കേസിനെ പറ്റിയും അതിന്റെ പിന്നിലെ രാഷ്ട്രീയത്തെ പറ്റിയും ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും മുൻ മന്ത്രി കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം: പാ‍ർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കാൻ ഒരുക്കുമെന്ന് വി കെ ഇബ്രാഹിം കുഞ്ഞ്. തനിക്കെതിരായ കേസ് തെര‍ഞ്ഞെടുപ്പിൽ വിഷയമാകില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇബ്രാഹിം കുഞ്ഞ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കളമശ്ശേരിയിൽ തനിക്ക് വിജയ സാധ്യതയുണ്ടെന്നും ആര് സ്ഥാനാർത്ഥിയാകണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. മത്സരിക്കണമെന്നോ മത്സരിക്കേണ്ടെന്നോ പാ‍ർട്ടി ഇത് വരെ പറഞ്ഞിട്ടില്ലെന്നാണ് ഇബ്രാഹിം കുഞ്ഞിൻ്റെ വിശദീകരണം. കേസിനെ പറ്റിയും അതിന്റെ പിന്നിലെ രാഷ്ട്രീയത്തെ പറ്റിയും ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും മുൻ മന്ത്രി കൂട്ടിച്ചേർത്തു. 

തെരഞ്ഞെടുപ്പിൽ സജീവമായി ഉണ്ടാകുമെന്ന് ഇബ്രാഹിം കുഞ്ഞ് അതിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും ആവർത്തിച്ചു. മുമ്പ് ചെയ്തിരുന്ന ‌എല്ലാ ജോലികളും ചെയ്യാനാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേസും അറസ്റ്റും ആശുപത്രിവാസവും തമ്മിൽ ബന്ധമില്ലെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി. തന്റെ മനസാക്ഷി ശുദ്ധമാണെന്നും ഇബ്രാ​ഹിം കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. 

കേസുള്ള നേതാക്കൾ അപ്പുറത്തുമുണ്ട് ഇപ്പുറത്തുമുണ്ടെന്ന് ഓ‌ർമ്മിപ്പിച്ച മുൻ മന്ത്രി പാർട്ടി നി‌‌ർബന്ധിച്ചാണ് 2001ൽ മട്ടാഞ്ചേരിയിൽ മത്സരിച്ചിപ്പിച്ചതെന്നും പാ‌ർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്നും ആവ‌ർത്തിച്ചു. 

2016 ൽ 12, 118 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തുടർച്ചയായ രണ്ടാം വട്ടം വി കെ ഇബ്രാഹിംകുഞ്ഞ് കളമശ്ശേരി മണ്ഡലം നിലനിർത്തിയത്. പാലാരിവട്ടം പാലം അഴിമതിയിൽ പ്രതിഛായ തകർന്നതും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കാരണം ഇബ്രാഹിംകുഞ്ഞ് ഇക്കുറി മത്സരിക്കിനിടയില്ലെന്നായിരുന്നു നേരത്തേ വന്ന റിപ്പോർട്ടുകൾ. ഇബ്രാഹിംകുഞ്ഞിന്‍റെ മകൻ അബ്ദുൽ ഗഫൂറിനെ മുസ്ലീം ലീഗ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്നും വാർത്തകൾ വന്നിരുന്നു. 

പാലം അഴിമതി ചർച്ചയാകാതിരിക്കാൻ മണ്ഡലം കോൺഗ്രസുമായി വെച്ച് മാറിയുള്ള പരീക്ഷണത്തിന് ലീഗ് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മത്സരിക്കാൻ തയ്യാറാണെന്നറിയിച്ച് കൊണ്ട് ഇബ്രാഹിം കുഞ്ഞ് തന്നെ രംഗത്ത് വന്നിരിക്കുന്നത്.