2020 ജനുവരി മുതല്‍ സംസ്ഥാനത്ത് പലവിധത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായത് 43 ഡോക്ടര്‍മാരാണ്. ഇതില്‍ പത്ത് കേസുകളിലെ പ്രതികള്‍ ഇന്നും കാണാമറയത്താണ്. 

തിരുവനന്തപുരം: ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടായത് 43 അതിക്രമങ്ങള്‍. ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കിയിട്ടും കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ജാമ്യത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കേരളത്തില്‍ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. പക്ഷേ ഇവിടെ ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല.

2020 ജനുവരി മുതല്‍ സംസ്ഥാനത്ത് പലവിധത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായത് 43 ഡോക്ടര്‍മാരാണ്. ഇതില്‍ പത്ത് കേസുകളിലെ പ്രതികള്‍ ഇന്നും കാണാമറയത്താണ്. ആശുപത്രി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാലും കുറ്റപത്രം യഥാസമയം നല്‍കാതെയും വിചാരണ വൈകിപ്പിച്ചും പ്രതികളെ സ്വാഭാവിക ജാമ്യത്തിലെത്തിച്ച് സഹായിക്കും നമ്മുടെ പൊലീസ്. 43 കേസുകളില്‍ ഒരാള്‍ പോലും ശിക്ഷ അനുഭവിച്ചിട്ടില്ല. മാവേലിക്കരയില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റ കേസില്‍ പകര്‍ച്ച വ്യാധി നിരോധന നിയമം ഉള്‍പ്പടെ ശക്തമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. 

ആശുപത്രി സംരക്ഷണ നിയമം ചുമത്താത്ത പത്ത് കേസുകളാണ് എടുത്തിട്ടുള്ളത്. പൊലീസ് ആക്ടിലെ 80 ആം വകുപ്പ് പ്രകാരം നമ്മുടെ ആശുപത്രികളെല്ലാം പ്രത്യേക സുരക്ഷാ മേഖലയിലാണെന്ന് പറയുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഒഴികെ അത്യാഹിത വിഭാഗമുള്ള സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലൊന്നിലും പൊലിസ് സംരക്ഷണവുമില്ല. ഡോക്ടര്‍മാരെ കൂടാതെ 77 മറ്റ് ആരോഗ്യപ്രവര്‍ത്തകരും പലതരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് കണക്ക്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.