50 താലൂക്കുകളിൽ സീറ്റ് കുറവാണ്. ഇവിടങ്ങളിൽ സീറ്റ് വർധിപ്പിക്കുമെന്നാണ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡം സർക്കാർ പ്രഖ്യാപിച്ചു. നാലിന മാനദണ്ഡമാണ് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് 50 താലൂക്കുകളിൽ പ്ലസ് വൺ സീറ്റ് ക്ഷാമം (Plus One) ഉണ്ടെന്ന് ഒടുവിൽ സമ്മതിച്ച് സർക്കാർ. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി (V Sivankutty)പ്ലസ് വൺ സീറ്റുകൾ കൂട്ടുമെന്നും വേണ്ടി വന്നാൽ പുതിയ ബാച്ചും അനുവദിക്കുമെന്നും പ്രഖ്യാപിച്ചു. എല്ലാറ്റിനും എ പ്ലസ് കിട്ടിയ 5812 കുട്ടികൾക്ക് ഇപ്പോഴും പ്രവേശനം കിട്ടിയില്ലെന്നും നിയമസഭയിൽ മന്ത്രി വ്യക്തമാക്കി. ഒരു കാലത്തും ഇല്ലാത്ത് സീറ്റ് പ്രതിസന്ധിയാണ് ഇത്തവണയുണ്ടായതെന്ന് പ്രതിപക്ഷം വിമർശിച്ചു.

എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികൾ പോലും പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ അലയുമ്പോൾ എല്ലാ അലോട്ട്മെനറും തീർന്നാൽ സീറ്റ് മിച്ചമെന്ന കണക്കായിരുന്നു വിദ്യാഭ്യാസമന്ത്രി ഇതുവരെ നിരത്തിയത്. രണ്ട് അല്ലോട്ട്മെൻറ് തീർന്നപ്പോൾ മന്ത്രിക്ക് തന്നെ യഥാർത്ഥ അവസ്ഥ മന്ത്രിക്ക് തന്നെ ബോധ്യമായി.

സംസ്ഥാനത്തെ ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു ശിവൻകുട്ടി സീറ്റ് മിച്ചത്തിൻറെ കണക്ക് പറഞ്ഞത്. തുടക്കം മുതൽ പ്രതിപക്ഷവും വിദ്യാർത്ഥികളും ആവശ്യപ്പെട്ടത് താലൂക്ക് അടിസ്ഥാനത്തിൽ പരിശോധന വേണമെന്നായിരുന്നു. ഒടുവിൽ താലൂക്ക് അടിസ്ഥാനത്തിലെ കണക്ക് എടുത്തപ്പോഴാണ് സർക്കാരിൻറെ കണ്ണ് തുറന്നത്. നേരത്തെ 20 ശതമാനം സീറ്റ് അധികമായി അനുവദിച്ച 7 ജില്ലകളിലെ സ‍ർക്കാർ സ്കൂളിൽ 10 ശതമാനം സീറ്റ് കൂട്ടും. മുമ്പ് സീറ്റ് കൂട്ടി നൽകാത്ത ജില്ലകളിൽ സർക്കാർ സ്കൂളിൽ 10 മുതൽ 20 ശതമാനം വരെ സീറ്റ് കൂട്ടും. എയ്ഡഡ്-അൺ എയഡ്ഡ് മേഖലയിൽ സൗകര്യം നോക്കി 10 മുതൽ 20 ശതമാനം വരെ സീറ്റും കൂട്ടും. എന്നിട്ടും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സപ്ളിമെൻററി അലോട്ട്മെനറിന് കിട്ടിയ അപേക്ഷ നോക്കി സയൻസ് വിഷയത്തിന് അടക്കം താൽക്കാലിക ബാച്ച് അനുവദിക്കും. 

ഹയര്‍ സെക്കണ്ടറി സീറ്റുകള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതിനുവേണ്ട പരിഹാരമാര്‍ഗ്ഗങ്ങള്‍

1. പരിപൂര്‍ണ്ണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും.

2. നിലവില്‍ 20% സീറ്റ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയ ജില്ലയില്‍ സീറ്റിന്‍റെ ആവശ്യകത ഉണ്ടാകുകയാണെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 10% സീറ്റ്
വര്‍ദ്ധനവും കൂടി അനുവദിക്കുന്നതാണ്.

3. മുന്‍പ് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് നല്‍കാത്ത ജില്ലയാണെങ്കില്‍ ആവശ്യകത പഠിച്ച് എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും 20% അല്ലെങ്കില്‍ 10% സീറ്റ് വര്‍ദ്ധനവ് അനുവദിക്കുന്നതാണ്. അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയ്ഡഡ് / അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി (മാര്‍ജിനല്‍ വര്‍ദ്ധനവിന്‍റെ 20% മാനേജ്മെന്‍റ് സീറ്റും ബാക്കിയുള്ള സീറ്റുകള്‍ പൊതുമെറിറ്റ് സീറ്റായും) 20% അല്ലെങ്കില്‍ 10 % സീറ്റ്
വര്‍ദ്ധിപ്പിക്കും.

4. സീറ്റ് വര്‍ദ്ധനവിലൂടെ പരിഹരിക്കപ്പെടാത്തപക്ഷം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും.

5. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചതിനു ശേഷം സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ കോഴ്സ് അടിസ്ഥാനത്തില്‍ എത്ര പേര്‍ക്കാണ് സീറ്റ് ലഭിക്കേണ്ടത് എന്ന് വ്യക്തമാകും. അത് അനുസരിച്ച് കണക്കെടുത്ത് സീറ്റ് വര്‍ദ്ധനവ് നടത്തും. എന്നാല്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ താല്‍പ്പര്യപ്പെടുന്ന സയന്‍സ് ഗ്രൂപ്പില്‍ വേണ്ടി വന്നാല്‍ തല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും.

6. പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമാകുന്നതിനായി വയനാട് ജില്ലയിലെ നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍
റെസിഡെന്‍ഷ്യല്‍ സ്കൂളില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും, ഗവണ്‍മെന്‍റ് മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ് കല്‍പ്പറ്റയില്‍ ഒരു
ഹ്യുമാനിറ്റീസ് ബാച്ചും അനുവദിക്കും.