'സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ അദ്ദേഹം ഒരിക്കലും പോകാൻ പാടില്ലെന്നാണ് കോൺഗ്രസ് നിലപാട്. അച്ചടക്കം എല്ലാവർക്കും ബാധകമാണ്' 

കൊച്ചി : എഐസിസി (AICC)വിലക്ക് ലംഘിച്ച് സിപിഎം (CPM) പാർട്ടി കോൺഗ്രസിൽ (CPM Party congress) കെവി തോമസ്(KV Thomas) പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അച്ചടക്കം എല്ലാവർക്കും ബാധകമാണ്. വിലക്ക് ലംഘിച്ചാൽ കെവി തോമസിനെതിരെ നടപടി വേണമെന്ന് എഐസിസിയോട് ആവശ്യപ്പെടും. താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാവർത്തിച്ച സുധാകരൻ, എന്താണ് ഭീഷണിയെന്ന് കെവി തോമസിനോട് ചോദിക്കണമെന്നും തിരിച്ചടിച്ചു. 

സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ കെ വി തോമസ് ഒരിക്കലും പോകാൻ പാടില്ലെന്നാണ് കോൺഗ്രസ് നിലപാട്. അങ്ങനെ ചെയ്താലത് കോൺഗ്രസിന് നഷ്ടമാണ്. അദ്ദേഹം പറഞ്ഞത് തിരുത്തട്ടേയെന്ന് പ്രാർത്ഥിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. ആരായാലും പാർട്ടിക്ക് വിധേയനാകണം. കെവി തോമസിന് അഹിതമായതൊന്നും കോൺഗ്രസ് ചെയ്തിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ അദ്ദേഹത്തെ അധിക്ഷേപിച്ച കോൺഗ്രസുകാർക്കെതിരെ നടപടി എടുക്കാൻ നേരത്തെ തീരുമാനിച്ചതാണ്. ഇക്കാര്യം കെവി തോമസിനോട് പറഞ്ഞിരുന്നുവെന്നും സുധാകരൻ പറഞ്ഞു. 

വിലക്കുകള്‍ തള്ളി സിപിഎം പാർട്ടി കോൺ​ഗ്രസിൻ്റെ ഭാ​ഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്നാണ് ഇന്ന് കെ വി തോമസ് വ്യക്തമാക്കിയത്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു പ്രവ‍ർത്തിക്കണമെന്നും സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാർട്ടിയിൽ ചേരാനല്ലെന്നും എം കെ സ്റ്റാലിനൊപ്പം സെമിനാറിൽ പങ്കെടുക്കാനാണെന്നുമായിരുന്നു തോമസ് വിശദീകരിച്ചത്. ഒരു മനുഷ്യനെ അപമാനിക്കാവുന്നതിൻ്റെ പരമാവധി തന്നെ അപമാനിച്ചു. ഇനിയും അതിനു നിന്നു കൊടുക്കാൻ വയ്യെന്നും കെ വി തോമസ് പറയുന്നു. 2018 ന് ശേഷം എനിക്ക് രാഹുൽ ഗാന്ധിയെ കാണാൻ അനുവാദം ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയെ കണ്ടാൽ എന്നെ ബിജെപിയായും യെച്ചൂരിയെ കണ്ടാൽ സിപിഎമ്മായും ചിത്രീകരിക്കുന്ന അവസ്ഥയാണെന്നും തോമസ് പറഞ്ഞു. 

പുറത്താക്കാൻ കേരളാ നേതാക്കൾക്ക് കഴിയില്ലെന്ന് കെവി തോമസ്, അച്ചടക്കം എല്ലാവർക്കും ബാധകമെന്ന് സുധാകരൻ

സെമിനാറിൽ പങ്കെടുത്താൽ പാർട്ടിയിൽ നിന്നു പുറത്താക്കും എന്ന ഭീഷണിയാണ് ഞാൻ നേരിട്ടത്. ജന്മം കൊണ്ട് കോൺ​ഗ്രസുകാരനാണ് ഞാൻ. എന്നും പാർട്ടി അച്ചടക്കം പാലിച്ചയാളാണ്. ചില പ്രത്യേക സാഹചര്യത്തിൽ കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും രണ്ട്തട്ടിലാണുള്ളത്. അതുമാറ്റി നിർത്തി ദേശീയസാഹചര്യം മനസിലാക്കി മുന്നോട്ട് പോകണം. ഞാൻ പോകുന്നത് സിപിഎമ്മിലേക്കല്ല. ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനാണ്. ദേശീയ സാഹചര്യം മനസിലാക്കണമെന്നും കെ വി തോമസ് വിശദീകരിച്ചു. 

കെവി തോമസിനെ സ്വാഗതം ചെയ്ത് സിപിഎം, സുധാകരന്റേത് തിരുമണ്ടൻ തീരുമാനമെന്ന് എംവി ജയരാജൻ