നെഹ്റു ട്രോഫി വള്ളം കളി നടക്കുമോ? ക്ലബ്ബുകൾ വൻ സാമ്പത്തിക പ്രതിസന്ധിയിൽ, വള്ളം കളി നടത്തുന്നതിൽ അനിശ്ചിതത്വം
ജില്ലാ ഭരണകൂടമൊ സർക്കാരോ വള്ളം കളിയുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ക്ലബ്ബുകളുമായി നടത്തിയിട്ടില്ല
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളി നടത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മാറ്റി വച്ച വള്ളംകളി എന്ന് നടത്തുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ല. സർക്കാർ തീരുമാനം വരാത്തതോടെ പരിശീലനത്തിനായി ലക്ഷങ്ങൾ മുടക്കിയ ക്ലബ്ബുകൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ആഗസ്റ്റ് പത്തിന് നടക്കേണ്ട നെഹ്‌റു ട്രോഫി വള്ളംകളിയാണ് വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മാറ്റി വച്ചത്.
എന്നാൽ, വള്ളംകളി നടത്തുന്നുണ്ടോയെന്നും ഉണ്ടെങ്കിൽ എന്നാണ് എന്നത് സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെ ആയിട്ടില്ല. മൂന്ന് മാസത്തോളം നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് ഓരോ ക്ലബും മത്സരത്തിനൊരുങ്ങുന്നത്. 120 ഓളം ആളുകൾ പങ്കെടുക്കുന്ന പരിശീലന ക്യാമ്പുകൾ, തുഴച്ചിൽ കാർക്കുള്ള പ്രത്യേക പരിശീലനം ഭക്ഷണം അങ്ങനെ 80 ലക്ഷത്തോളം രൂപ ഓരോ ക്ലബ്ബുകൾക്കും ചിലവ് വരുന്നുണ്ട്.
വള്ളം കളി മാറ്റിവച്ചതോടെ വലിയ സാമ്പത്തിക നഷ്ടത്തിലാണ് ക്ലബ്ബുകൾ. ഇനി വീണ്ടും മത്സരത്തിന് ഇറങ്ങണമെങ്കിലും എല്ലാം ഒന്നുമുതൽ തുടങ്ങണം. ഇതിനും വലിയ ചിലവ് വഹിക്കണം. വള്ളംകളി എന്നു നടത്തും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതാണ് ക്ലബ്ബുകളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.
കേരള ബോട്ട് ക്ലബ് അസോസിയേഷൻ ഉൾപ്പടെ ഉള്ള സംഘടനകൾ ഓഗസ്റ്റിൽ തന്നെ വള്ളം കളി നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാ ഭരണകൂടമൊ സർക്കാരോ വള്ളം കളിയുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ക്ലബ്ബുകളുമായി നടത്തിയിട്ടില്ല. ദിവസങ്ങൾ പിന്നിട്ടിട്ടും വള്ളംകളി എന്ന് നടത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിട്ടുണ്ട്.