കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇന്ന് തുടരും. നടി ബിന്ദു പണിക്കർ, നടൻമാരായ സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ എന്നിവരുടെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കേണ്ടത്. സാക്ഷി വാസ്താരത്തിന് ഹാജരാകാതിരുന്ന കുഞ്ചാക്കോ ബോബന് നേരത്തെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഇതുവരെ 39 പേരുടെ സാക്ഷി വിസ്താരമാണ് പ്രത്യേക കോടതിയിൽ നടന്നത്. സാക്ഷി വിസ്താരത്തിന്‍റെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ വരുന്നത് ചോദ്യം ചെയ്ത് എട്ടാം പ്രതി ദിലീപ് നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഇടവേള ബാബു കൂറ് മാറിയെന്ന് വാർത്ത പുറത്ത് വന്നതിന് പിറകെയാണ് ഹർജി നൽകിയത്.

നേരത്തെ, പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാലാണ് സിദ്ദിഖിന്‍റെയും ബിന്ദു പണിക്കരുടെയും വിസ്താരം ഇന്നത്തേക്ക് മാറ്റിയത്. കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം നടന്ന വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് ബാബു പിൻമാറി. ദിലീപിന് അനുകൂലമായിട്ടായിരുന്നു ഇടവേള ബാബുവിന്‍റെ കൂറുമാറ്റം.

ഇതോടെ  സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. കേസില്‍ ആദ്യമായിട്ടായിരുന്നു ഒരു സാക്ഷി കൂറുമാറുന്നത്. ദീലീപ് തന്‍റെ  സിനിമാ അവസരങ്ങൾ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ബാബുവിന്‍റെ മുൻ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും മൊഴിയിലുണ്ടായിരുന്നു.

താര സംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന റിഹേഴ്സൽ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ സംഭവവും മൊഴിയിലുൾപ്പെടുത്തിയിരുന്നു. എന്നാൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിനിടെ ഇടവേള ബാബു പഴയ നിലപാട് തള്ളിപ്പറഞ്ഞു.