15 മണിക്കൂർ! ദൗത്യം വിജയം; കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി, കാട്ടിലേക്ക് തുരത്തി; പ്രതിഷേധം ശക്തം
അതേ സമയം ആനയെ മയക്കുവെടി വെച്ച് പിടികൂടാത്തതിൽ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം ഉയർത്തുന്നുണ്ട്.
എറണാകുളം: കോതമംഗലം കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തുരത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിടിച്ചാണ് ആനക്ക് വഴിയൊരുക്കിയത്. പുറത്തെത്തിച്ച കാട്ടാനയെ വനംവകുപ്പ് സംഘം കാട്ടിലേക്ക് തുരത്തി. പതിനഞ്ച് മണിക്കൂർ നേരമാണ് ആന കിണറ്റിനുള്ളിൽ കിടന്നത്.
ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ആന കിണറിനുള്ളിൽ വീണത്. അതേ സമയം ആനയെ മയക്കുവെടി വെച്ച് പിടികൂടാത്തതിൽ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം ഉയർത്തുന്നുണ്ട്. നീതി വേണമെന്ന ആവശ്യവുമായി കിണറിന്റെ ഉടമകളും രംഗത്തെത്തിയിട്ടുണ്ട്. കിണറ്റിനുള്ളിൽ ചാടുമെന്ന് ഭീഷണിയുമായിട്ടാണ് ഉടമയുടെയും ഭാര്യയുടെയും പ്രതിഷേധം.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ കിണറ്റിൽ ആന വീണത്. സ്വയം കിണറിടിച്ച് പുറത്തിറങ്ങാനുള്ള ആനയുടെ ശ്രമം വിജയിച്ചിരുന്നില്ല. നഷ്ടപരിഹാരം വേണമെന്നും ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ പ്രതിഷേധിച്ചിരുന്നു.
ജനപ്രതിനിധികളുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് കോതമംഗലം എംഎൽഎ ആന്റണി ജോൺ അടക്കം സ്ഥലത്തെത്തി ചർച്ച നടത്തിയിരുന്നു. ജനവാസമേഖല ആയതിനാൽ ആനയെ പുറത്ത് എത്തിച്ചാൽ വീണ്ടും പ്രശ്നങ്ങൾ തുടരുമെന്നും അതിനാൽ മയക്കുവെടി പിടികൂടണമെന്നും ആയിരുന്നു നാട്ടുകാരുടെ ആവശ്യം.