മകളുടെ വിവാഹം ക്ഷണിക്കാൻ പോകവേ സ്കൂട്ടറിൽ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വെട്ടിയാർ സ്വദേശി തുളസി എസ്. നായർ മരിച്ചു. ഇതേ അപകടത്തിൽ ഇവരുടെ ഭർത്താവ് ശശി കെ നായർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മേയ് 10ന് നിശ്ചയിച്ചിരുന്ന മകളുടെ വിവാഹത്തിന് ക്ഷണക്കത്ത് നൽകാൻ പോകുമ്പോഴായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.

മാവേലിക്കര : മകളുടെ വിവാഹം ക്ഷണിക്കാൻ പോകവേ സ്കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ്‌. നായരാണ് (55) മരിച്ചത്. കഴിഞ്ഞ മാസം 27നുണ്ടായ അപകടത്തിൽ ഭർത്താവും കോൺഗ്രസ് വെട്ടിയാർ മണ്ഡലം സെക്രട്ടറിയുമായിരുന്ന ശശി കെ നായർ (64) സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മാർച്ച് 27 ന് വൈകീട്ട് 7.15ന് മാങ്കാംകുഴി ചുനക്കര റോഡിൽ പാറക്കുളങ്ങരക്കു തെക്ക് വെച്ചായിരുന്നു അപകടം. 

Add Asianetnews as a Preferred SourcegooglePreferred

മകൾ അഭിരാമിയുടെ വിവാഹം മേയ് 10ന് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. കല്യാണം വിളിക്കാൻ ഇരുവരും സ്കൂട്ടറിൽ പോകവേ എതിർദിശയിൽ നിന്ന് വേഗത്തിൽ എത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ 30 മീറ്ററോളം മുന്നോട്ട് ഇടിച്ചു നീക്കിയാണു കാർ നിന്നത്. ശശി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണാണ് തുളസിക്ക് പരുക്കേറ്റത്. തുടർന്ന് എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്. മക്കൾ: അഭിരാമി, അഭിഷേക്.