പുതുച്ചേരിയിൽ ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥി കോൺഗ്രസിന്‍റെ വി വൈത്തിലിംഗമാണ്. അദ്ദേഹത്തിന്‍റെ റാലികളിൽ സിപിഎം കൊടി പാറുന്നുണ്ട്.
കണ്ണൂർ: ഒരേ മണ്ഡലത്തിൽ രണ്ട് നിലപാടെടുക്കേണ്ട ആശയക്കുഴപ്പത്തിലാണ് പുതുച്ചേരിയിൽ സിപിഎം. ഇന്ത്യ മുന്നണിയിലെങ്കിലും മാഹിയിലെത്തുമ്പോൾ അത് മറക്കണം. കേരളത്തിൽ തിരിച്ചടിയാകുമെന്ന് കണ്ട് മാഹിയിൽ കോൺഗ്രസിന് വോട്ടുപിടിക്കാൻ സിപിഎമ്മില്ല.
പുതുച്ചേരിയിൽ ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥി കോൺഗ്രസിന്‍റെ വി വൈത്തിലിംഗമാണ്. മുൻ മുഖ്യമന്ത്രിയും സിറ്റിങ് എംപിയുമാണ് അദ്ദേഹം അദ്ദേഹത്തിന്‍റെ റാലികളിൽ സിപിഎം കൊടി പാറുന്നുണ്ട്. അവിടെ ഒറ്റക്കെട്ടെങ്കിൽ മാഹിയിൽ ഒറ്റയ്കക്കൊറ്റയ്ക്കാണ്. ഒരേ മണ്ഡലത്തിൽ രണ്ട് നിലപാടെടുക്കേണ്ട സ്ഥിതിയിലാണ് ഇടത്. വടകര മണ്ഡലം അതിരിടുന്ന മാഹിയിൽ കോൺഗ്രസിനൊപ്പം നിന്നാൽ അത് തിരിച്ചടിക്കുമെന്ന ആശങ്കയാണ് കാരണം.
സ്വതന്ത്രനെ പിന്തുണയ്ക്കാനുളള ആലോചനയിലായിരുന്നു മാഹിയിലെ സിപിഎം. കഴിഞ്ഞ തവണ കമലഹാസന്‍റെ പാർട്ടിയ്ക്കൊപ്പം നിന്നത് പോലെ. എന്നാൽ സംസ്ഥാന നേതൃത്വം പിന്തിരിപ്പിച്ചു. പ്രചാരണത്തിന് ഇറങ്ങാനാവില്ലെങ്കിൽ പിന്നെ മാഹിയിലെ ഇടതുപ്രവർത്തകർ ഈ തെരഞ്ഞെടുപ്പുകാലത്ത് എന്ത് ചെയ്യും? അവർ വടകരയിലേക്ക് പ്രചാരണം വ്യാപിപ്പിച്ചേക്കും.
