കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 5 ശതമാനം കൂടിയെന്നാണ് സർക്കാർ കണക്ക്. ഗുരുതര രോഗികളുടെ എണ്ണവും ഉയരുകയാണ്.

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ (Covid) എണ്ണത്തിലെ കുതിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ഗുരുതര രോഗികളുടെ എണ്ണത്തിലും പ്രതിഫലിച്ചു തുടങ്ങി. പ്രതിദിന കേസുകളിലെ വർധനവ് 45 ശതമാനമായാണ് കുത്തനെ ഉയർന്നത്. കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 5 ശതമാനം കൂടിയെന്നാണ് സർക്കാർ കണക്ക്. ഗുരുതര രോഗികളുടെ എണ്ണവും ഉയരുകയാണ്.

ജനുവരി 1ന് 2435 ഉണ്ടായിരുന്ന പ്രതിദിന കേസുകൾ ഇന്നലെ 5296 ലേക്കെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഒന്നാം തിയതിയിലെ 169ൽ നിന്ന് ഇന്നലെ 240 ആയി ഉയർന്നു. ഒന്നാം തിയതി 18,904 പേർ ചികിത്സയിലുണ്ടായിരുന്നത് ഇന്നലെ 27,895 ആയി. മുൻ ആഴ്ച്ചയെ അപേക്ഷിച്ച് പ്രതിദിന കേസുകളിലുണ്ടായത് 45 ശതമാനത്തിന്റെ വർധനവാണ്. ഇതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം മുൻ ആഴ്ച്ചത്തെ അപേക്ഷിച്ച് 5 ശതമാനം കൂടിയത്. മുൻ ആഴ്ച്ചയിൽ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ തോത് 1.9 ശതമാനം ആയിരുന്നു. ഇത് ഈയാഴ്ച്ചയിൽ 2.1 ശതമാനം ആയി. വെന്റിലേറ്ററിലും ഐസിയുവിലും ഉള്ള രോഗികളുടെ എണ്ണം കുത്തനെ കൂടിയിട്ടില്ല. പക്ഷെ കുത്തനെ താഴക്ക് വന്നിരുന്ന ഈ കണക്കുകൾ പതിയെ ഉയരാൻ തുടങ്ങി. ഈ കണക്കിലെ കുതിപ്പ് ഒന്നോ ഒന്നരയോ ആഴ്ച്ചക്കുള്ളിൽ പ്രതിഫലിച്ചേക്കും. നിലവിൽ 418 രോഗികൾ ഐസിയുവിലും 145 രോഗികൾ വെന്റിലേറ്ററിലും ചികിത്സയിലുണ്ട്.

ഒമിക്രോൺ വകഭേദം രോഗികളുടെ ഗുരുതരാവസ്ഥയിലെത്തിക്കുന്നില്ല എന്ന പ്രാഥമിക വിവരങ്ങളിലാണ് പൊതുവിലുള്ള ആശ്വാസം. നിലവിൽ കേസുകളുയരുന്നതിന് പിന്നിൽ ഒമിക്രോൺ ആണെങ്കിലും അല്ലെങ്കിലും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം ഉയരുമോയെന്നതാണ് പ്രധാനം.