കാട്ടാനകളെ തുരത്തുന്ന കാര്യത്തിൽ സർക്കാർ പരാജയം സമ്മതിച്ചാൽ ദൗത്യം ഏറ്റെടുക്കാമെന്നും ഇടുക്കി ഡിസിസി അധ്യക്ഷൻ സി പി മാത്യു വെല്ലുവിളിച്ചു

ഇടുക്കി : ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിലെ അക്രമകാരികളായ കാട്ടാനകളെ പിടികൂടുന്നതിനുള്ള തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ ഇന്ന് വനംവകുപ്പുദ്യോഗസ്ഥരുടെ യോഗം ചേരും. ഹൈറേഞ്ച് സർക്കി സിസിഎഫ് ആർ എസ് അരുൺ, വനവകുപ്പ് ചീഫ് വെറ്റിനറി സ‍ർജൻ അരുൺ സഖറിയ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. സ്ഥിതിഗതികളെ സംബന്ധിച്ച് ഡോക്ടർ അരുൺ സക്കറിയ ഹൈറേഞ്ച് സർക്കിൾ സിസിഎഫിന് സമർപ്പിച്ച നി‍ർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്യും.

ഏറ്റവും കൂടുതൽ ആക്രമണകാരിയായ അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി മാറ്റൊരു സ്ഥലത്തേക്ക് മാറ്റുക, ചക്കക്കൊമ്പനെയും മൊട്ടവാലിനെയും പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുക എന്നീ നിർദ്ദേശങ്ങളാണ് വനംവകുപ്പിന് മുന്നിലുള്ളത്. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന് അടുത്ത ദിവസം സമർപ്പിക്കും

ഇതിനിടെ വനം കൊള്ളക്കാരുടെ കൂട്ടുകാരനാണ് ഇടുക്കി ഡിസിസി പ്രസിഡൻറ് എന്ന വനംമന്ത്രിയുടെ പ്രസ്താവനക്ക് സി പി മാത്യുവിൻറെ മറുപടി. താൻ വനംകൊള്ളക്കാരുടെ കൂട്ടുകാരനാണെങ്കിൽ എ കെ ശശീന്ദ്രൻ വനം കൊള്ളക്കാരുടെ നേതാവാണ്. എ കെ ശശീന്ദ്രൻ കെഎസ് യു സംസ്ഥാന പ്രസിഡൻറായിരുന്ന സമയത്ത് താൻ ജില്ല പ്രസിഡൻറ് മാത്രമായിരുന്നു. രണ്ടു പേരും ഒരുമിച്ച് പ്രവർത്തിച്ചതിൻറെ പരിചയം വെച്ചാണ് ശശീന്ദ്രനെതിരെയുള്ള പ്രസ്താവനയെന്നും സി പി മാത്യു പൂപ്പാറയിൽ പറഞ്ഞു. കാട്ടാനകളെ തുരത്തുന്ന കാര്യത്തിൽ സർക്കാർ പരാജയം സമ്മതിച്ചാൽ ദൗത്യം ഏറ്റെടുക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.കാട്ടാനകളെ മയക്കുവെടി വയ്ക്കാൻ ഉത്തരവിടേണ്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ നടപടികൾ മനപൂർവ്വം താമസിപ്പിക്കുകയാണെന്നും സി പി മാത്യു കുറ്റപ്പെടുത്തി

'ജീവനാണ് വലുത്'; കോഴിക്കോട് കാട്ടാന പേടിയിൽ വീടും കൃഷിയും ഉപേക്ഷിച്ച് കുടുംബങ്ങളുടെ പലായനം