Asianet News MalayalamAsianet News Malayalam

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാൻ ഓർഡിനൻസുമായി മുന്നോട്ടു പോകും: മന്ത്രി ബിന്ദു

ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചില്ലെങ്കിൽ സഭയിൽ ബില്ല് പാസാക്കുമെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വ്യക്തമാക്കി

Will remove governor as chancellor says Minister R Bindhu
Author
First Published Nov 10, 2022, 4:24 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള തീരുമാനവുമായി മുന്നോട്ട് തന്നെ പോകുമെന്ന് മന്ത്രി ആർ ബിന്ദു. ഗവർണർ തന്റെ ഉത്തരവാദിത്തം നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവകലാശാലകളിലെ ചാൻസലർമാരെ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരായിരിക്കും. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചില്ലെങ്കിൽ സഭയിൽ ബില്ല് പാസാക്കും. ഓർഡിനൻസിന്റെ കാര്യത്തിൽ അനിശ്ചിതത്വമില്ലെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ആർ ബിന്ദു വ്യക്തമാക്കി.

കേരളത്തിലെ സർക്കാർ സംഗീത - ഫൈൻ ആർട്സ് കോളേജുകളിലെ വിദ്യാർത്ഥികളുടെ യോജിച്ചുള്ള പ്രതിഭാവിഷ്കാരത്തിന് ആദ്യമായി വേദിയൊരുക്കി സ' 22 കലാസംഗീതസമന്വയം നവംബർ 12,13 (ശനി, ഞായർ)  തീയതികളിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് മന്ത്രി അറിയിച്ചു. സംഗീത-നാട്യ-നൃത്ത-വാദ്യോപകരണ കലകളുടെ സമന്വയമായ സ' 22 സർഗ്ഗവിരുന്ന് 12ന് രാവിലെ പത്തുമണിക്ക് മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. കലാവിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം കലാലയത്തോട് ചേർന്ന് തൊഴിലും നൽകുന്ന മിനി ഇൻഡസ്ട്രിയൽ യൂണിറ്റുകൾക്ക് ഫൈൻ ആർട്സ് കോളേജുകളിൽ ആരംഭമാവുന്നതിന്റെ പ്രഖ്യാപനവും മന്ത്രി ബിന്ദു നിർവ്വഹിക്കും. 

രണ്ടുദിവസവും രാവിലെ 10 മുതൽ രാത്രി 10 മണി വരെയാണ് സംഗീത-കലാവിരുന്ന്. അഡ്വ: വി. കെ. പ്രശാന്ത് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ഇഷിത റോയ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തും.ഫ്രീഡം വാൾ പദ്ധതിയ്ക്ക് നേതൃത്വം നൽകിയ വിവിധ കലാവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും. 

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സംഗീത-ഫൈൻ ആർട്സ്  കോളേജുകളായ സ്വാതി തിരുന്നാൾ സർക്കാർ സംഗീത കോളേജ് തിരുവനന്തപുരം, ആർ.എൽ.വി സംഗീത കോളേജ് തൃപ്പുണിത്തുറ, ചെമ്പൈ മെമ്മോറിയൽ സർക്കാർ സംഗീത കോളേജ് പാലക്കാട്, എസ്.ആർ.വി സംഗീത കോളേജ് തൃശ്ശൂർ, വിവിധ ഫൈൻ ആർട്സ് കോളേജുകൾ  എന്നിവിടങ്ങളിലെ മുന്നൂറോളം വിദ്യാർത്ഥികളും അദ്ധ്യാപകരുമാകും സ' 22-ലെ കലാവതാരകർ. സംഗീത കോളേജുകളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അവതരണങ്ങളും ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥികൾ നിർമ്മിച്ച ചിത്രങ്ങളുടെയും ശില്പങ്ങളുടെയും പ്രദർശനവുമാണ് ആകർഷണങ്ങൾ. 

