Asianet News MalayalamAsianet News Malayalam

അഗ്നിവീർമാർക്ക് നിയമനം നൽകുമെന്ന് എച്ച്ആ‍ർഡിഎസ്, പ്രതിവർഷം 5,000 പേരെ നിയമിക്കും

ഇന്ത്യയൊട്ടാകെയുള്ള ഭവന നിർമാണ പദ്ധതിയിൽ സൂപ്പർവൈസർ മുതലുള്ള ജോലി ഉറപ്പാക്കുമെന്ന് എച്ച്ആർഡിഎസ്, പ്രതിമാസം 25,000 മുതൽ 50,000 രൂപ വരെ ശമ്പളം നൽകുമെന്നും വാഗ്‍ദാനം

Will give job to 5,000 Agniveers per year, says HRDS, Palakkad based NGO
Author
Palakkad, First Published Jun 27, 2022, 12:59 PM IST

പാലക്കാട്: ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിൽ നിയമനം കിട്ടി പുറത്തുവരുന്നവർക്ക് ജോലി നൽകുമെന്ന് എച്ച്ആ‍ർഡിഎസ് (HRDS). 2026 മുതൽ റിക്രൂട്ട്മെന്റ് തുടങ്ങുമെന്നും എച്ച്ആർഡിഎസ് അധികൃതർ പാലക്കാട് വ്യക്തമാക്കി. പ്രതിവർഷം അയ്യായിരം തൊഴിലവസരങ്ങളാകും സൃഷ്ടിക്കുക. എച്ച്ആർഡിഎസിന്റെ ഭവന നിർമാണ പദ്ധതിയിൽ സൂപ്പർവൈസർ മുതലുള്ള ജോലികളാകും നീക്കി വയ്ക്കുക. പ്രതിമാസം 25,000 മുതൽ 50,000 രൂപ വരെ ശമ്പളം നൽകുമെന്നും എച്ച്ആ‍ർഡിഎസ് വ്യക്തമാക്കി. ഇക്കാര്യം അറിയിച്ച് കേന്ദ്ര പ്രതിരോധ മന്ത്രിക്കും സേനാ മേധാവിമാർക്കും കത്ത് നൽകിയതായും എച്ച്ആർഡിഎസ് പാലക്കാട് പറഞ്ഞു. 

'സദ്ഗൃഹ' എന്ന പേരിൽ ഇന്ത്യ ഒട്ടാകെ നടപ്പിലാക്കുന്ന ഭവന നിർമാണ പദ്ധതിയിൽ ഇവരെ ഭാഗമാക്കുമെന്നാണ് വാഗ്‍ദാനം. ഇതിന് പുറമേ, കേരളത്തിലും തമിഴ്നാട്ടിലും നടപ്പിലാക്കുന്ന ദീന ദയാൽ ഉപാധ്യായ ഗ്രാമീണ കൗശൽ യോജന പദ്ധതിയിലൂടെ രണ്ടായിരം പേർക്കും പ്രതിവർഷം നിയമനം നൽകും. അഗ്നിപഥിൽ നിന്ന് വിരമിച്ച് വരുന്നവർക്ക് നൈപുണ്യ പരിശീലനം നൽകി ഇന്ത്യയിലും വിദേശത്തും ജോലി നൽകുമെന്നും എച്ച്ആർഡിഎസ് പ്രഖ്യാപിച്ചു.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിലൂടെയാണ് പാലക്കാട് ആസ്ഥാനമായ എൻജിഒ എച്ച്ആർഡിഎസ് ശ്രദ്ധേയരാകുന്നത്. അട്ടപ്പാടിയിൽ ആദിവാസികൾക്കായി വീട് നിർമിച്ച് നൽകുന്ന എച്ച്ആർഡിഎസിന് എതിരെ നേരത്തെ എസ്‍സി-എസ്‍ടി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാനായിരുന്നു നിർദേശം. ഭൂമി തട്ടിയെടുത്തെന്ന പരാതി പരിശോധിക്കാനും മൂന്ന് മാസത്തിനകം റിപ്പോർട്ട്‌ നൽകാനും ഒറ്റപ്പാലം സബ് കളക്ടർക്കാണ് നി‍ർദേശം നൽകിയത്. എച്ച്ആര്‍ഡിഎസ്  അട്ടപ്പാടിയിൽ ആദിവാസികൾക്കായി നിർമ്മിക്കുന്നത് വാസയോഗ്യമല്ലാത്ത വീടുകളാണെന്നും ഇനി നിർമാണത്തിന് അനുമതി നല്‍കരുതെന്നും കളക്ടർക്ക് പട്ടികജാതി പട്ടികവർഗ കമ്മീഷൻ നിർദേശം നല്‍കിയിരുന്നു. എച്ച്ആർഡിഎസിലെ സോഷ്യൽ റെസ്പോൺസിബിലിറ്റി ഡയറക്ടറാണ് നിലവിൽ സ്വപ്ന സുരേഷ്. 

Follow Us:
Download App:
  • android
  • ios