Asianet News MalayalamAsianet News Malayalam

ദേശീയ നേതാവിന്റെ പ്രഭാവം: ആലപ്പുഴയിൽ വിജയ പ്രതീക്ഷയിൽ കോൺഗ്രസ്

1996 മുതൽ ആലപ്പുഴയിൽ നിറസാന്നിധ്യമാണ് കെ.സി വേണു​ഗോപാൽ. മൂന്നു വട്ടം എം.എൽ.എയും രണ്ട് തവണ എം.പിയുമായ കെ.സി വേണു​ഗോപാൽ കോൺ​ഗ്രസിന് ഉറപ്പുള്ള സ്ഥാനാർത്ഥികളിൽ ഒരാളുമാണ്

With K C Venugopal confident to win Alappuzha
Author
First Published Apr 22, 2024, 4:20 PM IST

ആലപ്പുഴ ലോക് സഭ തെരഞ്ഞെടുപ്പിൽ വിജയിക്കുമോ എന്ന ചോദ്യത്തിന്, ആലപ്പുഴ മാത്രമല്ല കേരളം മുഴുവൻ കോൺ​ഗ്രസ് തൂത്തുവാരുമെന്നാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി കെ.സി. വേണു​ഗോപാൽ ഉറപ്പിച്ചു പറയുന്നത്.

കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് നഷ്ടമായ ഒരേയൊരു സീറ്റാണ് ആലപ്പുഴ. തുടർച്ചയായ രണ്ടു തവണ മണ്ഡലത്തിൽ ജയിച്ച കെ.സി വേണു​ഗോപാൽ ദേശീയ നേതൃത്വത്തിലേക്ക് പോയത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നാണ് വിലയിരുത്തൽ. ഇത്തവണ ആശങ്കകളില്ല, ദേശീയ നേതാവ് എന്ന പ്രഭാവത്തിൽ കെ.സി വേണു​ഗോപാൽ ആലപ്പുഴയിൽ വീണ്ടും ജനവിധി തേടുകയാണ്.

1996 മുതൽ ആലപ്പുഴയിൽ നിറസാന്നിധ്യമാണ് കെ.സി വേണു​ഗോപാൽ. മൂന്നു വട്ടം എം.എൽ.എയും രണ്ട് തവണ എം.പിയുമായ കെ.സി വേണു​ഗോപാൽ കോൺ​ഗ്രസിന് ഉറപ്പുള്ള സ്ഥാനാർത്ഥികളിൽ ഒരാളുമാണ്.

ദേശീയ നേതാവിന്റെ പ്രഭാവം

കെ.സി വേണു​ഗോപാലിന്റെ സ്ഥാനാർത്ഥിത്വം ആലപ്പുഴയെ ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചു കഴിഞ്ഞു. ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തപ്പെട്ട ശേഷം കോൺ​ഗ്രസ് രാജ്യത്ത് സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെയും വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ തന്ത്രങ്ങളുടെയും മുഖം തന്നെ കെ.സി വേണു​ഗോപാലായിരുന്നു.

ഇന്ത്യ മുന്നണിയുടെ കോർഡിനേഷൻ കമ്മിറ്റിയുടെ സുപ്രധാന ചുമതലയും കോൺ​ഗ്രസിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമാണ് കെ.സി വേണു​ഗോപാൽ. രാജ്യസഭയിൽ എംപിയുമാണ്. ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിൽ സജീവമായിരുന്ന കെ.സി വേണു​ഗോപാൽ, എം.കെ സ്റ്റാലിൻ മുതൽ അരവിന്ദ് കെജരിവാൾ വരെയുള്ള നേതാക്കളുമായി നിരന്തരം സംവദിച്ചു.

രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കോൺ​ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ മുഖ്യ സംഘാടകനും കെ.സി വേണു​ഗോപാൽ ആയിരുന്നു. കശ്മീർ മുതൽ കന്യാകുമാരി വരെ നീണ്ട യാത്രയിൽ രാഹുൽ ​ഗാന്ധിക്കൊപ്പം നൂറു ദിവസം ഒപ്പം നടന്നു കെ.സി വേണു​ഗോപാൽ.

പ്രതിപക്ഷ ഐക്യം നിലനിർത്താൻ കെ.സി വേണു​ഗോപാൽ നടത്തിയ ചുവടുവെപ്പുകൾ ശ്രദ്ധേയമാണ്. ഇത് ദേശീയ നേതാവ് എന്ന നിരയിലേക്ക് ജനങ്ങൾക്ക് ഇടയിൽ അ​ദ്ദേഹത്തെ അതിവേ​ഗം ഉയർത്തി. 2016-ലെ ​ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ക്രീനിങ് കമ്മിറ്റി ചെയർമാനായിരുന്ന കെ.സി തർക്കങ്ങളൊഴിവാക്കി സീറ്റു വിഭജനം പൂർത്തിയാക്കി. ഇതോടെ കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി കെ.സിയെ രാഹുൽ ​ഗാന്ധി നിയോ​ഗിച്ചു. ബി.ജെ.പി സംസ്ഥാനത്തെ വലിയ ഒറ്റക്കക്ഷിയായെങ്കിലും ജനതാ​ദളിന് പിന്തുണ നൽകി കോൺ​ഗ്രസ് അധികാരം പിടിച്ചു. ഇത് കെ.സി വേണു​ഗോപാലിന്റെ ഇടപെടലിന്റെ വിജയമായിരുന്നു.

