കാസര്‍കോട്: മേലുദ്യോഗസ്ഥന്‍റെ മാനസിക പീഡനം അസഹനീയമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കാര്‍കോട് ജില്ലയിലെ പന്ത്രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ വനിതാ കമ്മീഷന് മുന്നിൽ . വാര്‍ത്താവിനിമയ വിഭാഗം ഇൻസ്പെക്ടര്‍ക്ക് എതിരെ ആണ് പരാതി ഉയര്‍ന്നിട്ടുള്ളത്. പരാതിക്കാരിൽ ആറ് പേര്‍ വനിതാ കമ്മീഷന് മുന്നിൽ ഹാജരായി ഉദ്യോഗസ്ഥനെതിരെ മൊഴി നൽകിയിട്ടുണ്ട്. 

ചെലവിന് പണം ആവശ്യപ്പെടുന്നു, നിരന്തരം കാരണം കാണിക്കൽ നോട്ടീസ് നൽകുന്നു , മറുപടിയുടെ പേരു പറഞ്ഞും പീഡിപ്പിക്കുന്നു, സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും തടയുന്ന വിധം ഇടപെടുന്നു തുടങ്ങിയ പരാതികളാണ് ഉന്നയിച്ചിട്ടുള്ളത്. അച്ഛൻ കുഴഞ്ഞു വീണ വിവരം അറിയിച്ചിട്ടും ഡ്യൂട്ടിയിൽ നിന്ന് ഇറങ്ങാൻ മേലുദ്യോഗസ്ഥൻ സമ്മതിച്ചില്ലെന്നും സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാതെ അച്ഛൻ മരിച്ചെന്നും പരാതിക്കാരിൽ ഒരാൾ മൊഴി നൽകിയിട്ടുണ്ട്. ഇതേ ഉദ്യോഗസ്ഥൻ ഇടപെട്ട് ഇല്ലാത്ത പരാതികളുടെ പേരിൽ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയ സോജൻ എന്ന പൊലീസുകാരൻ പരിശീലനത്തിനിടെ പരിക്കേറ്റ് മരിക്കുകയും ചെയ്തിരുന്നു. 

മേലുദ്യോഗസ്ഥന്‍റെ നിരന്തര മാനസിക പീഡനം കാരണം ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും ഭര്‍ത്താക്കൻമാര്‍ കടുത്ത വിഷാദത്തിലാണെന്നും ഭാര്യമാരുടെ പരാതിയിൽ പറയുന്നുണ്ട്. 

പരാതികളുടെ അടിസ്ഥാനത്തിൽ തെളിവെടുപ്പിന് ഹാജരാകാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വന്നില്ലെന്നാണ് വനിതാ കമ്മീഷൻ പറയുന്നത്. ഉദ്യോഗസ്ഥൻ സഹകരിക്കാത്ത സാഹചര്യത്തിൽ പരാതിയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാൻ അഡീഷണൽ ജില്ലാ പൊലീസ് സൂപ്രണ്ട് ഡി ശിൽപയോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ അറിയിച്ചു. ജനുവരി 24 ന് നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാൻ വനിതാ കമ്മീഷൻ ഉദ്യോഗസ്ഥനോടും ആവശ്യപ്പെട്ടു. 

എറണാകുളത്തു നിന്നുള്ള ഉദ്യോഗസ്ഥൻ കഴിഞ്ഞ വര്‍ഷമാണ് കാസര്‍കോട്ട് എത്തുന്നത്. ജോലിയിൽ വിട്ട് വീഴ്ച ചെയ്യാത്തതിനാലാണ് തനിക്കെതിരെ പരാതികൾ ഉയരുന്നതെന്നും , പലവട്ടം ഉയര്‍ന്ന ഇത്തരം പരാതികൾ കഴമ്പില്ലെന്ന് കണ്ടെത്തി തള്ളി കളഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.