'ജീവനാണ് വലുത്'; കോഴിക്കോട് കാട്ടാന പേടിയിൽ വീടും കൃഷിയും ഉപേക്ഷിച്ച് കുടുംബങ്ങളുടെ പലായനം
ഒറ്റയാന്‍റെ മുമ്പില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതിന്‍റെ നടക്കും ഇപ്പോഴും മാറിയിട്ടില്ല നാട്ടുകാരിയായ ജാനുവിന്. കുന്നിന്‍ മുകളിലെ കൊച്ചു കൂരയുടെ പിന്നിലെത്തിയ കാട്ടാന കണ്ണില്‍ കണ്ടെതെല്ലാം ചവിട്ടി മെതിച്ചു

കോഴിക്കോട്: വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കോഴിക്കോടിന്‍റെ കിഴക്കന്‍ മലയോര മേഖലയില്‍ ആളുകള്‍ കൃഷി ഭൂമി ഉപേക്ഷിക്കുന്നു. പെരുവണ്ണാമൂഴി പൂഴിത്തോട് മാവട്ടത്ത് മാത്രം 25ലധികം കുടുംബങ്ങളാണ് പത്ത് വര്‍ഷത്തിനിടെ കൃഷിഭൂമി ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറിയത്. കാട്ടാനകളാണ് പ്രദേശ വാസികൾക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത്.
ഒറ്റയാന്‍റെ മുമ്പില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതിന്‍റെ നടക്കും ഇപ്പോഴും മാറിയിട്ടില്ല നാട്ടുകാരിയായ ജാനുവിന്. കുന്നിന്‍ മുകളിലെ കൊച്ചു കൂരയുടെ പിന്നിലെത്തിയ കാട്ടാന കണ്ണില്‍ കണ്ടെതെല്ലാം ചവിട്ടി മെതിച്ചു. നാട്ടുകാരെത്തിയാണ് ജാനുവിനെ രക്ഷപ്പെടുത്തിയത്. കാട്ടാനയില്‍ നിന്നും രക്ഷപ്പെടാന്‍ വൈകിട്ടാകുമ്പോള്‍ കുന്നിറങ്ങി മറ്റൊരു വീട്ടിൽ അഭയം തേടുകയാണ് ജാനുവും ഭര്‍ത്താവ് കുഞ്ഞിരാമനും ഇപ്പോൾ.
ഇരുപത്തിയഞ്ചോളം വീടുകള്‍ ഈ മേഖലയില്‍ നേരത്തെയുണ്ടായിരുന്നു. കാട്ടാനകള്‍ സ്വൈര്യ വിഹാരം നടത്താന്‍ തുടങ്ങിയതോടെ ജീവൻ മുറുകെ പിടിച്ച് വീടുകളും കൃഷിയും ഉപേക്ഷിച്ച് കുടുംബങ്ങൾ മറ്റിടങ്ങളിലേക്ക് മാറി. മാറാന്‍ മറ്റു സ്ഥലമില്ലാത്തവർ കാട്ടാനകളുടെ ശല്യം സഹിച്ചും താമസം തുടരുകയാണ്. കുരങ്ങിന്‍റെയും കാട്ടു പന്നിയുടെയും ശല്യവുമുണ്ട്. ഇത് മൂലം കൃഷി തുടരാനാവാത്ത സ്ഥിതിയാണ്. കിട്ടുന്ന തുക കുറവാണെങ്കിലും വനം വകുപ്പിന്‍റെ സ്വയം സന്നദ്ധതാ പുനരധിവാസ പദ്ധതിയില്‍ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ് പലരും.