Asianet News MalayalamAsianet News Malayalam

കർണാടകയെ വിറപ്പിച്ച കൊമ്പൻ, രണ്ടാഴ്ച മുമ്പ് പിടികൂടി കാട്ടിൽ വിട്ടു, മാനന്തവാടിയിലെത്തിയത് എങ്ങനെ?

നിലവിൽ ആനയെ മയക്കുവെടി വെച്ച് നാട്ടുകാർക്ക് ഭീഷണി ആകാത്ത തരത്തിൽ മാറ്റാൻ ആണ് ശ്രമമെന്ന് ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ രമേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Radio collared wild elephant in Mananthavadi town, came from karnataka, more details out
Author
First Published Feb 2, 2024, 11:13 AM IST

മാനന്തവാടി:മാനന്തവാടി നഗരത്തെ കഴിഞ്ഞ കുറെ മണിക്കൂറുകളായി മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടാനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴില്‍ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നതാണ്. പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല. ആളുകളെ ഉപദ്രവിച്ചതായി വിവരമില്ലെങ്കിലും ഹാസന്‍ ഡിവിഷനിലെ ജനവാസ മേഖലയില്‍ പതിവായി എത്തി ഭീതിപരത്തിയിരുന്നു. മറ്റൊരു കൊമ്പന്‍ ആനയുടെയും മോഴയാനയുടെയും ഒപ്പമായിരുന്നു ഇപ്പോള്‍ വയനാട്ടിലെത്തിയ ഈ കൊമ്പന്‍ ഹാസനിലെ കാപ്പിത്തോട്ടത്തില്‍ വിഹരിച്ചിരുന്നത്.

ഇതില്‍ മോഴയാനയെയും മാനന്തവാടിയിലിറങ്ങിയ കൊമ്പനെയുമാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍ക്കാട്ടിലേക്ക് തുരത്തിയിരുന്നത്. 2018നുശേഷമാണ് ആനയുടെ കൊമ്പ് മുറിഞ്ഞത്. ബേലൂര്‍ റേഞ്ചില്‍നിന്നായിരുന്നു നേരത്തെ കാട്ടാനയെ പിടികൂടിയിരുന്നത്. മാനന്തവാടിയിൽ ഇറങ്ങിയ ആനയെ പിടികൂടാൻ എല്ലാ സഹായവും കർണാടക നൽകുന്നുണ്ടെന്ന് കർണാടക പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ഇന്നലെ താൻ കേരളത്തിലെ ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി സംസാരിച്ചിരുന്നുവെന്നും ആനയുടെ ട്രാക്കിങ് ഡാറ്റ അടക്കം എല്ലാ വിവരങ്ങളും കൈമാറയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കർണാടക - കേരള വനം വകുപ്പുകൾ സംയുക്തമായി വിവരങ്ങൾ പരസ്പരം കൈമാറുന്നുണ്ടെന്നും ബന്ദിപ്പൂര്‍ ഫീല്‍ഡ് ഡയറക്ടര്‍ രമേഷ് കുമാറിനെ ഏകോപനത്തിനായി ചുമതപ്പെടുത്തിയിട്ടുണ്ടെന്നും കർണാടക പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് സുഭാഷ് മാൽഖഡേ പറഞ്ഞു.


നിലവിൽ ആനയെ മയക്കുവെടി വെച്ച് നാട്ടുകാർക്ക് ഭീഷണി ആകാത്ത തരത്തിൽ മാറ്റാൻ ആണ് ശ്രമമെന്ന് ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ രമേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.അതിന് എല്ലാ സഹായങ്ങളും ബന്ദിപ്പൂർ ടൈഗർ റിസർവിൽ നിന്ന് നൽകുന്നുണ്ട്. റേഞ്ച് ഓഫിസർമാർ മുതൽ ഗാർഡുകളെ സഹായത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട് ഏതെങ്കിലും കാട്ടിലേക്ക് ആനയെ മാറ്റുക എന്നതാണ് ആദ്യം ചെയ്യാൻ ഉള്ളത്. ആന അപകടകാരിയല്ല. ബന്ദിപ്പൂരിൽ നിന്ന് ഹാസൻ ഡിവിഷനിലെ മദ്ദൂരിലേക്ക് പോയ ആന പിന്നെ നേരെ എതിർവശത്തേക്ക് സഞ്ചരിച്ചാണ് കേരളത്തിൽ എത്തിയത്. നേരത്തെയും ഇത്തരത്തിൽ ചില കാട്ടാനകളുടെ സഞ്ചാരപഥം ശ്രദ്ധയിൽ പെട്ടിരുന്നു. ഭക്ഷണവും മറ്റും അന്വേഷിച്ചാകാം ഇത് ഇങ്ങനെ പല ദിശകളിലേക്ക് യാത്ര ചെയ്യുന്നത്. എത്രയും പെട്ടെന്ന് ആനയെ കാട്ടിലേക്ക് തിരിച്ചെത്തിക്കുക എന്നതാണ് ആദ്യലക്ഷ്യമെന്നും രമേഷ് കുമാര്‍ പറഞ്ഞു.

'ആവശ്യമെങ്കിൽ മയക്കുവെടി, കർണാടകയുടെ സഹായം തേടും'; മന്ത്രി എകെ ശശീന്ദ്രൻ

വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന; കഴുത്തിൽ റേഡിയോ കോളർ, ആന മാനന്തവാടി നഗരത്തിലേക്ക്, ജാ​ഗ്രതാ നിർദേശം

Latest Videos
Follow Us:
Download App:
  • android
  • ios