കല്‍പ്പറ്റ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഭർത്താവ് മരിച്ച് തൊട്ടുപിന്നാലെ ഭാര്യക്ക് അപകടത്തിൽ ദാരുണാന്ത്യം. ഭർത്താവിന്റെ മരണവാർത്തയറിയാതെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. കണിയാമ്പറ്റ ഹൈസ്‌കൂളിന് സമീപത്തെ വൈതല പറമ്പില്‍ മുഹമ്മദ് മുഷ്താഖ്(53), ഭാര്യ മൈമൂന(42) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുഷ്‌താഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇക്കാര്യം അറിയിക്കാതെ മൈമൂനയെയും മകൻ അൻസാറിനെയും സഹോദര പുത്രൻ ജംഷീദ് കാറില്‍ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കല്‍പ്പറ്റ നഗരത്തില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാറും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. മുഷ്താഖിന്റെ മൃതദേഹം ഇതുവഴി പോസ്റ്റ്മോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക്  കൊണ്ടുപോയതിന് പിന്നാലെയായിരുന്നു അപകടം. ഉടൻ തന്നെ കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ മൈമൂനയെ രക്ഷിക്കാനായില്ല.

അൻസാർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ജംഷീദ് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ജുനൈദ്, ഖൈറുന്നീസ എന്നിവരാണ് ദമ്പതികളുടെ മറ്റു മക്കള്‍. മൃതദേഹങ്ങൾ സംസ്‌കരിച്ചു.