പ്രശ്നങ്ങളുണ്ടാകുമ്പോള്‍  ഉദ്യോഗസ്ഥ സംവിധാനം കാര്യക്ഷമായി ഇടപെടുന്നില്ല എന്നും ബിഷപ്പ് ആരോപിച്ചു

മാനന്തവാടി: വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസ് എടുത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. പുൽപള്ളി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. യുവതി യുവാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പലരും വിദേശത്തു പോകാൻ നിൽക്കുന്നവരാണ്. കേസ് അവരുടെ ഭാവി ഇല്ലാതാക്കും. കേസെടുത്താൽ ഇപ്പോൾ വയനാട് നേരിടുന്ന പ്രശ്നം മാറുമോയെന്നും ബിഷപ്പ് ചോദിച്ചു. സർക്കാർ ഇക്കാര്യത്തില്‍ അവധാനത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Add Asianetnews as a Preferred SourcegooglePreferred

മാനന്തവാടി ബിഷപ്പ് ഹൗസില്‍ ഗവര്‍ണര്‍ക്കൊപ്പം നടന്ന പരിപാടിക്കിടെയാണ് ബിഷപ്പ് കേസെടുത്തതിനെ വിമര്‍ശിച്ചത്. സർക്കാർ ഇടപെടലുകൾക്ക് വേഗം പോരാ എന്ന് മാനന്തവാടി ബിഷപ്പ് പറഞ്ഞു. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഉദ്യോഗസ്ഥ സംവിധാനം കാര്യക്ഷമായി ഇടപെടുന്നില്ല എന്നും ബിഷപ്പ് ആരോപിച്ചു. വിഷയത്തില്‍ ഗവര്‍ണറോടും ബിഷപ്പ് പരാതി അറിയിച്ചു.ഇതിനിടെ, പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന ബിജെപി വയനാട് ജില്ലാ പ്രസിഡന്‍റ് കെപി മധുവിന്‍റെ പരാമര്‍ശത്തിനും ബിഷപ്പ് മറുപടി നല്‍കി. പരാമര്‍ശം വിവാദമായതിന് പിന്നാലെ ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെപി മധു വിശദീകരിച്ചിരുന്നു. ബിജെപി ജില്ലാ പ്രസിഡന്‍റിന് അവരുടെ നിലപാട് അവരുടെ നിലപാട് ഉണ്ടാകുമെന്ന് ബിഷപ്പ് പറഞ്ഞു. അവരുടെ നിലപാട് അവര്‍ക്കെടുക്കാമെന്നും സഭയ്ക്ക് സഭയുടെ നിലപാടുണ്ടെന്നും പ്രാദേശിക നേതാവിന്‍റെ വാക്കിന് ആ വിലയെ നല്‍കുന്നുള്ളുവെന്നും ബിഷപ്പ് തുറന്നടിച്ചു.


ഇതിനിടെ, വയനാട് പുല്‍പ്പളളിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസെടുത്ത പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. പരാതി ഇല്ലെന്ന് പറഞ്ഞിട്ടും താന്‍ അടക്കമുളള ജനപ്രതിനിധികളെ ആക്രമിച്ചെന്ന പേരില്‍ പൊലീസ് കേസ് എടുത്തത് വനം മന്ത്രിക്ക് സുരക്ഷിതമായി വയനാട് സന്ദര്‍ശിക്കാനെന്ന് ടി സിദ്ദീഖ് എംഎല്‍എ ആരോപിച്ചു. ളോഹയിട്ടവരാണ് സംഘര്‍ഷത്തിന് ആഹ്വാനം നല്‍കിയതെന്ന ആരോപണവുമായി ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് കെപി മധുവും രംഗത്തെത്തി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ പോളിന്‍റെ മൃതശരീരവുമായി പുല്‍പ്പളളി ടൗണില്‍ ശനിയാഴ്ച നടത്തിയ പ്രതിഷേധത്തിന്‍റെയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെയും പേരില്‍ നാലു കേസുകളാണ് പുല്‍പ്പളളി പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

എംഎല്‍എമാരായ ടി സിദ്ദീഖിനെയും ഐസി ബാലകൃഷ്ണനെയും ആക്രമിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടും പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍, മൃഗശല്യം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ കുതിര കയറുന്നുവെന്നാണ് കേസ് എടുത്ത നടപടിയെക്കുറിച്ചുളള ടി സിദ്ദീഖിന്‍റെ പ്രതികരണം.സമരത്തിന്‍റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാത്ത പക്ഷം കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെ മുരളീധരന്‍ എംപി പ്രതികരിച്ചു. അതിനിടെ, കലാപത്തിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കാതെ ഒരു വിഭാഗം ആളുകള്‍ക്കെതിരെ മാത്രമാണ് കേസ് എടുത്തതെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെപി മധു ആരോപിച്ചു.കേസ് എടുത്തതില്‍ രാഷ്ട്രീയം കാണേണ്ടെന്നും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് എടുത്തതെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ വിശദീകരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും എകെ ശശീന്ദ്രന്‍ അറിയിച്ചു.

'ആക്രമണം ഒന്നിനും പരിഹാരമല്ല'; പുൽപ്പള്ളി സംഘർഷത്തിൽ സർക്കാരിന് പരോക്ഷ വിമർശനം, വയനാട് സന്ദ‍ർശിച്ച് ഗവർണർ

വന്യമൃഗ ആക്രമണത്തിൽ സർക്കാർ ഇടപെടലുകൾക്ക് വേഗം പോര മാനന്തവാടി ബിഷപ്പ്