വയനാട് വെള്ളമുണ്ട എയ്ഡഡ് സ്കൂളിലെ വഴിവിട്ട നീക്കങ്ങളെക്കുറിച്ചോ നിയമന നീക്കങ്ങളെ കുറിച്ചോ പരാതി കിട്ടിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു
തിരുവനന്തപുരം : കേരളത്തിലെ ഒരു സ്കൂളിലും ടി സി(tc) നിർബന്ധിച്ച് വാങ്ങാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി(v sivankutty). വയനാട് വെള്ളമുണ്ട എയ്ഡഡ് സ്കൂളിലെ (vellamunda aided school) വഴിവിട്ട നീക്കങ്ങളെക്കുറിച്ചോ നിയമന നീക്കങ്ങളെ കുറിച്ചോ പരാതി കിട്ടിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വയനാട്ടില്‍ അധ്യാപക നിയമനത്തിനായി വന്‍ കള്ളക്കളി; സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനുവേണ്ടി വഴിവിട്ട നീക്കങ്ങള്‍
വയനാട്: വയനാട്ടില്‍ എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തില്‍ വന്‍ കളളക്കളി. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍റെ മകന്‍ ഉള്‍പ്പെടെയുളളവര്‍ക്ക് നിയമനം നല്‍കാനായി നടത്തിയ വഴിവിട്ട നീക്കങ്ങളുടെ തെളിവുകള്‍ പുറത്ത് വന്നു. വന്‍ വാഗ്ദാനങ്ങള്‍ നല്‍കി സമീപത്തെ സര്‍ക്കാര്‍ സ്കൂളില്‍ നിന്നടക്കം കുട്ടികളുടെ ടിസി വാങ്ങിയും , രാത്രിക്കു രാത്രി വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റ് തുറപ്പിച്ചുമാണ് തസ്തിക ഉറപ്പിക്കാന്‍ കളികള്‍ നടന്നത്. ആറാം പ്രവർത്തി ദിനമുള്‍പ്പെടെ ടിസി അനുവദിച്ചതിന്‍റെ തെളിവുകളും പുറത്ത് വന്നു. മാനന്തവാടി താലൂക്കിലെ വെളളമുണ്ട എയുപി സ്കൂളിലാണ് സംഭവം.
1930 സ്ഥാപിതമായതാണ് വെളളമുണ്ട എയുപി സ്കൂള്‍. 957 കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളിന്‍റെ ചരിത്രത്തില്‍ ഇന്നോളം നടന്നിട്ടില്ലാത്ത കളികളാണ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഇക്കുറി നടന്നത്. നാല് കിലോമീര്‍ അകലെയുളള തരുവണയിലെ സര്‍ക്കാര്‍ യുപി സ്കൂളില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ വഞ്ഞോടുളള മറ്റൊരു എയ്ഡഡ് സ്കൂളില്‍ നിന്നുമുള്‍പ്പെടെ നിരവധി കുട്ടികളെ ഇവിടേക്കെത്തിച്ചു. ഇതിന്‍റെ കാരണം തേടിയപ്പോഴാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍റെ മകന്‍ പി ജി രഞ്ജിത് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് സ്കൂള്‍ മാനേജ്മെന്‍റ് നിയമനം നല്‍കിയതിനു പിന്നാലെയാണ് വെളളമുണ്ട സ്കൂളില്‍ കുട്ടികളുടെ എണ്ണം തികയ്ക്കാനുളള തിരക്കിട്ട നീക്കങ്ങള്‍ നടന്നത്. ഈ നീക്കത്തില്‍ മാനേജ്മെന്‍റും വിദ്യാഭ്യാസ വകുപ്പും ഒരുപോലെ പങ്കാളികളാവുകയും ചെയ്തു. വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടി പ്രകാരം, വിദ്യാര്‍ത്ഥികളുടെ എണ്ണമെടുക്കുന്ന ആറാം പ്രവര്‍ത്തിദിനം മാത്രം തരുവണ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് നാല് കുട്ടികള്‍ക്കാണ് രഞ്ജിത് പഠിപ്പിക്കുന്ന വെളളമുണ്ട എയുപി സ്കൂളിലേക്ക് ടിസി നല്‍കിയത്. ഇതില്‍ മൂന്ന് പേരും ആറാം ക്ളാസുകാരാണ്. രഞ്ജിത് പഠിപ്പിക്കുന്നതും ആറാം ക്ളാസില്‍ തന്നെ. ആറാം പ്രവൃത്തി ദിനം നടപടികള്‍ പൂര്‍ത്തിയാക്കി വിദ്യാഭ്യാസ വകുപ്പിന്‍റെ സമ്പൂര്‍ണ വെബ്സൈറ്റില്‍ വിവരങ്ങളെല്ലാം രേഖപ്പെടുത്തി കഴിഞ്ഞ ശേഷമാണ് ചില രക്ഷിതാക്കള്‍ ടിസിക്കെത്തിയത്. വലിയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സമ്പൂര്‍ണ വെബസൈറ്റ് റീസെറ്റ് ചെയ്ത് രാത്രി എട്ട് മണിയോടെയാണ് ഇവര്‍ക്ക് ടിസി നല്‍കിയതെന്ന് തരുവണ സര്‍ക്കാര്‍ സ്കൂളിലെ പ്രധാന അധ്യാപകന്‍ സമ്മതിച്ചു.
സൗജന്യ യാത്രയും യൂണിഫോമും അടക്കം നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് തവണ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചിരുന്ന പല കുട്ടികളെയും വെളളമുണ്ടയിലേക്ക് മാറ്റിയത്. രാഷ്ട്രീയ സ്വാധീനത്താല്‍ വലിയ ക്രമക്കേട് നടന്നതായി വെളളമുണ്ട സ്കൂളിലെ രക്ഷിതാക്കളും സംശയിക്കുന്നു.എന്നാല്‍ വെബ് സൈറ്റ് റീസെറ്റ് ചെയ്ത് ടിസി നല്‍കാന്‍ അനുമതി നല്‍കിയെന്ന കാര്യം എഇഒ നിഷേധിക്കുകയാണ്. ആറാം പ്രവർത്തി ദിനം ആർക്ക് ടി സി നൽകിയാലും അത് തെറ്റാണ്. പി.ഗഗാറിനുമായി തനിക്ക് വ്യക്തി ബന്ധം ഉണ്ട്. എന്നാല്‍ രഞ്ജിതിന്റെ നിയമനത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും എഇഒ പറയുന്നു.
അതേസമയം രഞ്ജിതിന്‍റെ നിയമനം താൽകാലിക നിയമനം മാത്രമെന്നാണ് വെള്ളമുണ്ട സ്കൂൾ മാനേജർ മുരളിധരന്റെ പ്രതികരണം. നിലവിൽ ഒരു ഒഴിവുണ്ട്. എന്നാല്‍ ഇത് ആർക്ക് കൊടുക്കണമെന്ന് തീരുമാനിച്ചിട്ടില്ല. വിഷയത്തിൽ ആരോപണം ഉന്നയിക്കുന്നവർ ഉന്നയിക്കട്ടെ എന്നായിരുന്നു പി. ഗഗാറിന്റെ പ്രതികരണം.
