ആലപ്പുഴ: ചേർത്തലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച താലൂക്കാശുപത്രിയിലെ ആരോഗ്യ പ്രവർത്തകരിൽ ഒരാൾ സിപിഎം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറിയുടെ ഭാര്യ.  ഇതോടെ ഏരിയാസെക്രട്ടറി നിരീക്ഷണത്തിൽ പോയി. 

കഴിഞ്ഞദിവസം ആലപ്പുഴ ജില്ലാ സെക്രട്ടറി അടക്കം പങ്കെടുത്ത് കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി യോഗം ചേർന്നിരുന്നു. അതിനാൽ  സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ഉൾപ്പെടെ നേതാക്കൾ  നിരീക്ഷണത്തിൽ പോയി.

ഒരു ഡോക്ടർ അടക്കം ആഞ്ച്  ആരോഗ്യപ്രവർത്തകർക്കാണ് ചേർത്തലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ  അതീവ ജാഗ്രതയിലാണ് ചേർത്തല. താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരിൽ ഒരു ഡോക്ടറും രണ്ട് സ്റ്റാഫ് നഴ്സുമാരും ഉൾപ്പെടും. 

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ആലപ്പുഴയിലെ ഗർഭിണിയെ ചികിത്സിച്ചിരുന്നത് ചേർത്തല താലൂക്ക് ആശുപത്രിയിലായിരുന്നു. ഇതേ തുടർന്നാണ്  ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 

ആശുപത്രിയിലെ കൂടുതൽ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് നഗരസഭാ ചെയർമാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. 87 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 51 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാംപ്, കായംകുളം മാർക്കറ്റ് ഇവ കേന്ദ്രീകരിച്ചാണ് കൂടുതൽ രോഗവ്യാപന സാധ്യത. 

ചെല്ലാനം ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് പേർക്കും ഇതിലൊരാളുടെ കുടുംബാംഗങ്ങൾക്കും രോഗം. താമരക്കുളം, നൂറനാട്, കായംകുളം എന്നിവിടങ്ങളിൽ കൂടുതൽ നിയന്ത്രണം. ഐടിബിപി ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഇവിടെ എല്ലാവർക്കും വ്യക്തിഗത ക്വാറന്റൈൻ ഉറപ്പാക്കും. 

ക്യാംപിന് പുറത്ത് താമസിക്കുന്ന ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ക്വാറന്റൈനിൽ. പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ വിവിധ വകുപ്പുകളിലെ ജീവനക്കാരെ കമ്യൂണിറ്റി സെന്ററിൽ നിയോഗിച്ചു.