തിരുവില്വാമല കയറമ്പാറ പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി പരാതി

തൃശൂര്‍: തിരുവില്വാമല കയറമ്പാറ പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി പരാതി. തിരുവില്വാമല മൂന്നാം വാര്‍ഡ് കയറമ്പാറ പാടശേഖരത്തിലാണ് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷിക്ക് വന്‍നാശമുണ്ടാക്കിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. 30 ഏക്കറോളം വിസ്തൃതിയുള്ള നെല്‍പ്പാട ശേഖരത്തില്‍ പകുതിയിലേറെ നെല്‍കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു. നെല്‍ക്കതിരുകള്‍ മൂപ്പായി കൊയ്യാനിരിക്കെയാണ് കര്‍ഷകരുടെ ഉപജീവനമാര്‍ഗമായ കൃഷിയെ നശിപ്പിച്ച് പന്നികള്‍ വിളയാട്ടം നടത്തിയത്. കടബാധ്യതകളോടെയാണ് പല കര്‍ഷകരും കൃഷി ഇറക്കിയിരുന്നത്. മണ്ണില്‍ അധ്വാനത്തില്‍ കിളര്‍ത്ത നെല്‍ക്കതിരുകള്‍ കൊയ്‌തെടുത്ത് ഉപജീവനം സാധ്യമാക്കാമെന്ന് കരുതിയിരുന്ന സമയത്താണ് പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി കാട്ടുപന്നികള്‍ കൃഷി നാശമാക്കിയത്. പാടശേഖരത്തിലുള്ള പല വരമ്പുകളും കുത്തി മറിച്ച് പന്നികള്‍ വയലുകള്‍ കൈയ്യടക്കുകയാണ്.

ഇനി, ഉള്ള നെല്‍ എങ്കിലും കൊയ്‌തെടുക്കുവാനുള്ള തിരക്കിലാണ് ഇവിടെയുള്ള കര്‍ഷകര്‍. പല കര്‍ഷകരും കാട്ടുപന്നികളുടെ ശല്യം മൂലം കൃഷിഭൂമി തരിശിട്ടിരിക്കുകയാണ്. മറ്റ് കര്‍ഷകരാകട്ടെ ഒരു മാര്‍ഗമില്ലാതെ നെല്‍കൃഷി വീണ്ടും തുടരുകയാണ്. വര്‍ഷങ്ങളായി ഈ പാടശേഖരത്തില്‍ കാട്ടുപന്നികളുടെ രൂക്ഷമായ ശല്യം പതിവാണെന്നും പരാതികള്‍ പഞ്ചായത്ത് ഓഫീസിലും കൃഷിവകുപ്പിനും നല്‍കുന്നുവെങ്കിലും ആരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ട് പോലുമില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു. പന്നികളെ വെടിവെച്ചു കൊല്ലുവാന്‍ ഉള്ള ഷൂട്ടര്‍മാരെ കയറമ്പാറ പാടശേഖരത്തിലേക്ക് അയക്കുവാനുള്ള ഉത്തരവാദിത്വവും പഞ്ചായത്ത് അധികൃതര്‍ കാണിച്ചില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.