മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ ഉറച്ച് നിൽക്കുന്നുവെന്ന് പരാതിക്കാരി. ബന്ധത്തിന് തെളിവുകളുണ്ടെന്നും ഏത് പരിശോധനക്കും തയ്യാറാണെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്കെതിരായ കേസ് നേരിടുമെന്നും പരാതിക്കാരി പ്രതികരിച്ചു.

മുംബൈയിലെ ഡാൻസ് ബാ‍‌ർ ജീവനക്കാരിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഓഷിവാര പൊലീസാണ് കേസെടുത്തിട്ടുള്ളത്. 

Read Also: പണം വാരിയെറിഞ്ഞു, സമ്മാനങ്ങള്‍ നല്‍കി; വിവാഹ വാഗ്ദാനത്തിലൂടെ ബഹുമാനം നേടി; ബിനോയ് കോടിയേരിക്കെതിരായ പരാതിയുടെ വിശദാംശങ്ങള്‍

ബിനോയ് കോടിയേരിയുടെ വിശദീകരണം

പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് വിശദീകരിച്ചു. താൻ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയിൽ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നറിയിച്ച ബിനോയ് വിശദീകരണവുമായി ഉടൻ മാധ്യമങ്ങളുടെ മുന്നിലെത്തുമെന്നും അറിയിച്ചു.

Read Also: പരാതിക്കാരിയെ അറിയാം, നടക്കുന്നത് ബ്ലാക്ക് മെയിലിംഗ് ശ്രമമെന്നും 5 കോടി ആവശ്യപ്പെട്ടെന്നും ബിനോയ്

അതേസമയം, കേസുമായി ബന്ധപ്പെട്ട കക്ഷികൾക്ക് മുന്നോട്ട് പോകാമെന്നും ഇത്തരം പരാതികൾ പാര്‍ട്ടി അറിയേണ്ട കാര്യമില്ലെന്നുമായിരുന്നു സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതികരണം. കേസും ബന്ധപ്പെട്ട കാര്യങ്ങളുമായി കക്ഷികൾക്ക് മുന്നോട്ട് പോകാം. ഇത്തരം പരാതികളിൽ ഒരുഘട്ടത്തിലും പാര്‍ട്ടിക്ക് ഇടപെടേണ്ട കാര്യം ഇല്ലെന്നും സിപിഎം നേതൃത്വം വിശദീകരിക്കുന്നു. 

Read Also:  ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്; സിപിഎം ഇടപെടില്ലെന്ന് കേന്ദ്ര നേതൃത്വം