Asianet News MalayalamAsianet News Malayalam

മുള്‍മുനയിൽ മാനന്തവാടി, കാട്ടാനയെ മയക്കുവെടിവെക്കാൻ ഉത്തരവിറങ്ങി, പിടികൂടി ബന്ദിപ്പൂരിൽ തുറന്നുവിടാനും നിർദേശം

ഏറെ നേരം നീണ്ട  അനിശ്ചിതത്വത്തിനുശേഷമാണ് കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഉത്തരവിറങ്ങിയത്.

Wild elephant in Mananthavadi town, order issued for sedation shot, directs to release in Bandipur forest
Author
First Published Feb 2, 2024, 2:35 PM IST

മാനന്തവാടി:എട്ടു മണിക്കൂറിലധികമായി വയനാട്ടിലെ മാനന്തവാടിയിലെ മുള്‍മുനയിൽ നിര്‍ത്തിയ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങി. ഏറെ നേരം നീണ്ട  അനിശ്ചിതത്വത്തിനുശേഷമാണ് കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഉത്തരവിറങ്ങിയത്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്താന്‍ ശ്രമിക്കണമെന്നും അതിന് സാധ്യമായില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടക വനംവകുപ്പിന്‍റെ സാന്നിധ്യത്തില്‍ ബന്ദിപ്പൂര്‍ വനമേഖലയിൽ തുറന്നുവിടണമെന്നുമാണ് ഉത്തരവ്.സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.  നിലവിലെ സാഹചര്യത്തില്‍ കാട്ടാനയെ തുരത്തുക ശ്രമകരമായതിനാല്‍ മയക്കുവെടി വെച്ച് പിടികൂടിയശേഷം ബന്ദിപ്പൂരില്‍ തുറന്നുവിടാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഉത്തരവിറങ്ങാന്‍ വൈകുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു. ആനയെ വനത്തിലേക്ക് ഓടിച്ചുകയറ്റുക ദുഷ്കരമെന്നാണ് നേരത്തെ നോര്‍ത്തേണ്‍ സിസിഎഫ് വ്യക്തമാക്കിയത്. ജനവാസ കേന്ദ്രത്തില്‍ നിലയുറപ്പിച്ചതിനാല്‍ തന്നെ കിലോമീറ്ററുകള്‍ അകലെയുള്ള കാടിന് സമീപം എത്തിക്കുകയെന്നത് വെല്ലുവിളിയാണ് ഈ സാഹചര്യത്തിലാണ് മയക്കുവെടി വെക്കാനുള്ള തീരുമാനം. ആന ഇപ്പോൾ തുറസ്സായ സ്ഥലത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. വാഴത്തോട്ടത്തിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ആനയെ പൂട്ടാൻ കുങ്കിയാനകളായ വിക്രമും സൂര്യയും എത്തിയിട്ടുണ്ട്. റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാനാണ് ഇന്ന് രാവിലെ മാനന്തവാടി ടൗണിലിറങ്ങിയത്. ന​ഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു. അതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

ആർആർടി സംഘവും വെറ്ററനറി ടീമും തയ്യാറായിക്കഴിഞ്ഞു. വനംവകുപ്പിന്‍റെ നിർണായക ദൗത്യങ്ങളിലെല്ലാം പ്രധാന പങ്കുവഹിച്ച കുങ്കിയാനകളാണ് വിക്രമും സൂര്യയും.20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴില്‍ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നതാണ്. പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല. ആളുകളെ ഉപദ്രവിച്ചതായി വിവരമില്ലെങ്കിലും ഹാസന്‍ ഡിവിഷനിലെ ജനവാസ മേഖലയില്‍ പതിവായി എത്തി ഭീതിപരത്തിയിരുന്നു. മറ്റൊരു കൊമ്പന്‍ ആനയുടെയും മോഴയാനയുടെയും ഒപ്പമായിരുന്നു ഇപ്പോള്‍ വയനാട്ടിലെത്തിയ ഈ കൊമ്പന്‍ ഹാസനിലെ കാപ്പിത്തോട്ടത്തില്‍ വിഹരിച്ചിരുന്നത്.

ഇതില്‍ മോഴയാനയെയും മാനന്തവാടിയിലിറങ്ങിയ കൊമ്പനെയുമാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍ക്കാട്ടിലേക്ക് തുരത്തിയിരുന്നത്. 2018നുശേഷമാണ് ആനയുടെ കൊമ്പ് മുറിഞ്ഞത്. ബേലൂര്‍ റേഞ്ചില്‍നിന്നായിരുന്നു നേരത്തെ കാട്ടാനയെ പിടികൂടിയിരുന്നത്. മാനന്തവാടിയിൽ ഇറങ്ങിയ ആനയെ പിടികൂടാൻ എല്ലാ സഹായവും കർണാടക നൽകുന്നുണ്ടെന്ന് കർണാടക പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.ഇന്നലെ താൻ കേരളത്തിലെ ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി സംസാരിച്ചിരുന്നുവെന്നും ആനയുടെ ട്രാക്കിങ് ഡാറ്റ അടക്കം എല്ലാ വിവരങ്ങളും കൈമാറയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കർണാടക - കേരള വനം വകുപ്പുകൾ സംയുക്തമായി വിവരങ്ങൾ പരസ്പരം കൈമാറുന്നുണ്ടെന്നും ബന്ദിപ്പൂര്‍ ഫീല്‍ഡ് ഡയറക്ടര്‍ രമേഷ് കുമാറിനെ ഏകോപനത്തിനായി ചുമതപ്പെടുത്തിയിട്ടുണ്ടെന്നും കർണാടക പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് സുഭാഷ് മാൽഖഡേ പറഞ്ഞു.

കർണാടകയെ വിറപ്പിച്ച കൊമ്പൻ,രണ്ടാഴ്ച മുമ്പ് പിടികൂടി കാട്ടിൽവിട്ടു,മാനന്തവാടിയിലെത്തിയത് എങ്ങനെ? റൂട്ട് മാപ്പ്

 

Latest Videos
Follow Us:
Download App:
  • android
  • ios