മഹാരാഷ്ട്രയിൽ 2019-ലെ തെരഞ്ഞെടുപ്പിൽ ശിവസേന, എൻ.സി.പി കക്ഷികളെ കൂട്ടുപിടിച്ച് മഹാവികാസ് അഘാഡിയുണ്ടാക്കി ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റിയതും കെ.സി വേണു​ഗോപാലിന്റെ രാഷ്ട്രീയതന്ത്രമായിരുന്നു. കർണാടകം, തെലങ്കാന, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിൽ കോൺ​ഗ്രസിന്റെ തിരിച്ചുവരവ് കെ.സി വേണു​ഗോപാലിന്റെ ഇടപെടലുകളുടെ കൂടെ ഫലമായിട്ടായിരുന്നു.

തുടരുന്ന സമരങ്ങൾ

മുഖ്യ പ്രതിപക്ഷ നേതാക്കളിൽ ഒരാൾ എന്ന നിലയിൽ കോൺ​ഗ്രസിന്റെ സമരങ്ങളിൽ മുൻനിരയിലായിരുന്നു കെ.സി വേണു​ഗോപാൽ. പൗരത്വഭേദ​ഗതി നിയമം, ഇന്ധനവിലവർധന എന്നിവയിൽ പ്രതിഷേധിച്ചുള്ള സമരങ്ങളുടെ മുൻ പന്തിയിലായിരുന്നു കെ.സി വേണു​ഗോപാൽ. ​ഗാൽവനിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർക്ക് വിരുദ്ധമായ കേന്ദ്ര സർക്കാർ നടപടികൾക്ക് എതിരെ പാർലമെന്റിൽ കെ.സി വേണു​ഗോപാൽ ശബ്ദമുയർത്തി.

പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിച്ചതിന് എതിരെ ശക്തമായ പ്രതിഷേധമാണ് കെ.സി വേണു​ഗോപാൽ രാജ്യസഭയിൽ നടത്തിയത്. വിമാനത്താവളങ്ങൾ അദാനിക്ക് കൈമാറിയതിന് എതിരെയും പ്രതിഷേധിച്ചു. പൊതുമേഖല ഇൻഷുറൻസ് കമ്പനികളിലെ വിദേശനിക്ഷേപത്തിന് എതിരെയും പെ​ഗാസസ് സോഫ്റ്റ് വെയർ ഉപയോ​ഗിച്ച് ഫോൺ ഹാക്കിങ്ങിന് ശ്രമിച്ചതും കെ.സി ഉയർത്തിക്കാട്ടി.

മ്യാന്മറിൽ തടവിലായ മലയാളികൾ ഉൾപ്പെട്ടെ ഇന്ത്യൻ പൗരന്മാരുടെ മോചനത്തിനായി വാദിച്ച കെ.സി വേണു​ഗോപാൽ, കേരളത്തിന് അർഹമായ എയിംസ് ആശുപത്രി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

മോദിയുടെ ഇസ്രായേൽ അനുകൂല നിലപാടിന് എതിയും കെ.സി ശബ്ദമുയർത്തി. വിലക്കയറ്റത്തിന് എതിരെ ജൻ ജാ​ഗരൺ അഭിയാൻ യാത്രകൾ സംഘടിപ്പിച്ചു. മണിപ്പൂരിൽ നടന്ന കലാപത്തിന് എതിരെയും ക്രൈസ്തവർക്ക് നേർക്ക് രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലുണ്ടായ അതിക്രമങ്ങൾക്ക് എതിരെയും ശക്തമായ ഭാഷയിൽ പ്രതിഷേധിച്ചു.

കൊവിഡ് പോരാട്ടത്തിന്റെ മുന്നിലുണ്ടായിരുന്ന ആരോ​ഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ് ലഭ്യമാക്കാൻ ആദ്യം ഇടപെടൽ നടത്തിയത് കെ.സി വേണു​ഗോപാലാണ്. മത്സ്യത്തൊഴിലാളികളുടെ പെൻഷന് വേണ്ടിയും സംസ്ഥാന സർക്കാരിന് എതിരെ കെ.സി പ്രതിഷേധിച്ചു. പാർലമെന്റിലും പുറത്തും കെ.സി നടത്തിയ പ്രവർത്തനങ്ങൾ ആലപ്പുഴയിൽ വോട്ടായി മാറുമെന്നാണ് കോൺ​ഗ്രസിന്റെ പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios