എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ക്ലറിക്കല്‍ തസ്തികയിലാണ് ജോലി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സൈനികക്ഷേമ വകുപ്പിന്റെ ഉത്തരവ് ഇറങ്ങി.
തിരുവനന്തപുരം: കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ (Coonoor Helicopter Crash) മരണപ്പെട്ട വ്യോമസേനയിലെ ജൂനിയര്‍ വാറന്‍റ് ഓഫീസര്‍ എ പ്രദീപിന്‍റെ ഭാര്യ ശ്രീലക്ഷ്മിക്ക് തൃശ്ശൂര്‍ താലൂക്ക് ഓഫീസില്‍ നിയമനം നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്‍. എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ക്ലറിക്കല്‍ തസ്തികയിലാണ് ജോലി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സൈനികക്ഷേമ വകുപ്പിന്റെ ഉത്തരവ് ഇറങ്ങി. ജില്ലാ കലക്ടറുടെ നിയമന ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസം തന്ന ശ്രീലക്ഷ്മിക്ക് ജോലിയില്‍ പ്രവേശിക്കാമെന്നും മന്ത്രി അറിയിച്ചു.
ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട പ്രദീപിന്‍റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ അപകടം നടന്ന് ഒരാഴ്ചയ്ക്കകം തന്നെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. സാധാരണ നിലയില്‍ യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനാണ് നിയമത്തില്‍ വ്യവസ്ഥയുള്ളത്. എന്നാല്‍ പ്രദീപിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കി ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് റവന്യൂ മന്ത്രി കെ രാജന്‍ തൊട്ടടുത്ത ദിവസം തന്നെ പ്രദീപിന്റെ പുത്തൂരിലെ വീട്ടില്‍ നേരിട്ടെത്തി ശ്രീലക്ഷ്മിക്ക് കൈമാറിയിരുന്നു.
