Asianet News MalayalamAsianet News Malayalam

'തരില്ല രണ്ടില', ഉറച്ച് ജോസഫ്, പാലായിൽ ഇന്ന് സൂക്ഷ്മ പരിശോധന, അറിയാം 'ചിഹ്ന'മാർക്കെന്ന്

ജോസ് ടോം പുലിക്കുന്നേൽ യുഡിഎഫ് സ്വതന്ത്രനായി വരട്ടെ, എങ്കിൽ രണ്ടിലച്ചിഹ്നം കൊടുക്കാമെന്നാണ് ജോസഫിന്‍റെ വിമതൻ-കം-ഡമ്മി സ്ഥാനാർത്ഥി ജോസഫ് കണ്ടത്തിൽ പറയുന്നു. 

will not give two leaves symbol to jose k mani candidate says joseph scrutiny today
Author
Kottayam, First Published Sep 5, 2019, 8:24 AM IST

കോട്ടയം: പാലായിലെ നാമനിർദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കാനിരിക്കെ, രണ്ടിലച്ചിഹ്നത്തിന് ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ അവകാശവാദം ഉന്നയിച്ചാൽ എതിർക്കുമെന്ന് ജോസഫിന്‍റെ വിമത സ്ഥാനാർത്ഥി ജോസഫ് കണ്ടത്തിൽ. കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജോസ് ടോമിനെ അംഗീകരിക്കില്ലെന്നാണ് ജോസഫ് കണ്ടത്തിൽ പറയുന്നത്. ജോസ് ടോം യുഡിഎഫ് സ്വതന്ത്രനായി വരട്ടെ. അങ്ങനെയെങ്കിൽ മാത്രമേ പത്രിക പിൻവലിക്കൂ എന്നും ജോസഫ് കണ്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ചിഹ്നത്തിലും പത്രികയിലും കൃത്യമായ നിർദേശം പി ജെ ജോസഫ് നൽകിയിട്ടുണ്ടെന്നാണ് ജോസഫ് കണ്ടത്തിൽ പറഞ്ഞത്. തൊടുപുഴ മുൻസിഫ് കോടതിയിൽ ചിഹ്നവും പാർട്ടിയുടെ അധികാരപദവികളും സംബന്ധിച്ചുള്ള തർക്കങ്ങൾ ജോസഫ് കണ്ടത്തിൽ ഉന്നയിക്കും. 

രണ്ടില തര്‍ക്കത്തില്‍ കേരള കോൺഗ്രസ് എമ്മിലെ ജോസ് - ജോസഫ് പക്ഷങ്ങള്‍ക്ക് നിര്‍ണായകമാണ് ഇന്നത്തെ സൂക്ഷ്മ പരിശോധന. ചിഹ്നം ആവശ്യപ്പെട്ട് ജോസ് കെ മാണി പക്ഷം നേതാവ് സ്റ്റീഫൻ ജോര്‍ജ്ജാണ് ഫോം എയും ബിയും ഒപ്പിട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ഭരണഘടന പ്രകാരം ചെയര്‍മാന്‍റെ അസാന്നിധ്യത്തില്‍ ചിഹ്നം നല്‍കാനുള്ള അധികാരം വർക്കിംഗ് ചെയര്‍മാനാണെന്ന് ജോസഫ് പക്ഷം ചൂണ്ടിക്കാണിക്കും.

ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് തടഞ്ഞ് കൊണ്ടുള്ള കോടതി ഉത്തരവും ജോസഫ് വിഭാഗം വരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി പി ജെ ജോസഫ് നല്‍കിയ കത്തും വരണാധികാരിക്ക് മുൻപിലുണ്ട്. അതേസമയം സ്റ്റിയറിംഗ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തതെന്നാണ് ജോസ് പക്ഷം വരണാധികാരിയേയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറേയും അറിയിച്ചിരിക്കുന്നത്.

സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയ പ്രകാരം ചിഹ്നം ആവശ്യപ്പെട്ടുവെന്നാണ് ജോസ് പക്ഷം നേതാവ് സ്റ്റീഫൻ ജോര്‍ജ്ജ് വ്യക്തമാക്കിയത്. എന്തായാലും നിയമക്കുരുക്കിലുള്ള ചിഹ്നത്തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുൻപാകെയുള്ള ചെയര്‍മാൻ തര്‍ക്കവും കോടതിയിലെ കേസുകളും പാര്‍ട്ടി ഭരണ ഘടനയും പരിഗണിച്ചാകും വരണാധികാരിയുടെ തീരുമാനം എന്നാണ് വിവരം.

Follow Us:
Download App:
  • android
  • ios