തവനൂരിൽ പുതിയ ആൾ വരട്ടെയെന്നും താനില്ലെങ്കിലും തവനൂരിൽ സിപിഎം ജയിക്കുമെന്നും കെ ടി ജലീൽ പറഞ്ഞു.
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെടി ജലീൽ എംഎൽഎ. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്ന് പറഞ്ഞ കെ ടി ജലീൽ അന്തിമ തീരുമാനം പാർട്ടിക്ക് എടുക്കാമെന്നും വ്യക്തമാക്കി. നാല് തവണ മത്സരിച്ച് നിയമസഭ അംഗമായി. തവനൂരിൽ പുതിയ ആൾ വരട്ടെയെന്നും താനില്ലെങ്കിലും തവനൂരിൽ സിപിഎം ജയിക്കുമെന്നും കെ ടി ജലീൽ പറഞ്ഞു.
‘ഞാനിപ്പോള്‍ 4 ടേം ആയല്ലോ, മലപ്പുറം ജില്ലയിൽ നിന്ന് 4 ടേം തുടര്‍ച്ചയായി പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇടതുപക്ഷ എംഎൽഎയാണ് ഞാൻ. ഇനി നമ്മള്‍ അവസരം മറ്റുളളവര്‍ക്കും കൊടുക്കാം എന്നാണ് എന്‍റെ വ്യക്തിപരമായ തീരുമാനം. അത് ഞാൻ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. മറ്റുള്ള ഒരുപാട് ആക്റ്റിവിറ്റീസ് ഉണ്ടല്ലോ. യാത്രകള്‍ ചെയ്യണം. ഞാൻ യാത്രകള്‍ ഇഷ്ടപ്പെടുന്ന ആളാണ്. ട്രാവലോഗുകള്‍ എഴുതണം. ഇതൊക്കെയാണ് എന്‍റെ താത്പര്യം. പക്ഷേ നമ്മുടെ വ്യക്തിപരമായ താത്പര്യത്തിനപ്പുറം പാര്‍ട്ടിയുടെ താത്പര്യം കൂടി ആത്യന്തികമായി പരിഗണിക്കണമല്ലോ.’ കെ ടി ജലീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘മത്സരിക്കുന്നില്ല എന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ വ്യക്തിപരമായ താത്പര്യങ്ങള്‍ക്കപ്പുറം പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്നവരുടെ താത്പര്യം നോക്കേണ്ടി വരും. പാര്‍ട്ടിക്ക്, എന്‍റെ സമ്മതത്തോട് കൂടി മത്സര രംഗത്ത് നിന്നും എന്നെ മാറ്റിനിര്‍ത്താനുള്ള ഒരവസരം ഞാൻ കൊടുത്തിരിക്കുകയാണ്. തവനൂര്‍ അങ്ങനെയൊരു നിയോജക മണ്ഡലമാണ്. മികച്ച ഒരാളെ കണ്ടെത്തി നിര്‍ത്തിയാൽ ആ മണ്ഡലം ഈസിയായിട്ടി പിടിക്കാൻ പറ്റും.’ തവനൂരിൽ ഇനി മത്സരിക്കുമോ എന്ന ചോദ്യത്തിന് ജലീൽ മറുപടി നൽകിയതിങ്ങനെയാണ്.