സംഗീതകലാപഠനത്തിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിലെ കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നാല് സംഗീതകോളേജുകളാണ് നിലവിലുള്ളത്. സംഗീതകോളേജുകളുടെ നിലവാരം ഉയർത്തുന്നതിനും  വിദ്യാർത്ഥികൾക്ക്  പ്രമുഖ കലാകാരന്മാരുമായി സംവദിക്കുന്നതിനും പരസ്‌പരം വേദി പങ്കിടുന്നതിനും കോളേജുകളിൽ അവസരം  ഒരുക്കുന്നതിനായി സാധന, സംസ്കൃതി തുടങ്ങിയ സാംസ്കാരിക വിനിമയ പരിപാടികളും സംഗീതമേളയും തുടർച്ചയായി നടത്തിവരുന്നു. ഫൈൻ ആർട്സ്  കോളേജ് വിദ്യാർത്ഥികൾക്കായും കലാവിഷ്‌കാര വേദികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിവരുന്നുണ്ട്.

ഈ കലാവിഷ്‌കാരങ്ങൾ കോളേജുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന നില മാറ്റി പൊതുജനങ്ങൾക്ക് കൂടി ആസ്വാദനത്തിൽ പങ്കാളിത്തം നൽകാനാണ് സ' 22 ഒരുക്കുന്നത്. വരുംവർഷങ്ങളിൽ ദേശീയവും സാർവ്വദേശീയവുമായ കലാവിനിമയത്തിന് സംഗീത-ഫൈൻ ആർട്സ്  കോളേജുകളിലെ കലാകാരന്മാർക്ക് അവസരം ലഭിക്കുന്ന കലാസംഘാടനത്തിന് തുടക്കമായാണ് സ' 22.  

മിനി ഇൻഡസ്ട്രിയൽ യൂണിറ്റ്

ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് സ്ഥാപിക്കാൻ തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് ഓഫ് മ്യൂസിക്ക് ആൻഡ് ഫൈൻ ആർട്സിന് ഒരു കോടി രൂപയ്ക്ക് ഭരണാനുമതി ആയിട്ടുണ്ടെന്ന് മന്ത്രി ബിന്ദു അറിയിച്ചു. പൊതുസ്‌ഥലങ്ങളിൽ ഉപയോഗശൂന്യ വസ്തുക്കൾ കൊണ്ട് ശില്പങ്ങൾ നിർമ്മിച്ച് സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികളാണ് മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് ഏറ്റെടുക്കുക. ആർട്സ് ആൻഡ് സയൻസ് കോളേജുകളോട് ചേർന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണിത്. 

കലാലയങ്ങളിലെ സാഹചര്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പദ്ധതിയായി വിഭാവനംചെയ്യപ്പെട്ടിട്ടുള്ളതാണ് മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് പദ്ധതി. ബസ് സ്റ്റോപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, കെട്ടിടങ്ങളുടെ ഉൾഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് ശിൽപ്പനിർമ്മാണമാണ് മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് കൊണ്ട് കാര്യമായി ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക്, ഇ-വെയിസ്റ്റ്, ചില്ല് എന്നിവയടങ്ങുന്ന പാഴ്‌വസ്തുക്കൾ കൊണ്ട് കലാശില്പങ്ങൾ പണിത് ഇപ്പറഞ്ഞ ഇടങ്ങളിൽ സ്ഥാപിക്കുന്നതിലൂടെ 'പൂജ്യം മാലിന്യം' എന്ന ആശയം പ്രചരിപ്പിക്കാനും ഈയിടങ്ങളിൽ കൂടുതൽ ജനശ്രദ്ധയുണർത്താനും സാധിക്കും. 

മെറ്റൽ സ്ക്രബ്ബുകൾ, ഇ-മാലിന്യങ്ങൾ, ഓഫ്-കട്ട് വുഡ്, റബ്ബർ ഉൽപ്പന്നങ്ങൾ, സെറാമിക് കഷണങ്ങൾ മുതലായവ മോടിയുള്ളതും സുസ്ഥിരവുമായ മാധ്യമങ്ങളിൽ തിരഞ്ഞെടുത്ത് മേശപ്പുറത്തു വെക്കാവുന്ന ചെറുശില്പങ്ങൾ നിർമ്മിക്കാൻ കൂടിയാണ് മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് പദ്ധതി. അസംസ്കൃത വസ്തുക്കളിൽനിന്നും നിത്യോപയോഗ സാധനങ്ങളും കരകൗശലവസ്തുക്കളും ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി പങ്കാളികളാവുന്നവർക്ക് വരുമാനവുമേകും.

Follow Us:
Download App:
  • android
  • ios