Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം ന​ഗരസഭയിൽ നടന്നത് വ്യാപക നികുതി വെട്ടിപ്പ്; നൂറുകണക്കിനാളുകൾ അടച്ച നികുതി രേഖകളിൽ ഇല്ല

വര്‍ഷങ്ങളായി കരമടക്കുന്ന പലരുടെയും കരം കോര്‍പ്പറേഷന്‍റെ കണക്കില്‍ കാണാനേയില്ല. ഇത്തരത്തില്‍ തട്ടിപ്പിനിരയായ നിരവധി പേരെ ഏഷ്യാനെറ്റ് ന്യൂസ് സംഘം നേരിട്ട് കണ്ടു. 

widespread tax evasion in thiruvananthapuram corporation
Author
Thiruvananthapuram, First Published Oct 1, 2021, 7:01 AM IST

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ (Thiruvananthapuram Corporation)  വീട്ടുകരം ഉള്‍പ്പടെയുള്ള നികുതി പിരിക്കുന്നതില്‍ (Tax Evasion) വ്യാപക ക്രമക്കേട്. വര്‍ഷങ്ങളായി കരമടക്കുന്ന പലരുടെയും കരം കോര്‍പ്പറേഷന്‍റെ കണക്കില്‍ കാണാനേയില്ല. ഇത്തരത്തില്‍ തട്ടിപ്പിനിരയായ നിരവധി പേരെ ഏഷ്യാനെറ്റ് ന്യൂസ് സംഘം നേരിട്ട് കണ്ടു. വീട്ടുകരത്തിന്‍റെ മറവില്‍ 32 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ സൂപ്രണ്ട് അടക്കം ആറു ജീവനക്കാരെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തത്. 

ചുവരിന് സിമന്‍റ് പൂശാനോ മേല്‍ക്കൂര ഒന്ന് നന്നാക്കി പണിയാനോ പോലും വരുമാനമില്ലാത്ത ശോഭന കുമാരി തനിക്കുണ്ടായ ഗതികേട് ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ചു. കഴിഞ്ഞ കാലങ്ങളിലെല്ലാം കൃത്യമായി കരമടച്ചിരുന്നു. കഴിഞ്ഞ ദിവസവും കരമടക്കാന്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ പോയി. കഴിഞ്ഞ വര്‍ഷങ്ങളില്‍ അടച്ചതെല്ലാം ശോഭന കാണിച്ചു. പക്ഷേ കോര്‍പ്പറേഷന്‍റെ കണക്കില്‍ ഇതൊന്നുമില്ല. ശോഭനയെപ്പോലെ നിരവധി പേരാണ് നികുതി തട്ടിപ്പില്‍ കുടുങ്ങിയത്. 

എല്ലാവര്‍ഷവും പാളയം സാഫല്യം കോംപ്ലക്സിലെ ജനസേവന കേന്ദ്രത്തിലെത്തിയാണ് ജയശങ്കര്‍ വീട്ടുകരം ഒടുക്കിയത്. രസീതുകളും കയ്യിലുണ്ട്. പക്ഷേ അടച്ച പണം കോര്‍പ്പറേഷന് കിട്ടിയില്ലെന്നാണ് പറയുന്നത്.  നിരവധി പേരാണ് ഇതുപോലെ, എന്ത് ചെയ്യണമെന്നറിയാതെ പെട്ടുപോയത്. കെട്ടിട നികുതിയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇതുവരെ ആറ് ജീവനക്കാരെ സസ്പെന്‍റ് ചെയ്തതായി കോര്‍പ്പറേഷന്‍ അറിയിച്ചു. 

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി തട്ടിപ്പിനെതിരെ ബിജെപി കൗൺസിലാർമാർ നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുകയാണ്. കൗൺസിൽ ഹാളിലാണ് പ്രതിഷേധം. നികുതി വെട്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്നലെ രാത്രി കേന്ദ്രമന്ത്രി വി മുരളീധരൻ കൗൺസിൽ ഹാളിലെത്തി സമരത്തിന് പിന്തുണ അറിയിച്ചു. ഇതിനിടെ നഗരസഭാ ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് ബിജെപിക്കെതിരെ ഇടതുമുന്നണിയും സമരം പ്രഖ്യാപിച്ചു. നാളെ വാർഡ് കേന്ദ്രങ്ങളിലാണ് സമരം. 
 

Follow Us:
Download App:
  • android
  • ios