'വരത്തനെന്ന വിളി കുറച്ചുകാലം കൂടി മാത്രം'; സുരേഷ് ഗോപി കണ്ണൂരില്‍ മത്സരിക്കുമോ? ചര്‍ച്ചയായി പ്രതികരണം
ലോക്സഭയിലേക്ക് തൃശ്ശൂരിൽ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറെന്ന് നടൻ നേരത്തെ വ്യക്തമാക്കിയിരുന്നു

കണ്ണൂര്‍: ലോക്സഭയിലേക്ക് കണ്ണൂരിൽ നിന്നും മത്സരിക്കാൻ തയ്യാറെന്ന സൂചന വീണ്ടും നൽകി സുരേഷ് ഗോപി. തന്നെ വരത്തനെന്ന് വിളിക്കാൻ കുറച്ചുകാലം കൂടി മാത്രം വടക്കുളളവർക്ക് അവസരമെന്ന് സുരേഷ് ഗോപി പയ്യന്നൂരിൽ പറഞ്ഞു. കുറച്ചുകാലം കഴിഞ്ഞാൽ താൻ നിങ്ങളുടെ സ്വന്തമായും വരാമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിൽ പെരുങ്കളിയാട്ട ധനസമാഹരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സുരേഷ് ഗോപി ഇത്തരമൊരു പ്രസ്താവന നടത്തിയത്. ലോക്സഭയിലേക്ക് തൃശ്ശൂരിൽ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറെന്ന് നടൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
ആലപ്പുഴയിലെ കുട്ടനാട്ടില്‍ ജനിച്ച് കൊല്ലത്ത് അച്ഛന്‍റെ നാട്ടില്‍ രണ്ടരവയസായപ്പോള്‍ കൊണ്ടുപോയി അവിടെ വളര്‍ന്ന് പഠിച്ച് ഒരു പൗരന്മായി മാറിയ ആളാണ് താനെന്ന് സുരേഷ് ഗോപി പറഞ്ഞു. പിന്നീട് തൊഴില്‍ തേടി ചെന്നൈയിലേക്ക് പോയി. ഒരു പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ട തമിഴ് ഭാഷ വിഹരിക്കുന്ന സ്ഥലത്ത് നാലു വര്‍ഷത്തെ അല്ലലുകളും വ്യാകുലതകള്‍ക്കുമിടയിലാണ് കരിയര്‍ നട്ടുവളര്‍ത്താനായത്. ഇന്ന് അത് നിങ്ങള്‍ക്കൊരു തണല്‍ മരമായി കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതിന് വളം നല്‍കി വെരുറപ്പിച്ചത് ചെന്നൈയാണ്. ഇന്ന് ജീവിതം ഉറപ്പിച്ചിരിക്കുന്നത് 33 വര്‍ഷമായി ഭാര്യ വീടുള്ള തിരുവനന്തപുരത്താണ്. തലസ്ഥാന നഗരിയില്‍നിന്നും തീര്‍ത്തും ഒരു തെക്കന് വേണമെങ്കില്‍ കുറച്ചുകാലത്തേക്ക് കൂടി വരത്തന്‍ എന്ന് നിങ്ങള്‍ക്ക് ചാര്‍ത്തി തരാന്‍ താന്‍ അവസരം നല്‍കുകയാണ്. കുറച്ചുകാലത്തേക്ക് കൂടിയാണെങ്കിലോ അതുകഴിഞ്ഞാലോ നിങ്ങളുടെ സ്വന്തം ആളെന്നനിലയില്‍ താന്‍ വളര്‍ന്നുവരുകയാണെങ്കില്‍ അഥ് ഏറ്റവും വലിയ സൗഭാഗ്യമായി മാറുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ഈ പ്രസ്താവനയോടെയാണ് കണ്ണൂരില്‍നിന്ന് സുരേഷ് ഗോപി കണ്ണൂരില്‍നിന്ന് മത്സരിച്ചേക്കുമെന്ന ചര്‍ച്ച വീണ്ടും സജീവമായത്.