തിരുവനന്തപുരം: ഉടൻ ലോഡ് ഷെഡിംഗ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി ചെയർമാൻ. ജൂലൈ 31 വരെ വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളം ഡാമുകളിലുണ്ട്. വൈദ്യുതി നിയന്ത്രണത്തിൽ അന്തിമതീരുമാനം തിങ്കളാഴ്ച ചേരുന്ന കെഎസ്ഇബി ബോർഡ് യോഗം കൈക്കൊള്ളുമെന്ന് ചെയർമാൻ അറിയിച്ചു.

ഇടുക്കി അടക്കമുള്ള പ്രധാന അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടാത്തതിലാണ് ആശങ്കയെന്ന് ചെയർമാൻ എൻഎസ് പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്തെ അണക്കെട്ടുകളിൽ നിലവിൽ 486.44 മില്യൺ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണുള്ളത്. 

കഴിഞ്ഞ വർഷം ഇതേ സമയം 2079 മില്യൺ യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമുണ്ടായിരുന്നു. മഴയാകട്ടെ പ്രതീക്ഷിച്ച അളവിൽ കിട്ടുന്നുമില്ല. ഇടുക്കിയിൽ സംഭരണശേഷിയുടെ 13 ശതമാനം മാത്രം വെള്ളമാണ് നിലവിലുള്ളത്. ശബരിഗിരിയിൽ 7 ശതമാനവും. നിയന്ത്രണം ഒഴിവാക്കാൻ കേന്ദ്ര ഗ്രിഡിൽ നിന്നും കൂടുതൽ വൈദ്യുതി വാങ്ങാം, പക്ഷെ യൂണിറ്റിന് അഞ്ചുരൂപ നൽകണം. 

സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ബോർഡിന് അധികബാധ്യത താങ്ങാനാകില്ല. മാത്രമല്ല വൈദ്യുതി കൊണ്ടുവരാൻ ആവശ്യത്തിന് ലൈനുകളുമില്ല. കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വിഹിതത്തിൽ അപ്രതീക്ഷിത കുറവുണ്ടാകുമ്പോഴാണ് അപ്രഖ്യാപിത പവർകട്ട് വേണ്ടിവരുന്നതെന്നാണ് ചെയർമാന്‍റെ വിശദീകരണം.