സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ അച്ഛനെ പെട്ടെന്ന് അവിടെ നിന്ന് മാറ്റണമായിരുന്നുവെന്നും അതിനുള്ള നടപടികളൊന്നും ഉണ്ടായില്ലെന്നും സോന പറഞ്ഞു.

മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന് വയനാട്ടില്‍ മതിയായ ചികിത്സ കിട്ടിയില്ലെന്ന പരാതിയുമായി മകള്‍. അച്ഛൻ മരിച്ചതിന്‍റെ തീരാവേദനക്കിടെയും വയനാട്ടില്‍ ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നും കോഴിക്കോടെത്തിക്കാൻ വൈകിയെന്നുമാണ് പോളിന്‍റെ മകള്‍ കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞത്. 

ആശുപത്രിയിൽ നിന്ന് ചികിത്സ വൈകിപ്പിച്ചുവെന്നും മാനന്തവാടിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് വേണ്ട ചികിത്സ കിട്ടിയില്ലെന്നും പോളിന്‍റെ മകള്‍ സോന ആരോപിച്ചു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ചികിത്സ വൈകിപ്പിച്ചു. കോഴിക്കോടേക്ക് എത്തിക്കാൻ വൈകി. വേണ്ട ചികിത്സാ കൊടുക്കാൻ ഉള്ള സൗകര്യങ്ങൾ ഇല്ലെങ്കിൽ രോഗിയെ അവിടെ വെക്കരുതായിരുന്നുവെന്നും സോന പറഞ്ഞു. "ദിവസങ്ങള്‍ക്ക് മുമ്പ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷേട്ടന്‍റെ മകള് പറഞ്ഞു ആർക്കും ആ ഗതി വരരുതെന്ന്. പക്ഷേ അതെ ഗതി എനിക്കും വന്നിരിക്കുകയാണിപ്പോള്‍. എനിക്കി എന്‍റെ അച്ഛനെ നഷ്ടമായി. സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ അച്ഛനെ പെട്ടെന്ന് അവിടെ നിന്ന് മാറ്റണമായിരുന്നു', സോന പറഞ്ഞു.

'വയനാട് കത്തിക്കണം, എല്ലാവരും ഒരുങ്ങിയിരിക്കണം': ശബ്‌ദസന്ദേശം വൈറൽ; കലാപാഹ്വാനത്തിന് പൊലീസ് കേസെടുത്തു

കോഴിക്കോടേക്ക് കൊണ്ടുപോകാൻ ഹെലികോപ്ടര്‍ വരുമെന്നാണല്ലോ പറഞ്ഞത്? എന്നിട്ട് എവിടേ?. ശസ്ത്രക്രിയ നടത്തുമെന്ന് പറഞ്ഞ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍നിന്ന് കോഴിക്കോടേക്ക് കൊണ്ടുപോകുന്നത് വൈകിപ്പിച്ചു. ഒരു മണിയായപ്പോഴാണ് കൊണ്ടുപോയത്. അതുവരെ മതിയായ ചികിത്സ നല്‍കിയില്ല. അവിടെ സൗകര്യമില്ലെങ്കില്‍ ഉടനെ കൊണ്ടുപോകണമായിരുന്നു. അത് ചെയ്തില്ല. വയനാട് ശരിക്കും വന്യമൃഗങ്ങള്‍ക്കുള്ളതാണോ അതോ മനുഷ്യര്‍ക്കുള്ളതാണോ. ഇവിടെ ജീവിക്കുന്ന മനുഷ്യര്‍ക്ക് അല്‍പം പരിഗണന നല്‍കണം. വയനാട്ടിൽ മനുഷ്യ ജീവന് യാതൊരു വിലയുമില്ലേ? ഇവിടെ മനുഷ്യരേക്കാള്‍ കൂടുതല്‍ വന്യമൃഗങ്ങളാണുള്ളതെന്നാണ് തോന്നതെന്നും പോളിന്‍റെ മകള്‍ സോന പറഞ്ഞു.

കാട്ടാന ആക്രമണത്തിൽ ഈ വര്‍ഷം പൊലിഞ്ഞത് 3 ജീവൻ; വയനാട്ടിൽ നാളെ ഹര്‍ത്താൽ

'വയനാട്ടിൽ മനുഷ്യന്‍റെ ജീവന് വിലയില്ലേ, ഹെലികോപ്റ്റർ വരുമെന്ന് പറഞ്ഞിട്ട് എവിടെ ?'