Asianet News MalayalamAsianet News Malayalam

പ്രതിഷേധം കടുത്തു, ഒടുവിൽ സ‍ര്‍ക്കാര്‍ വഴങ്ങി, അനിതക്ക് കോഴിക്കോട്ട് തന്നെ നിയമനം നൽകി മുഖം രക്ഷിക്കാൻ നീക്കം

കോടതി വിധി പരിശോധിക്കാൻ എടുത്ത സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്

will appoint Senior nursing office pb anitha in kozhikode medical college apn
Author
First Published Apr 6, 2024, 1:24 PM IST

തിരുവനന്തപുരം : കടുത്ത പ്രതിഷേധങ്ങൾക്ക് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേഴ്സിംഗ് സൂപ്രണ്ട് പിബി അനിതക്ക് കോഴിക്കോട്ട് തന്നെ നിയമനം നൽകി മുഖം രക്ഷിക്കാൻ സര്‍ക്കാര്‍. അനിതക്ക് നിയമനം നൽകാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകും. കോടതി വിധി പരിശോധിക്കാൻ എടുത്ത സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ നിയമനം നൽകാനുള്ള ഉത്തരവ് അധികം വൈകാതെ ഇറങ്ങുമെന്നാണ് വിവരം. 

2023 മാര്‍ച്ച് 18 നായിരുന്നു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവിലെ പീഡനം. തൈറോയ്ഡ് ശസ്ത്രക്രിയ  കഴിഞ്ഞ യുവതിയെ ഐസിയുവില്‍ വെച്ച് എംഎം ശശീന്ദ്രനെന്ന അറ്റന്‍ഡറാണ് പീഡിപ്പിച്ചത്. ഇക്കാര്യം അതിജീവിത ബൈസ്റ്റാന്‍ഡറോടും, ഡ്യൂട്ടി നഴ്സിനോടും വെളിപ്പെടുത്തി. പിന്നാലെ ദുരനുഭവം സംബന്ധിച്ച മൊഴി മജിസ്ട്രേറ്റിന് രേഖപ്പെടുത്തി. രണ്ട് ദിവസം കഴിഞ്ഞ് മാര്‍ച്ച് 21 ന് അറ്റന്‍ഡര്‍ക്കെതിരായ മൊഴി മാറ്റാന്‍ അഞ്ച് വനിതാ ജീവനക്കാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റര്‍ പിബി അനിതയാണ് ഇക്കാര്യം സൂപ്രണ്ടിന് റിപ്പോര്‍ട്ട് ചെയ്തത്. അതിജീവിതക്കനുകൂലമായി പൊലീസിലും ആഭ്യന്തര അന്വേഷണ സമിതിക്കും മുന്നില്‍ മൊഴി നല്‍കിയ അനിതയുടെ ഇടപെടലാണ് കേസില്‍ നിര്‍ണ്ണായകമായത്.

മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയ അഞ്ചു പേരെ സസ്പെന്‍ഡ് ചെയ്തെങ്കിലും സസ്പെന്‍ഷന്‍ പിന്‍വലിച്ച മെഡിക്കല്‍ കോളേജ് അധിക‍തരുടെ നടപടി വന്‍ വിവാദമായിരുന്നു. വീണ്ടും സസ്പെന്‍ഷന്‍ പുനസ്ഥാപിച്ച അധികൃതര്‍ നടപടി പിന്നീട് സ്ഥലം മാറ്റലാക്കി മാറ്റി. ഇതിനിടയില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് എന്‍ജിഒ യൂണിയന്‍ നേതാവിനെതിരെ പിബി അനിത പരാതി നല്‍കിയെങ്കിലും അധികൃതര്‍ ചെറുവിനൽ അനക്കിയിട്ടില്ല.

പകരം 2023 നവംബര്‍ 28 സിസ്റ്റര്‍ അനിതയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റുന്നു. ഏകോപനവും നിരുത്തരവാദപരമായ പെരുമാറ്റവുമെന്ന് പിബി അനിതക്കെതിരെ വിചിത്രമായ കണ്ടത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ഈ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച സിസ്റ്റര്‍ അനിത രണ്ടു മാസത്തേക്ക് തീരുമാനത്തിന് സ്റ്റേ വാങ്ങിയെങ്കിലും പഴയ ഉത്തരവ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് വീണ്ടും ശരിവെക്കുകയായിരുന്നു.
എന്നാല്‍ അനിതക്കൊപ്പം സ്ഥലം മാറ്റ ഉത്തരവ് നേരിട്ട ചീഫ് നഴ്സിങ് ഓഫീസറും നഴ്സിങ് സൂപ്രണ്ടും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തുടര്‍ച്ചയായുള്ള സ്റ്റേയുടെ ബലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുകയാണ്. 

ഈ അനീതിക്കെതിരെയാണ് അനിത ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്. ഈ ഏപ്രില്‍ ഒന്നിന് അനിതയെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അനിതയെ കുറ്റവിമുക്തയായ ഹൈക്കോടതി സര്‍വീസ് റെക്കോഡില്‍ അക്കാര്യം രേഖപ്പെടുത്തരുതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഉത്തരവിന്റെ ബലത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കാനെത്തിയ അനിതയെ പ്രതികാരനടപടിയായി ഇപ്പോഴും പുറത്തു നിര്‍ത്തുകയാണ് അധികൃതര്‍.

Follow Us:
Download App:
  • android
  • ios