തിരുവനന്തപുരം/ പത്തനംതിട്ട: പമ്പ ത്രിവേണിയിലെ മണൽ കടത്ത് അനുവദിക്കില്ലെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. വനത്തിലെ മണലെടുപ്പിന് വനം വകുപ്പ് അനുമതി വേണം. ദുരന്ത നിവാരണ ഉത്തരവ് പ്രകാരം പമ്പയിലെ ചെളിയും മണ്ണും നീക്കാമെന്നും വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും കെ രാജു പറ‍‌ഞ്ഞു. 

മണൽ പുറത്തേക്ക് കൊണ്ടുപോകരുതെന്ന് വനംവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയതിനെ തുടർന്ന് നിലവിൽ മണലെടുപ്പ് താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് നിയന്ത്രണത്തിൽ ശേഖരിച്ച മണൽ മാത്രമേ നീക്കം ചെയ്യാൻ അനുമതി ഉള്ളൂ. വില പിന്നീട് നിശ്ചയിക്കുമെന്നാണ് വനം സെക്രട്ടറി ആശാ തോമസിന്‍റെ ഉത്തരവിൽ  പറയുന്നത്. 

ഇതിന് പിന്നാലെ വനംവകുപ്പ് പറയും പോലെ മണൽ നീക്കാനാകില്ലെന്നും നീക്കം ചെയ്ത മണൽ വില്‍ക്കാനായില്ലെങ്കിൽ കരാറിൽ നിന്ന് പിന്മാറുമെന്നും ക്ലേ ആന്റ് സെറാമിക്സ് എംഡി ടി കെ ഗോവിന്ദൻ നിലപാടെടുത്തിരുന്നു. കളക്ടര്‍ ഉത്തരവ് നല്‍കിയതിനാൽ മണലെടുപ്പ് വനംവകുപ്പ് അറിയേണ്ടതില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.  

പമ്പയിലെ പ്രളയാവശിഷ്ടം നീക്കാൻ അനുമതി നൽകിയ നടപടികളിൽ ദുരൂഹതകൾ ഏറെയാണ്. ആദ്യ ഘട്ടത്തിൽ മണൽനീക്കം തടഞ്ഞ വനംവകുപ്പ് ചീഫ് സെക്രട്ടറി ആയിരുന്ന ടോം ജോസ് നേരിട്ട് ഇടപെട്ടതോടെ മൗനത്തിലായി. മണൽ നീക്കാൻ ഉത്തരവിടാൻ ദേവസ്വം സെക്രട്ടറിക്ക് അധികാരമുണ്ടോ എന്ന നിയമപ്രശ്നവും ഉയരുകയാണ്.

2018 ലെ പ്രളയത്തെ തുടർന്ന് പമ്പയില്‍ അടിഞ്ഞ് കൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കേരളാ ക്ലേയ്സ് ആൻഡ് സിറാമിക്സ് കമ്പനിയെ ചുമതലപ്പെടുത്തി ദേവസ്വം സെക്രട്ടറിയാണ് ഉത്തരവിറക്കിയത്  എന്നാൽ ദേവസ്വത്തിന്‍റെ പരിധിയിൽ വരുന്നതല്ല പമ്പയിൽ മണൽ അടിഞ്ഞുകൂടിയ ഭൂരിഭാഗം തീരവും. പെരിയാർ ടൈഗർ റിസർവ്വിൽ ഉൾപ്പെടുന്ന വനഭൂമിയിൽ നിന്ന് ഇവ നീക്കം ചെയ്യാൻ ദേവസ്വത്തിന് അധികാരമില്ലെന്നിരിക്കെ പ്രത്യേക ഉത്തരവ് ഇറക്കിയത് ദുരൂഹമാണ്. 

ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ പിന്നീട് ഇറക്കിയ ഉത്തരവിൽ അവശിഷ്ടങ്ങൾ പമ്പാതടത്തിൽ നിന്ന് നീക്കണമെന്ന് മാത്രമാണുള്ളത്. നിലക്കലിലേക്കോ, സമീപസ്ഥലങ്ങളിലേക്കോ അവശിഷ്ടം മാറ്റാമെന്നിരിക്കെ മണൽ നീക്കുന്നത് കോട്ടയം ജില്ലയിലെ എരുമേലിയിലേക്കാണ്. മണൽ നീക്കുന്ന കേരളാ ക്ലേയ്സിന് ആകട്ടെ ഈ രംഗത്ത് മുൻ പരിചയവുമില്ല. അവശിഷ്ടം നീക്കുന്നതിന്‍റെ മറവിൽ പമ്പയിലെ കോടികൾ വിലമതിക്കുന്ന മണൽ ശേഖരം രണ്ട് സ്വകാര്യ ഗ്രൂപ്പുകൾക്ക് കടത്താൻ സൗകര്യം ചെയ്യുന്നുവെന്ന ആരോപണം ഉയർന്നത് ഈ സാഹചര്യത്തിലാണ്.

ചീഫ്‌ സെക്രട്ടറി സ്ഥാനം ഒഴിയും മുൻപ് ടോം ജോസ് ഹെലികോപ്റ്ററിൽ എത്തി ഈ വിഷയത്തിൽ യോഗം വിളിച്ചതും വിവാദമാവുകയാണ്. വനംവകുപ്പിന്‍റെ കീഴിൽ വരുന്ന വിഷയമായിട്ടും ജില്ലയിൽ നടത്തിയ യോഗം മന്ത്രി കെ രാജു അറിഞ്ഞില്ല. മണൽ നീക്കുന്നത് സംബന്ധിച്ച് പുറത്തുവന്നിരിക്കുന്ന ഉത്തരവുകളിലും വൈരുധ്യങ്ങൾ ഏറെയാണ്. 

പമ്പാ-ത്രിവേണി നദിയിൽ നിന്നുള്ള മണ്ണും മണലും മാറ്റാനിറക്കിയ സർക്കാർ ഉത്തരവിൽ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. വിരമിക്കുന്നതിന്‍റെ തലേദിവസം ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപിയും പമ്പയിലേക്ക് ഹെലികോപ്റ്റർ യാത്ര നടത്തി പ്രത്യേകം യോഗം ചേർന്ന ശേഷമാണ് ഉത്തരവിറങ്ങിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. വനംവകുപ്പ് പോലും അറിയാതെയുള്ള നീക്കം ചില സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടിയാണെന്നാണ് ചെന്നിത്തലയുടെ വിമർശനം.