രീലേഖ വിവാദത്തിൽ മുരളീധരൻ പ്രതികരിച്ചു.

തർക്കത്തിനൊടുവിൽ വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു

ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവിൽ വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നതായി റിപ്പോർട്ട്. ശാസ്തമംഗലത്തെ ഓഫീസാണ് എംഎൽഎ ഒഴിയുന്നത്. പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം. നേരത്തെ, ഇരുവരും തമ്മിലുള്ള ഓഫീസ് കെട്ടിട തർക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തർക്കം ഉടലെടുത്തത്.

ശാസ്തമംഗലത്തെ കോര്‍പ്പറേഷൻ കെട്ടിടത്തിലെ കൗണ്‍സിലര്‍ ഓഫീസും വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൗണ്‍സിലര്‍ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാണിച്ച് വികെ പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. കോര്‍പ്പറേഷൻ ആണ് കരാറിന്‍റെ അടിസ്ഥാനത്തിൽ കെട്ടിടം തനിക്ക് വാടകക്ക് തന്നിരിക്കുന്നതെന്നും മാര്‍ച്ച് വരെ കാലാവധിയുണ്ടെന്നും ഒഴിയില്ലെന്നുമുള്ള ഉറച്ച നിലപാടാണ് വികെ പ്രശാന്ത് എംഎൽഎ സ്വീകരിച്ചത്. എന്നാൽ സംഭവം വിവാദമായതോടെ മയപ്പെടുത്തി ശ്രീലേഖ രംഗത്തെത്തി. ഓഫീസ് ഒഴിയണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും തങ്ങള്‍ ഇരുവരും സുഹൃത്തുക്കളാണെന്നുമായിരുന്നു ആര്‍ ശ്രീലേഖയുടെ പ്രതികരണം.

എന്നാൽ, പ്രശാന്ത് ഓഫീസ് ഒഴിയുന്നതുവരെ ചെറിയ സ്ഥലത്ത് തന്നെ ഓഫീസ് തുടരുമെന്ന സൂചന നൽകികൊണ്ട് ആര്‍ ശ്രീലേഖ വീണ്ടും ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. കൗണ്‍സിലര്‍ ഓഫീസിലെ പരിമിതമായ സൗകര്യങ്ങളാണുള്ളതെന്ന് വ്യക്തമാക്കുന്ന വീഡിയോ അടക്കം ഫേസ്ബുക്ക് പോസ്റ്റിൽ ആര്‍ ശ്രീലേഖ പങ്കുവെച്ചിരുന്നു. ഇവിടെ തന്നെ സേവനം തുടരുമെന്നും ഓഫീസിന്‍റെ ഒരു ഭാഗത്ത് നിറയെ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണെന്നും വീഡിയോയിൽ ശ്രീലേഖ പറഞ്ഞിരുന്നു. 

YouTube video player