വിഭജനത്തിന് ശ്രമിക്കുന്നവർക്ക് കോടതിയുടെ സംരക്ഷണം കിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നു. രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അമിത് ഷാ.
ദില്ലി: ഹിജാബ് വിവാദത്തിൽ (Hijab Controversy) നിലപാട് വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah). വിഭജന ശക്തികൾക്ക് കോടതിയിൽ തിരിച്ചടിയേല്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും യുണിഫോം എല്ലാവർക്കും ബാധകമെന്നും അമിത് ഷാ പറഞ്ഞു. കർണ്ണാടക ഹൈക്കോടതിയിൽ കേസ് തുടരുമ്പോഴാണ് അമിത് ഷാ നിലപാട് വ്യക്തമാക്കുന്നത്. യൂണിഫോം എല്ലാവർക്കും ബാധമകമാണ് എന്ന് അമിത് ഷാ ഒരു മാധ്യമത്തോട് പറഞ്ഞു. എല്ലാ സമുദായങ്ങളും ഇത് ഒരുപോലെ അംഗീകരിക്കണം. ഹിജാബ് വിഷയം സമൂഹത്തെ വിഭജിക്കാൻ ചിലർ ഉപയോഗിക്കുന്നു. ഇവർക്ക് കോടതിയിൽ തിരിച്ചടി ഏല്‍ക്കും എന്നാണ് പ്രതീക്ഷ. വിധി എന്തായാലും അത് സർക്കാർ അനുസരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
പൗരത്വനിയമഭേദഗതിയിൽ നിന്ന് പിന്നോട്ടു പോകുന്ന പ്രശനമില്ലെന്നും അമിത് ഷാ അറിയിച്ചു. യുപിയിൽ ഇനി പതിനൊന്ന് ദിവസത്തെ പ്രചാരണമാണ് ബാക്കിയുള്ളത്. ഹിജാബ് വിഷയം അതുവരെ സജീവമാക്കി നിര്‍ത്തുമെന്ന സൂചന കൂടി നല്‍കുന്നതാണ് അമിത് ഷായുടെ വാക്കുകൾ. കർണ്ണാടകയിലെ ചില സ്ഥാപനങ്ങളിൽ ഹിജാബ് തടഞ്ഞതിനെതിരെ ദേശീയ തലത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലും പ്രതിഷേധമുണ്ടായിരുന്നു. പ്രചാരണത്തിൽ ബിജെപി വിഷയം ഉയർത്തി. പ്രധാനമന്ത്രി തന്നെ ഒരു റാലിയിൽ വിഷയം ഉന്നയിച്ചു. ഏകീകൃത സിവിൽ കോഡിലേക്ക് ചർച്ച മാറ്റാനുള്ള ശ്രമം കേന്ദ്രസർക്കാർ തുടങ്ങുകയും ചെയ്തു.
കർണാടകയിലെ ഹിജാബ് പ്രതിഷേധം, 'ഹിജാബ് ഉപേക്ഷിക്കില്ല', ഐക്യദാർഢ്യവുമായി അധ്യാപികയുടെ രാജി
ബെഗളുരു: കർണാടകയിൽ (Karnataka) ഹിജാബ് പ്രതിഷേധങ്ങൾ (Hijab Row) തുടരുന്നതിനിടിയിൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധ്യാപിക രാജി വച്ചു. കർണാടകയിലെ തുംകുരുവിലെ ജെയ്ൻ പിയു കോളേജിലെ അധ്യാപികയായ ചാന്ദിനിയാണ് ജോലി രാജി വച്ചത്. അധ്യാപകരോടും വിദ്യാർത്ഥികളോടും ഹിജാബോ കാവി ഷാളോ മറ്റ് മത ചിഹ്നങ്ങളോ കോളേജിനുള്ളിൽ ധരിക്കരുതെന്നാണ് കർണാടകയിലെ കോളേജുകൾ പറയുന്നത്.
''കഴിഞ്ഞ മൂന്ന് വർഷമായി ജെയ്ൻ പിയു കോളേജിൽ ഗസ്റ്റ് ലക്ചറായി ജോലി ചെയ്ത് വരികയാണ് ഞാൻ. ഈ മൂന്ന് വർഷത്തിനിടയിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പക്ഷേ ഇന്നലെ രാവിലെ ഞങ്ങളുടെ പ്രിൻസിപ്പൽ ഞങ്ങളെ വിളിച്ചു, ഞങ്ങൾ ഹിജാബ് ധരിക്കരുതെന്നും മത ചിഹ്നങ്ങൾ കോളേജിൽ നിരോധിച്ചതായും അറിയിച്ചു'' - ചാന്ദിനി പറഞ്ഞു.
തന്റെ ആത്മാഹഭിമാനത്തെ ഹനിക്കുന്നതാണ് ഇത്, അതിനാൽ താൻ രാജിവയ്ക്കുന്നുവെന്നും ഹിജാബില്ലതെ താൻ കോളേജിൽ ജോലി ചെയ്യില്ലെന്നും ചാന്ദിനി പറഞ്ഞു. ചാന്ദിനി സ്വന്തം കൈപ്പടയിലെഴുതിയ രാജിക്കത്തും അവർ പുറത്തുവിട്ടു. അതേസമയം അധ്യാപികയോട് ഹിജാബ് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പൽ കെ ടി മഞ്ജുനാഥ് പ്രതികരിച്ചു. കർണാടകയിലെ ഉടുപ്പിയിലാണ് ഹിജാബിന്റെ പേരിലുള്ള തർക്കം ആരംഭിച്ചത്. പിന്നീട് ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.
ഹിജാബ് മതാചാരത്തിന്‍റെ ഭാഗമല്ലെന്ന് കർണാടക സർക്കാർ: ശബരിമല, മുത്തലാഖ് വിധികൾ കണക്കിലെടുക്കണമെന്നും ആവശ്യം
ബെംഗളൂരു: ഹിജാബ് മതാചാരത്തിന്‍റെ ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ (HIjab Ban). ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ലെന്ന് സര്‍ക്കാര്‍ (Karnataka Government) ചൂണ്ടിക്കാട്ടി. ഇസ്ലാം മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരമല്ല ഹിജാബ് എന്നും ഹിജാബ് നിർബന്ധമാക്കാൻ ഭരണഘടനാ ധാര്‍മ്മികതയില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ ഹൈക്കോടതിയില്‍ നാളെയും വാദം തുടരും. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
