സംസ്ഥാനത്തെ ഡ്രൈ ഡേ ഒഴിവാക്കുമോ? കേരളീയം വേദിയിൽ മറുപടിയുമായി മന്ത്രി
വിനോദസഞ്ചാരത്തിനായി എല്ലാ മേഖലയെയും പരിഗണിച്ചുകൊണ്ടുള്ള 'മിഷന്‍ 2030' മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാര്‍ അടുത്ത വര്‍ഷം കൊണ്ടുവരുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കുമോ എന്ന ചോദ്യത്തിന് കേരളീയം വേദിയില്‍ മറുപടി നൽകി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഡ്രൈ ഡേ ഒഴിവാക്കുന്നത് തദ്ദേശ വകുപ്പുമായടക്കം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഡ്രൈ അടക്കമുള്ള വിഷയങ്ങളില്‍നയങ്ങളും നിര്‍ദേശങ്ങളും അടങ്ങുന്ന മാസ്റ്റര്‍പ്ലാന്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളീയം പരിപാടിയുടെ ഭാഗമായി 'കേരളത്തിലെ വിനോദസഞ്ചാര മേഖല' എന്ന സെമിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
വിനോദസഞ്ചാരത്തിനായി എല്ലാ മേഖലയെയും പരിഗണിച്ചുകൊണ്ടുള്ള 'മിഷന്‍ 2030' മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാര്‍ അടുത്ത വര്‍ഷം കൊണ്ടുവരുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ടൂറിസം മേഖലയില്‍ സ്വകാര്യ നിക്ഷേപം വന്‍തോതില്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ അടുത്ത വര്‍ഷം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടത് പ്രധാനമാണെന്നും സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ മാത്രമേ ആഗോളതലത്തില്‍ കേരള ടൂറിസത്തിനുള്ള ഇടം സുസ്ഥിരമാക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.
നവംബര്‍ 16ന് നടക്കുന്ന ടൂറിസം നിക്ഷേപക സംഗമം സ്വകാര്യ നിക്ഷേപകര്‍ക്ക് പുതിയ ആശയങ്ങളും അവസരങ്ങളും ചര്‍ച്ച ചെയ്യുന്നതിന് വഴിയൊരുക്കും. പൊതു-സ്വകാര്യ പങ്കാളിത്ത സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ഇപ്പോഴും ടൂറിസം മേഖലയ്ക്ക് കഴിഞ്ഞിട്ടില്ല. സ്വകാര്യ നിക്ഷേപത്തിന് വലിയ സാധ്യതയാണ് ടൂറിസം മേഖലയിലുള്ളത്. വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് പൊതു-സ്വകാര്യ മാതൃകയ്ക്ക് ഉദാഹരണമാണ്.
സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ ഹെലി ടൂറിസവും ക്രൂയിസ് ടൂറിസവും 2024-ല്‍ ആരംഭിക്കും. ചാലിയാര്‍ നദിക്ക് കുറുകെ നവീകരിച്ച 132 വര്‍ഷം പഴക്കമുള്ള ഫറോക്ക് പാലം ഡിസൈന്‍ പോളിസിക്ക് അനുസൃതമായി 2024 ല്‍ സംസ്ഥാനത്തിന് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ആലുവയില്‍ മറ്റൊരു പാലത്തിന്‍റെ പണി 2024 ല്‍ ആരംഭിക്കും. പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതികളെല്ലാം നടപ്പാക്കുന്നത്. നൂതന പദ്ധതികള്‍ ആവിഷ്കരിക്കുന്ന 'കേരള മോഡല്‍' ലോകമെമ്പാടും അനുകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.